NewsIndia

ഇനി കോളേജ് പ്രവേശനത്തിനും ദേശീയതല പരീക്ഷയ്ക്ക് ശുപാര്‍ശ

ന്യൂഡല്‍ഹി: 12-ാം ക്‌ളാസ് കഴിഞ്ഞവര്‍ക്ക് കോളജ് പ്രവേശത്തിന് മുമ്പായി അമേരിക്കയിലെ സാറ്റ് പരീക്ഷയുടെ മാതൃകയില്‍ ദേശീയതല പരീക്ഷ ഉള്‍പ്പെടെ വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര മാറ്റങ്ങള്‍ നിര്‍ദേശിച്ച് ദേശീയ വിദ്യാഭ്യാസ നയരൂപവത്കരണ സമിതി. 10-ാം ക്‌ളാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷപ്പേടി കുറക്കുന്നതിനായി കണക്കും സയന്‍സും അടിസ്ഥാനപ്പെടുത്തി ഹയര്‍, ലോവര്‍ എന്നിങ്ങനെ രണ്ടുഘട്ടങ്ങളിലായി ബോര്‍ഡ് പരീക്ഷ നടത്തണം. ഈ വിഷയങ്ങള്‍ തുടര്‍ന്ന് പഠിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്കും മറ്റു തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ലോവര്‍ ലെവല്‍ പരീക്ഷയാണ് നിര്‍ദേശിച്ചിരിക്കുന്നത്. ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചാല്‍ നിലവിലെ നിരന്തര മൂല്യനിര്‍ണയ സംവിധാനം മാറി സി.ബി.എസ്.ഇ 10-ാം ക്‌ളാസ് പരീക്ഷാ രീതി തിരിച്ചെത്തും.

സംസ്‌കൃതം, യോഗ എന്നിവയ്ക്ക് പാഠ്യപദ്ധതിയില്‍ വലിയ പ്രാധാന്യം നല്‍കാന്‍ സമിതി നിര്‍ദേശിക്കുന്നു. വിദ്യാഭ്യാസത്തിന് നല്ലത് മാതൃഭാഷയാണെങ്കിലും സംസ്‌കൃതം, ഹിന്ദി, ഇംഗ്‌ളീഷ് എന്നിവക്ക് പ്രാമുഖ്യം നല്‍കണം. ഒരു ക്‌ളാസിക്കല്‍ ഭാഷ മാത്രമല്ല, മറിച്ച് ജീവിക്കുന്ന പ്രതിഭാസം എന്നാണ് സംസ്‌കൃതത്തെ റിപ്പോര്‍ട്ടില്‍ വിശേഷിപ്പിച്ചത്. എല്‍.പി, യു.പി ക്‌ളാസുകള്‍ മുതല്‍തന്നെ സംസ്‌കൃത പഠനം തുടങ്ങണം. അധ്യാപക നിയമനം സുതാര്യവും പരാതി രഹിതവുമാക്കാന്‍ സ്വതന്ത്ര റിക്രൂട്ട്‌മെന്റ് കമീഷന്‍ വേണം. 12-ാം ക്‌ളാസില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്ന വിദ്യാര്‍ഥികള്‍ക്ക് അഞ്ചുവര്‍ഷ അധ്യാപക പരിശീലന കോഴ്‌സിന് പ്രവേശനം നല്‍കാം. വിദ്യാര്‍ഥികളുടെ ലക്ഷ്യം പഠനം ആയിരിക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാഷ്ട്രീയദേശീയ വൈരങ്ങള്‍ തീര്‍ക്കാനുള്ള കേന്ദ്രങ്ങളായി മാറരുതെന്നും പറയുന്ന റിപ്പോര്‍ട്ട് ജാതിമത അധിഷ്ഠിതമായ വിദ്യാര്‍ഥി കൂട്ടായ്മകളുടെ അംഗീകാരം റദ്ദാക്കുന്നത് ആലോചിക്കണമെന്നും പറയുന്നു. മുന്‍ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആര്‍. സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലെ സമിതിയെയാണ് ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button