ഇന്ത്യയുടെ ഭരണഘടനാ ശില്‍പികള്‍ വിഭാവനം ചെയ്ത സോഷ്യലിസ്റ്റ് മതേതര ഇന്ത്യയ്ക്ക് ഇപ്പോള്‍ പുതിയ മുഖമാണ്. ഇന്ത്യയുടെ ചില പ്രത്യേക ഭാഗങ്ങളില്‍ മാത്രം സംരക്ഷിക്കപ്പെടേണ്ട ഭരണഘടനാ അവകാശമായും, ചില പ്രത്യേക ആശയസംഹിതകളെ എതിര്‍ക്കുവാന്‍ വേണ്ടി മാത്രം ഉപയോഗപ്പെടുത്തുന്ന രാഷ്ട്രീയ ആയുധങ്ങളായും മറ്റുമാണ് ഇപ്പോള്‍ സോഷ്യലിസവും മതേതരത്വവും ഒക്കെ പരിഗണിക്കപ്പെടുന്നത്. ജാതിവിരുദ്ധ പോരാട്ടങ്ങള്‍ക്കും ദളിത് അവകാശസംരക്ഷണ സമരങ്ങള്‍ക്കും അതേ അവസ്ഥ തന്നെയാണ് ഇപ്പോള്‍. 2014-ന് ശേഷം മാത്രമാണ് ഇന്ത്യയില്‍ ജാതിവിവേചനവും, ദളിത് പീഡനങ്ങളും, മറ്റ് മതാധിഷ്ഠിത അക്രമങ്ങളും പൊട്ടിപ്പുറപ്പെട്ടതെന്ന ആക്രോശത്തോടെ ചിലര്‍ ഭരണഘടനാവകാശങ്ങളേയും, മത-ജാതിവിരുദ്ധ നിലപാടുകളേയും, ദളിത് പ്രേമത്തേയും സ്വന്തം കുത്തകയാക്കി രാഷ്ട്രീയനേട്ടങ്ങള്‍ക്കായി യഥേഷ്ടം ഉപയോഗിച്ചു വരുന്നു.
പറഞ്ഞുവരുന്നത്, ബിജെപി മുന്നോട്ടു വയ്ക്കുന്ന ഹിന്ദുത്വ നിലപാടുകള്‍ക്കെതിരെ ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ തുറന്നിരിക്കുന്ന പോര്‍മുഖങ്ങളെപ്പറ്റിയാണ്. സ്വാതന്ത്ര്യം കിട്ടിയനാള്‍ മുതല്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്ന, ഇന്ത്യയില്‍ മാത്രം കണ്ടുവരുന്നത് എന്ന് ഒരു കാരണവശാലും പറയാന്‍ കഴിയാത്ത, ഒരുകൂട്ടം വിഷയങ്ങളുടെ മൂലകാരണങ്ങള്‍ തേടികണ്ടുപിടിക്കാന്‍ ശ്രമങ്ങള്‍ നടത്താതെയും, സമഗ്രമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ ഒന്നും ആരായാതെയും ഈ വിഷയങ്ങളെ ഒരു പാര്‍ട്ടിയുടെ മാത്രം തലയില്‍ക്കെട്ടിവച്ച് രാഷ്ട്രീയനേട്ടങ്ങള്‍ കൊയ്യാന്‍ മാത്രമാണ് ഇടതുകക്ഷികള്‍ക്ക് താത്പര്യം. പക്ഷേ, ബിജെപിയുടെ ഹിന്ദുത്വ നിലപാടുകളെ നഖശിഖാന്തം എതിര്‍ക്കുമ്പോഴും ഇടതുകഷികളില്‍ത്തന്നെ അന്തര്‍ലീനമായിരിക്കുന്ന തീവ്രസോഷ്യലിസത്തിനെതിരേയും, ജാതിവിവേചനത്തിനെതിരേയും, ദളിത് വിരുദ്ധതയ്ക്കെതിരേയും ഒരക്ഷരം പോലും ഉരിയാടാന്‍ ഇവര്‍ തയാറുമല്ല.
ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായിരിക്കെ പലതരത്തിലുള്ള അടിച്ചമര്‍ത്തലുകളുടെ പേരില്‍ ആത്മഹത്യ ചെയ്യേണ്ടി വന്ന രോഹിത് വെമുലയുടെ കാര്യംതന്നെ പരിഗണിക്കാം. രോഹിത്തിന്‍റെ തന്നെ സോഷ്യല്‍ മീഡിയാ എഴുത്തുകളില്‍ നിന്നുംമറ്റും മനസിലാക്കാന്‍ കഴിയുന്നത് അയാള്‍ ഏറ്റവുമധികം വിവേചനങ്ങള്‍ അനുഭവിച്ചിരുന്നത് ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്.എഫ്.ഐയില്‍ നിന്നുമായിരുന്നു എന്ന വസ്തുതയാണ്. സിപിഎമ്മിന്‍റെ ദളിത് വിരുദ്ധതയെപ്പറ്റി രോഹിത് എഴുതിയ കാര്യങ്ങളെപ്പറ്റി കേന്ദ്രമാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി പാര്‍ലമെന്‍റില്‍ പരാമര്‍ശിച്ചപ്പോള്‍ പാര്‍ട്ടി ജെനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മറുപടിയൊന്നും പറയാനില്ലാതെ തലകുനിച്ചിരിക്കുകയായിരുന്നു. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയിലെ അഫ്സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിലും ഇടതുപക്ഷ അജണ്ട ബിജെപിക്കും സംഘപരിവാറിനുമെതിരെ രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കുക എന്നതു മാത്രമായിരുന്നു. പ്രസ്തുത വിഷയത്തിലടങ്ങിയിരിക്കുന്ന ദേശവിരുദ്ധതയെ അവര്‍ സൗകര്യപൂര്‍വ്വം അവഗണിക്കുകയും ചെയ്തു.
പാലക്കാട് വിക്ടോറിയ കോളേജ് പ്രിന്‍സിപ്പള്‍ എന്‍.സരസുവിന്‍റെ വിരമിക്കലുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നടത്തിയ പ്രതീകാത്മക ശവമടക്ക് അടക്കം കേരളത്തിലും ഇടതുപക്ഷ കാടത്തങ്ങളുടെ നിരവധിയായ ഉദാഹരണങ്ങള്‍ ലഭ്യമാണ്. അവയില്‍ ഏറ്റവും പുതിയതാണ് തലശ്ശേരിയില്‍ യുവതിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച സംഭവം. ഇപ്പോള്‍, ഭരണം കൂടി കയ്യിലുള്ളതിന്‍റെ ഗര്‍വ്വുംകൂടി കയ്യിലുള്ളതിന്‍റെയാകും, ജാതിപ്പേര് വിളിച്ചത് ചോദ്യം ചെയ്ത യുവതിയെ അവരുടെ പിഞ്ചുകുഞ്ഞിനോടൊപ്പം പോലീസിനെക്കൊണ്ട് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്തിരിക്കുന്നു.
ഇന്ത്യയുടെ രാഷ്ട്രീയഭൂപടത്തില്‍ നാള്‍ക്കുനാള്‍ തങ്ങള്‍ക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന ക്ഷയത്തിന് ഏകമാര്‍ഗ്ഗ പരിഹാരം എന്നനിലയില്‍, അതിജീവനസമരത്തിന്‍റെ ഭാഗമായി, ബിജെപിയേയും അവര്‍ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയത്തേയും എതിര്‍ത്തു തോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഇടതുപക്ഷത്തിന് ഇത്തരം സംഭവങ്ങളില്‍ ന്യായീകരണങ്ങള്‍ പലതുണ്ടാകാം. പക്ഷേ, വസ്തുതകളെ അവയ്ക്ക് അര്‍ഹമായ ഗൌരവത്തോടെ അപഗ്രഥിക്കാനും മനസ്സിലാക്കാനും കഴിയുന്ന പ്രബുദ്ധരായ ഒരു ജനത കൂടി ഉള്ള ഈ നാട്ടില്‍ ഇടതുപക്ഷം സ്വയം എടുത്തണിഞ്ഞിരിക്കുന്ന ജാതിവിരോധത്തിന്‍റേയും ദളിത് പ്രേമത്തിന്‍റേയും പൊയ്മുഖങ്ങളാണ് ഇത്തരം സംഭവങ്ങളിലൂടെ അഴിഞ്ഞു വീഴുന്നത്.
Post Your Comments