ഹരാരെ: സിംബാബ്‌വേക്കെതിരെ ഇന്നലെ നടന്ന മൂന്നാം 20-20 മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ കണ്ണില്‍ ബെയ്ല്‍സ് കൊണ്ടു. കാഴ്ചയ്ക്ക് തകരാറ് പറ്റാതെ ധോണി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. അവസാന ഓവറുകളില്‍ ഇന്ത്യയുടെ റണ്‍ നിരക്ക് അടിയന്തിരമായി വര്‍ദ്ധിപ്പിക്കേണ്ട അവസരത്തിലാണ് ധോണി ക്രീസിലെത്തിയത്.
സിംബാബ്‌വേ ഫാസ്റ്റ് ബൗളര്‍ ഡൊണാള്‍ഡ് ട്രിപ്പാനോയുടെ പന്തില്‍ അറ്റാക്കിംഗ് ഷോട്ട് കളിക്കാന്‍ ശ്രമിച്ച ധോണിക്ക് പിഴച്ചു. ബാറ്റിന്‍റെ എഡ്ജില്‍ക്കൊണ്ട പന്ത് പതിച്ചത് സ്റ്റമ്പിലാണ്. സ്റ്റമ്പിലിരുന്ന ബെയ്ല്‍സ് തെറിച്ച് വന്ന് കൊണ്ടതാകട്ടെ ധോണിയുടെ വലതു കണ്ണിലും. 13 പന്തില്‍ 9 റണ്‍സെടുത്ത ധോണി പുറത്താകുകയും കണ്ണിന് ചെറിയ പരിക്കേല്‍ക്കുകയും ചെയ്തു.
ചുവന്നുതുടുത്ത കണ്ണിന്റെ ചിത്രം ധോണി തന്നെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. എന്നാല്‍ പിന്നീട് വേദന മറന്ന് വിക്കറ്റ് കാക്കാന്‍ ധോണി ഇറങ്ങുകയും ചെയ്തു. 2012ല്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ മാര്‍ക്ക് ബൗച്ചര്‍ സമാനമായൊരു അപകടത്തെത്തുടര്‍ന്ന് കരിയര്‍ അവസാനിപ്പിച്ചിരുന്നു.
ദക്ഷിണാണാഫ്രക്കയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെ സോമര്‍സെറ്റിനെതിരായ പരിശീലന മത്സരത്തില്‍ കീപ്പ് ചെയ്യുന്നതിനിടെ വിക്കറ്റില്‍ പന്ത് കൊണ്ടപ്പോള്‍ തെറിച്ച ബെയ്ല്‍ ബൗച്ചറുടെ ഇടതുകണ്ണിലാണ് കൊണ്ടത്. ഗുരുതരമായി പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായ ബൗച്ചര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയായിരുന്നു.
Post Your Comments