ന്യൂഡല്‍ഹി: മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ശേഷം രണ്ടാമത്തെ അതിവേഗ റെയില്‍ പാത ഡല്‍ഹി വാരണാസി റൂട്ടില്‍. 782 കിലോമീറ്റര്‍ ദൂരം രണ്ട് മണിക്കൂര്‍ നാല്‍പ്പത് മിനിറ്റ് കൊണ്ട് ഈ റൂട്ടില്‍ ബുള്ളറ്റ് ട്രെയിന്‍ ഓടിയെത്തും. ഡല്‍ഹി കൊല്‍ക്കത്ത അതിവേഗ റെയില്‍ പാതയുടെ ആദ്യഘട്ടമായാണ് ഡല്‍ഹി വാരണാസി പാത. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലവും പ്രധാന തീര്‍ത്ഥാടന കേന്ദ്രവുമായ വാരണാസിയില്ക്കുള്ള അതിവേഗ റെയില്‍ പാതയുടെ ആലോചനകള്‍ വേഗത്തിലാക്കാനാണ് തീരുമാനം. അടുത്തവര്‍ഷം ആദ്യം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് പദ്ധതി ചര്‍ച്ചകള്‍ സജീവമാക്കുന്നത്.
ഇത്തരത്തില്‍ വികസന പ്രതിച്ഛായ നിര്‍മ്മിക്കുന്നത് യു.പി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ബി.ജെ.പി. അലിഗഢ്, ആഗ്ര, കാണ്‍പൂര്‍, ലക്‌നൗ, സുല്‍ത്താന്‍പൂര്‍ എന്നിവിടങ്ങളിലൂടെയാണ് അതിവേഗ പാതയ്ക്ക് പദ്ധതിയിടുന്നത്. ഒരു സ്പാനിഷ് കമ്പനിയാണ് ഇതിന്റെ സാദ്ധ്യതാ പഠനം നടത്തിയത്. റിപ്പോര്‍ട്ട് റെയില്‍വേ ബോര്‍ഡ് പഠിച്ചു വരുകയാണ്. അന്തിമറിപ്പോര്‍ട്ട് നവംബറില്‍ സമര്‍പ്പിക്കും. ഡല്‍ഹി മുതല്‍ ലക്‌നൗ വരെയുള്ള 506 കിലോമീറ്റര്‍ യാത്രക്ക് ഒന്നേ മുക്കാല്‍ മണിക്കൂര്‍ മാത്രമേ വേണ്ടി വരുള്ളൂ. കൊല്‍ക്കത്ത വരെ നീണ്ടാല്‍ ഡല്‍ഹി കൊല്‍ക്കത്ത ട്രെയിന്‍ യാത്രയ്ക്കുള്ള (1513 കിലോമീറ്റര്‍) സമയം അഞ്ച് മണിക്കൂറില്‍ കുറവേ വേണ്ടി വരൂ.ഡല്‍ഹി വാരണാസി പാതയ്ക്ക് 43,000 കോടി രൂപയും ഡല്‍ഹി കൊല്‍ക്കത്ത പാതയ്ക്ക് 84,000 കോടി രൂപയുമാണ് പദ്ധതി ചിലവ് പ്രതീക്ഷിക്കുന്നത്. അതേസമയം വിശദമായ പഠനങ്ങള്‍ക്ക് ശേഷമേ പദ്ധതി ചിലവ് സംബന്ധിച്ച് വ്യക്തത വരൂ എന്ന് റെയില്‍വേ വൃത്തങ്ങള്‍ വ്യക്തമാക്കി. ഈ പാതയില്‍ ഡബിള്‍ ഡക്കര്‍ ബുള്ളറ്റ് ട്രെയിനുകള്‍ കൊണ്ടുവരുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ നടന്നുവരുകയാണ്.
Post Your Comments