ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മുന്‍ മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത്തിന്റെ കാലത്ത് നടന്ന 400 കോടിയുടെ വാട്ടര്‍ടാങ്ക് അഴിമതിയില്‍ ഡല്‍ഹി അഴിമതി വിരുദ്ധ വിഭാഗം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി അരവിന്ദ് കേജ്രീവാളിനെയും മുന്‍ മുഖ്യമന്ത്രി ദീക്ഷിത്തിനെയും ചോദ്യം ചെയ്യുന്നതിനായി വിളിപ്പിക്കുമെന്ന് അഴിമതി വിരുദ്ധ വിഭാഗം വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഡല്‍ഹിയിലെ നിലവിലെ സര്‍ക്കാറിനെതിരെയും മുന്‍ സര്‍ക്കാറിനെതിരെയുമായി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തില്‍ ബാക്കി കാര്യങ്ങള്‍ തെളിയിക്കാനാകുമെന്നും അഴിമതി വിരുദ്ധ വിഭാഗം മേധാവി എം.കെ.മീന വ്യക്തമാക്കി.
ആം ആദ്മി മന്ത്രിയായ കപില്‍ മിശ്ര നല്‍കിയ പരാതിയാണ് സംഘം അന്വേഷിക്കുന്നത്. മന്ത്രിയുടെ പരാതി ലഭിച്ചെന്നും മുന്‍ സര്‍ക്കാറിന്റെ കാലത്ത് അഴിമതി നടന്നതായി പ്രഥമ ദൃഷ്ട്യാ തെളിഞ്ഞതായും എം.കെ.മീന കൂട്ടിച്ചേര്‍ത്തു. മുന്‍ മുഖ്യമന്ത്രായായിരുന്ന ദീക്ഷിത്തിനെതിരെ ആം ആദ്മി പാര്‍ട്ടി നല്‍കിയ പരാതി കഴിഞ്ഞ ആഴ്ച്ച ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ് അഴിമതി വിരുദ്ധ വിഭാഗത്തിന് കൈമാറിയിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ദീക്ഷിത്ത് കേസ് രാഷട്രീയ പ്രേരിതമാണെന്ന് ആരോപിച്ചു. വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിക്കാനുള്ള നടപടി തന്റെ മാത്രം തീരുമാനമായിരുന്നില്ലെന്ന് അവര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു ബി.ജെ.പി എം.എല്‍.എയും രണ്ട് മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരും വിദഗ്ദ്ധന്മാരും അടങ്ങിയ കമ്മിറ്റിയാണ് ഈ തീരുമാനം എടുത്തതെന്നുമാണ് ഇവരുടെ വാദം.
Post Your Comments