ശ്രീഹരിക്കോട്ട: ഒറ്റയടിക്ക് 20 ഉപഗ്രഹങ്ങള്‍ വഹിച്ച് ഐ.എസ്.ആര്‍.ഒ നടത്തിയ പി.എസ്.എല്‍.വി വിക്ഷേപണം വിജയകരം. പി.എസ്.എല്‍.വിയില്‍ അര്‍പ്പിച്ച വിശ്വാസം അതേപോലെ കാത്ത് പിഎസ്‌എല്‍വി സി34 വിദേശരാജ്യങ്ങളുടേതുള്‍പ്പെടെയുള്ള ഉപഗ്രഹങ്ങളാണ് ബഹിരാകാശത്തെത്തിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് രാവിലെ 9.26 നായിരുന്നു വിക്ഷേപം. 48 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ തിങ്കള്‍ രാവിലെയാണ് ആരംഭിച്ചത്. പി.എസ്.എല്‍.വിയുടെ 36-ാമത്തെ ദൗത്യമാണ് ഇത്.
യു.എസ്, കാനഡ, ജര്‍മനി, ഇന്തൊനീഷ്യ എന്നിവിങ്ങളിലെ ഉപഗ്രഹങ്ങളും രണ്ട് ഇന്ത്യന്‍ സര്‍വകലാശാലകളുടെ ഉപഗ്രഹങ്ങളുമായാണ് ഐ.എസ്.ആര്‍.ഒ പി.എസ്.എല്‍.വി സി34 യാത്രതിരിച്ചത്. 2008ല്‍ ഒറ്റത്തവണ 10 ഉപഗ്രഹങ്ങള്‍ ഐ.എസ്.ആര്‍.ഒ ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്.
2014 ല്‍ DNEPR റോക്കറ്റില്‍ 37 ഉപഗ്രഹങ്ങള്‍ വിജയകരമായി വിക്ഷേപിച്ച് റഷ്യയ്ക്കാണ് ഈ മേഖലയിലെ റെക്കോര്‍ഡ്.
ഇന്ത്യയുടെ കാര്‍ട്ടോസാറ്റ് -2സിയെക്കൂടാതെ ഇന്തൊനീഷ്യയുടെ LAPAN-A3, ജര്‍മനിയുടെ BIROS, കാനഡയുടെ M3MSat, GHGsat, യുഎസിന്റെ SkySat Gen2-1, 12 ഡോവ് ഉപഗ്രഹങ്ങള്‍, സത്യഭാമാസാറ്റ് (ചെന്നൈയിലെ സത്യഭാമ സര്‍വകലാശാല), സ്വായം ഉപഗ്രഹങ്ങള്‍ (കോളജ് ഓഫ് എന്‍ജിനിയറിങ്, പുണെ) എന്നീ ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്. ആകെ, 1,288 കിലോഗ്രാം ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്.
കാര്‍ട്ടോസാറ്റ് – 2സി: ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലെ മിസൈല്‍ വിക്ഷേപണങ്ങളെ നിരീക്ഷിക്കാനുള്ള സംവിധാനമാണ് കാര്‍ട്ടോസാറ്റ് 2ല്‍ ഉള്ളത്. 2007ല്‍ ഇതേ ദൗത്യവുമായി കാര്‍ട്ടോസാറ്റ് – 2 വിക്ഷേപിച്ചിരുന്നു. കാര്‍ട്ടോസാറ്റ് – 2ബി 2010ല്‍ വിക്ഷേപിച്ചിരുന്നു.
സത്യഭാമസാറ്റ്: ചെന്നൈയിലെ സത്യഭാമ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ചത്. ഒന്നര കിലോ ഭാരമുള്ള ഉപഗ്രഹത്തില്‍ ഇന്‍ഫ്രാറെഡ് സ്പെട്രോമീറ്റര്‍ ഘടിപ്പിച്ചിട്ടുണ്ട്. ഹരിതഗൃഹവാതകത്തിന്റെ തോത് കണ്ടെത്തുകയാണ് ദൗത്യം.
സ്വായം ഉപഗ്രഹം: പുണെയിലെ കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ചതാണിത്. ഒരു കിലോ ഭാരമുള്ള ഉപഗ്രഹം ഹാം റേഡിയോ സമൂഹത്തിന് പോയിന്റ് ടു പോയിന്റ് മെസേജിങ് സേവനത്തിന് ഉതകുന്നതാണ്.
ഡോവ് ഉപഗ്രഹങ്ങള്‍: മൂന്ന് യൂണിറ്റ് ക്യൂബ്സാറ്റുകള്‍ അടങ്ങുന്ന 12 ഉപഗ്രഹങ്ങളാണിത്. ഫ്ലോക്ക് -2പി എന്ന പേരിലും അറിയപ്പെടുന്നു. ഭൗമനിരീക്ഷണത്തിന് ഉപയോഗിക്കുന്ന ഉപഗ്രഹമാണിത്. യുഎസ് നിര്‍മിതം.
സ്കൈസാറ്റ് – സി1: ഗുഗിളിന്റെ ഉപ കമ്ബനിയായ ടെറാ ബെല്ലയുടെ 110 കിലോ ഭാരമുള്ള ഈ ഉപഗ്രഹം എര്‍ത് – ഇമേജിങ് സാങ്കേതികവിദ്യയില്‍ സഹായിക്കും. സബ് – മീറ്റര്‍ റെസൊലൂഷന്‍ പ്രതിബിംബവും എച്ച്‌ഡി വിഡിയോയും നല്‍കാനുതകുന്ന സാങ്കേതിക വിദ്യ ഉപഗ്രഹത്തിലുണ്ട്.
ജി.എച്ച്.ജി.സാറ്റ്: കനേഡിയന്‍ നിര്‍മിതം. ഭൗമനിരീക്ഷണത്തിന് ഉപയോഗിക്കും. കൂടാതെ ഹരിതഗൃഹവാതകത്തിന്റെ സാന്ദ്രതയും നിരീക്ഷിക്കും.
എം.3.എംസാറ്റ്: മാരിടൈം മോണിറ്റോറിങ് ആന്‍ഡ് മെസേജിങ് മൈക്രോ – സാറ്റലൈറ്റ് എന്നാണ് പേര്. കനേഡിയന്‍ നിര്‍മിത ഉപഗ്രഹം വിവരസാങ്കേതിക രംഗത്തെ മാറ്റങ്ങള്‍ക്കാണ് ഉപയോഗിക്കുക.
ബിറോസ്: ബര്‍ലിന്‍ ഇന്‍ഫ്രാറെഡ് ഒപ്റ്റിക്കല്‍ സിസ്റ്റം എന്ന ഭൗമനിരീക്ഷണ ഉപഗ്രഹം ജര്‍മനിയുടേതാണ്. കാട്ടുതീ പോലെ ഉയര്‍ന്ന താപനിലയിലുള്ളവ പെട്ടെന്നു കണ്ടുപിടിക്കലാണ് ഈ ഉപഗ്രഹത്തിന്റെ സംവിധാനം.
ലാപാന്‍ – എ3: ഇന്തൊനീഷ്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമാണിത്. പ്രകൃതിവിഭവങ്ങളെയും പരിസ്ഥിതിയെയും നിരീക്ഷിക്കുകയാണ് ദൗത്യം.
Post Your Comments