കൊച്ചി : ദളിത് യുവതികളെ അറസ്റ്റു ചെയ്യുകയും അതിലൊരാള്‍ ആത്മഹത്യക്കു ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ മുഖമ്യമന്ത്രി മൗനം പാലിക്കുന്നതിനെതിരെ വിമര്‍ശനവുമായി വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സംഭവത്തെ കുറിച്ച് അറിയില്ലെന്നും പഠിച്ചിട്ടു പ്രതികരിക്കാമെന്നും ഉള്ള പിണറായി വിജയന്‍റെ പ്രസ്താവനയോട് പ്രതികരിച്ചാണ് ബല്‍റാമിന്റെ പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ.
മുഖ്യമന്ത്രീ,
നിങ്ങള്‍ പഠിച്ചുകഴിഞ്ഞോ?
ഇനിയെങ്കിലും ആ വാതുറക്കുമോ?
നിങ്ങള്‍ തുറുങ്കിലടച്ച ഒന്നരവയസ്സുകാരിയുടെ കരച്ചില്‍ നിലച്ചിട്ടില്ല.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കൂടിയായ നിങ്ങളുടെ പാര്‍ട്ടിയുടെ വനിതാനേതാവ് ചാനല്‍ ചര്‍ച്ചയിലൂടെ ഹീനമായി അധിക്ഷേപിച്ചതില്‍ മനംനൊന്ത് ഒരു യുവതി സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ചിരിക്കുന്നു.
നിങ്ങളുടെ പാര്‍ട്ടിക്കാര്‍ പൊതു ഇടങ്ങളിലും സൈബറിടങ്ങളിലും ആ ദലിത് സഹോദരിമാരെ അധിക്ഷേപങ്ങള്‍ കൊണ്ട് കീറിമുറിക്കുന്നു.
മുഖ്യമന്ത്രീ…
നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ ഇത് വല്ലതും?
നിങ്ങളാണ്,
നിങ്ങളുടെ കീഴിലെ പോലീസാണ്,
നിങ്ങളുടെ സ്വന്തം അനുയായികളാണ്
ഒരു പാവപ്പെട്ട കുടുംബത്തെ ഇല്ലായ്മ ചെയ്യാന്‍ നോക്കുന്നത്. മുഖ്യമന്ത്രീ,
നിങ്ങള്‍ വെറുമൊരു സി.പി.എമ്മുകാരനാവരുത്.
Post Your Comments