NewsIndia

ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമല്ലെന്ന് കാശ്മീര്‍ എം.എല്‍.എ ഷെയ്ഖ് റാഷിദ്

ശ്രീനഗര്‍: ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമല്ലെന്ന് കാശ്മീരിലെ സ്വതന്ത്ര എം.എല്‍.എയായ എഞ്ചിനിയര്‍ ഷെയ്ഖ് റാഷിദ്. ജമ്മു കാശ്മീര്‍ നിയമസഭയിലാണ് ഷെയ്ഖ് റാഷിദിന്റെ പരാമര്‍ശം. കാശ്മീരില്‍ ഹിതപരിശോധന നടത്തണമെന്നും ഷെയ്ഖ് റാഷിദ് ആവശ്യപ്പെട്ടു. ജമ്മു കാശ്മീര്‍ സര്‍ക്കാരില്‍ പങ്കാളിയായ ബി.ജെ.പിയെ റാഷിദിന്റെ വിവാദ പരാമര്‍ശം ചൊടിപ്പിച്ചു. റാഷിദ് എം.എല്‍.എ സ്ഥാനം രാജിവയ്ക്കണമെന്നും ഒന്നുകില്‍ വിഘടനവാദ ഗ്രൂപ്പുകളില്‍ ചേരുകയോ അല്ലെങ്കില്‍ പാകിസ്ഥാനിലേക്ക് പോവുകയോ വേണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.

 

തന്നെ ജയിലില്‍ അടയ്ക്കുകയോ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയോ തൂക്കിലേറ്റുകയോ എന്ത് വേണമെങ്കിലും ചെയ്തോളൂ. പക്ഷെ കാശ്മീര്‍ സംബന്ധിച്ച നിലപാടില്‍ മാറ്റമില്ലെന്ന് റാഷിദ് നിയമസഭയില്‍ പറഞ്ഞിരുന്നു. ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമോ പാകിസ്ഥാന്റെ കഴുത്തിലെ ഞരമ്പോ ഒന്നുമല്ലെന്ന് റാഷിദ് പറഞ്ഞു. ചരിത്രവും യാഥാര്‍ത്ഥ്യങ്ങളും നമ്മള്‍ മനസിലാക്കണം. ഹിതപരിശോധനയ്ക്ക് ബദലില്ലെന്ന് മനസിലാക്കണം. ഇന്ത്യയുടെ പരമാധികാരത്തിന് എതിരായല്ല ഞാന്‍ സംസാരിക്കുന്നത്. ഇന്ത്യക്കും പാകിസ്ഥാനും ഇടയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്ന കാശ്മീരിനെ കുറിച്ചാണ്. ഐക്യരാഷ്ട്ര സംഘടനയുടെ പ്രമേയത്തെ മറികടക്കാന്‍ നിയമസഭയ്ക്ക് അവകാശമില്ലെന്നും ഷെയ്ഖ് റാഷിദ് അഭിപ്രായപ്പെട്ടു. റാഷിദിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധവുമായി ബി.ജെ.പിയും കോണ്‍ഗ്രസും രംഗത്തെത്തി. ബീഫ് വിവാദം കത്തി നിന്ന സമയത്ത് ശ്രീനഗറിലെ എം.എല്‍.എ ഹോസ്റ്റലില്‍ ബീഫ് പാര്‍ട്ടി നടത്തിയ റാഷിദിന്റെ നടപടി ശ്രദ്ധേയമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button