തിരുവനന്തപുരം : അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്കെടുക്കാന്‍ തൊഴില്‍ വകുപ്പ് ഒരുങ്ങുന്നു. രജിസ്‌ട്രേഷന്‍ കൃത്യമല്ലാത്തതിനാല്‍ ലക്ഷക്കണക്കിന് തൊഴിലാളികളാണ് സര്‍ക്കാര്‍ രേഖകള്‍ക്ക് പുറത്തുള്ളത്. കേരളത്തിലേക്ക് എത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്ക് സര്‍ക്കാരിന്റെ കൈയ്യിലില്ലാത്തത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പഠനത്തിനൊരുങ്ങുന്നത്.
ആറുമാസത്തിനകം പഠനം പൂര്‍ത്തിയാക്കാനാണ് ആലോചന. ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു. ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് 2013ല്‍ നടത്തിയ പഠനമനുസരിച്ചു കേരളത്തില്‍ 25 ലക്ഷം അന്യസംസ്ഥാന തൊഴിലാളികളുള്ളപ്പോള്‍, സര്‍ക്കാരിന്റെ കണക്കനുസരിച്ച് 1.49 ലക്ഷം തൊഴിലാളികളാണുള്ളത്. തൊഴില്‍വകുപ്പിന്റെ പഠനം പൂര്‍ത്തിയായശേഷം നിലവിലെ രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ മാറ്റം വരുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
അന്യസംസ്ഥാന തൊഴിലാളികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളും പഠനവിധേയമാക്കും. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കുറഞ്ഞ ചിലവില്‍ താമസ സൗകര്യമൊരുക്കുന്നതിനുള്ള പദ്ധതിക്ക് ഒക്ടോബറില്‍ തുടക്കമാകും. ആദ്യഘട്ടത്തില്‍ പാലക്കാട് കഞ്ചിക്കോടാണ് 700 അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് താമസ സൗകര്യമൊരുക്കുന്നത്. മുറികളില്‍ ഭക്ഷണം പാകംചെയ്യുന്നതിനും സൗകര്യമുണ്ടാകും. 500 രൂപയാണ് വാടകയായി നിശ്ചയിച്ചിരിക്കുന്നത്. തിരുവനന്തപുരത്തും കൊച്ചിയിലും ഇതേ രീതിയില്‍ താമസ സൗകര്യമൊരുക്കാനും ആലോചനയുണ്ട്.
Post Your Comments