അന്‍റാര്‍ട്ടിക്കന്‍ തീരത്ത് ഗൂഗിള്‍ എര്‍ത്ത് വഴി അത്ഭുതകടല്‍ജീവിയെ കണ്ടെത്തിയിരിക്കുന്നു എന്ന വാര്‍ത്ത ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നു. നോര്‍വീജിയന്‍ കടലില്‍ വസിക്കുന്നു എന്ന്‍ ഐതിഹ്യകഥകളില്‍ പറയുന്ന “ക്രാക്കന്‍” എന്ന കടല്‍ജീവിയോ, അതുമല്ലെങ്കില്‍ ഏതെങ്കിലും ജലജന്യ അന്യഗ്രഹജീവിയോ ആണ് ഇതെന്നാണ് ഇപ്പോള്‍ പരക്കുന്ന അഭ്യൂഹങ്ങള്‍.
അന്‍റാര്‍ട്ടിക്കയിലുള്‍പ്പെട്ട ദക്ഷിണ ഷെറ്റ്ലാന്‍ഡ്സിലെ ഡിസപ്ഷന്‍ ദ്വീപുകളുടെ തീരത്തോട് ചേര്‍ന്നുള്ള കടലില്‍ കഴിഞ്ഞ ഏപ്രില്‍ 9-നാണ് ഈ അത്ഭുതജീവിയെ കണ്ടെത്തിയത്. ജീവിക്ക് 120-മീറ്ററോളം നീളം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
നോര്‍വേയിലും ഗ്രീന്‍ലാന്‍റിലും പ്രചാരത്തിലുള്ള ഐതിഹ്യമനുസരിച്ച് സമുദ്രയാത്ര നടത്തുന്ന കപ്പലുകളെ തന്‍റെ ഗ്രാഹികളില്‍ കുടുക്കി തകര്‍ത്തു കളയുന്ന രാക്ഷസക്കണവയായ ക്രാക്കനോട് സാമ്യമുള്ളതാണ് ഈ അത്ഭുതജീവി.
മറ്റൊരു അഭ്യൂഹമനുസരിച്ച് ജുറാസ്സിക് യുഗത്തില്‍ സമുദ്രത്തില്‍ സര്‍വ്വസാധാരണമായിരുന്ന പ്ലെസിയോസര്‍ എന്ന കടല്‍ ഇഴജന്തുവാണ് ഇതെന്നും പറയപ്പെടുന്നു.
ഈ ഭാഗത്ത് 1997-ല്‍ യുഎസ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്‍ (NOAA) അസാധാരണമാം വിധം താഴ്ന്ന ആവൃത്തിയിലുള്ള “ബ്ലൂപ്പ്” എന്ന ശബ്ദം രേഖപ്പെടുത്തിയിരുന്നു. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ഈ അത്ഭുതജീവിയില്‍ നിന്നാകാം ഈ “ബ്ലൂപ്പ്” ശബ്ദം പുറപ്പെട്ടിരുന്നതെന്നും അഭ്യൂഹങ്ങളുണ്ട്. പക്ഷേ NOAA-യുടെ ഔദ്യോഗിക വിശദീകരണം അനുസരിച്ച് അന്‍റാര്‍ട്ടിക്കയിലെ ഏതോ ഹിമാനിയില്‍ ഉണ്ടായ “ഐസ്ക്വേക്ക്” എന്നറിയപ്പെടുന്ന ഭൂകമ്പത്തിന്‍റെ ഫലമായുണ്ടായ ശബ്ദമാണ് “ബ്ലൂപ്പ്”.
ഗൂഗിള്‍ എര്‍ത്തില്‍ 63° 2’56.73″S 60°57’32.38″W എന്ന കോ-ഓര്‍ഡിനേറ്റില്‍ പ്രസ്തുത അത്ഭുതജീവിയെ കാണാം.
Post Your Comments