ടെക്സാസ് : 23 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം അര്‍ജന്റീനയുടെ മണ്ണിലേക്ക് വിജയത്തിന്‍റെ കിരീടമെത്തിക്കാന്‍ ലയണല്‍ മെസിക്കും കൂട്ടര്‍ക്കും കഴിയുമോ. അതോ അര്‍ജന്റീനയെ കളിക്കാരനെന്ന നിലയില്‍ മുമ്പും കബളിപ്പിച്ചിട്ടുള്ള യൂര്‍ഗന്‍ ക്ളിന്‍സ്മാന്‍ പരിശീലിപ്പിക്കുന്ന അമേരിക്ക സെമി ഫൈനലില്‍ അട്ടിമറിവിജയം നേടുമോ. ശതാബ്ദി കോപ്പയുടെ ആദ്യ സെമിഫൈനലിന് വിസില്‍ മുഴങ്ങുമ്പോള്‍ ആരാധകരുടെ മനസില്‍ അലയടിക്കുന്ന ചോദ്യങ്ങള്‍ ഇവയൊക്കെയാണ്. കഴിഞ്ഞ വര്‍ഷം ചിലിയില്‍ നടന്ന കോപ്പയുടെ ഫൈനലില്‍ ആതിഥേയരോട് ഫൈനലില്‍ ചുവടുപിഴച്ച അര്‍ജന്റീന ഇക്കുറിയും ആതിഥേയരെ നേരിടാനിറങ്ങുമ്പോള്‍ ആരാധകര്‍ക്കാണ് ടെന്‍ഷന്‍.
എന്നാല്‍ പ്രാഥമിക റൗണ്ടിലെ മൂന്ന് കളികളിലും ക്വാര്‍ട്ടര്‍ ഫൈനലിലും മികച്ച പ്രകടനം കാഴ്ചവച്ച മെസിയുടെ ടീമിന് പതര്‍ച്ച അശേഷമില്ല. ഈ കോപ്പയില്‍ ഗ്രൂപ്പ് റൗണ്ടിലെ എല്ലാ മത്സരങ്ങളും വിജയിച്ച് ക്വാര്‍ട്ടറിലെത്തിയ ഏക ടീമാണ് അര്‍ജന്റീന. ആദ്യമത്സരത്തില്‍ കഴിഞ്ഞ പ്രാവശ്യം തങ്ങളെ ഫൈനല്‍ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച ചിലിയോട് പകരം വീട്ടുകയായിരുന്നു അര്‍ജന്റീന. 2-1 നായിരുന്നു ആ വിജയം. തൊട്ടുപിന്നാലെ പനാമയെ 5-0 ത്തിന് പരാജയപ്പെടുത്തി. അവസാന മത്സരത്തില്‍ ബൊളിവീയയെ 3-0 ത്തിനാണ് കീഴടക്കിയത്.
ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തില്‍ മെസി കളിച്ചിരുന്നില്ല. എന്നാല്‍ പനാമയ്ക്കെതിരെ രണ്ടാം പകുതിയില്‍ പകരക്കാരനായിറങ്ങിയ ശേഷം ഹാട്രിക് നേടി അത്ഭുതം സൃഷ്ടിക്കുകയും ചെയ്തു. ബൊളീവിയയ്ക്കെിരായ മത്സരത്തില്‍ മെസി പകരക്കാരനായി രണ്ടാം പകുതിയില്‍ ഉണ്ടായിരുന്നുവെങ്കിലും ഗോളടിച്ചില്ല. ക്വാര്‍ട്ടറിലാണ് മെസി ആദ്യമായി ഫസ്റ്റ് ഇലവനിലിറങ്ങുന്നത്. വെനിസ്വേലയ്ക്കെതിരെ ഒരു ഗോള്‍ നേടുകയും രണ്ടെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്ത അര്‍ജന്റീന നായകന്‍ തന്റെ വിലയറിയിച്ചു. ആദ്യമത്സരത്തില്‍ കൊളംബിയയോട് 2-0 ത്തിന് തോറ്റശേഷം കോസ്റ്റാറിക്കയെ 4-0ത്തിനും പരാഗ്വെയെ 1-0 ത്തിനും തോല്‍പ്പിച്ചാണ് അമേരിക്ക ക്വാര്‍ട്ടറിലെത്തിയത്. ക്വാര്‍ട്ടറില്‍ ഇക്വഡോറിനെ 2-1 നാണ് കീഴടക്കിയത്. അഞ്ചുവര്‍ഷത്തിന് ശേഷമാണ് അര്‍ജന്റീനയും അമേരിക്കയും ഒരു അന്താരാഷ്ട്ര മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. 2011 മാര്‍ച്ചിലായിരുന്നു അവസാന മത്സരം. അന്ന് സൗഹൃദ മത്സരത്തില്‍ ഇരുവരും 1-1ന് സമനിലയില്‍ പിരിയുകയായിരുന്നു.
Post Your Comments