വാഷിങ്ടണ്‍: അന്യഗ്രഹ ജീവികള്‍ ഉണ്ട് എന്നതിന് ഇതുവരെ ആര്‍ക്കും ഒരു തെളിവും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അന്യഗ്രഹ ജീവികളെ കണ്ടതായും ഇതുവരെ സ്ഥിരീകരണങ്ങളില്ല. എന്നാല്‍, ചില നിര്‍ണായക വിവരങ്ങളാണ് കഴിഞ്ഞ ദിവസം പെന്റഗണ്‍ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ആറ് മാസങ്ങള്‍ക്കിടെ നൂറുകണക്കിന് അജ്ഞാത പേടകങ്ങളെ (യുഎഫ്ഒ) യുഎസ് സേനാംഗങ്ങള്‍ കണ്ടെന്നാണ് റിപ്പോര്‍ട്ട്. അജ്ഞാത പേടകങ്ങള്‍ കാണുന്ന സംഭവങ്ങള്‍ വിവരിച്ച റിപ്പോര്‍ട്ട് പെന്റഗണ്‍ പ്രസിദ്ധീകരിച്ചതിനു പിന്നാലെ രൂപീകരിച്ച ഓള്‍ ഡൊമെയ്ന്‍ റസല്യൂഷന്‍ ഓഫീസിനാണ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2004 മുതല്‍ 2021 വരെയുള്ള കാലയളവില്‍ 140 യുഎഫ്ഒ ദര്‍ശനങ്ങള്‍ നേരത്തേ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
യുഎസ് സേനയുടെ ഭാഗമായ ആര്‍മി, നേവി, എയര്‍ഫോഴ്‌സ് എന്നിവയിലെ അംഗങ്ങളാണ് യുഎഫ്ഒകള്‍ കണ്ടതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. ആകാശത്തും ബഹിരാകാശത്തും ജലാന്തര്‍മേഖലയിലും യുഎഫ്ഒകളെ കണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇവ അന്യഗ്രഹജീവി പേടകങ്ങളല്ലെന്ന് ഓള്‍ ഡൊമെയ്ന്‍ റസല്യൂഷന്‍ ഓഫിസ് ഡയറക്ടര്‍ സീന്‍ കിര്‍ക്പാട്രിക് പറഞ്ഞു.
ഈ വര്‍ഷം ജൂലൈയിലാണ് ഓള്‍ ഡൊമെയ്ന്‍ റസല്യൂഷന്‍ ഓഫീസ് സ്ഥാപിക്കപ്പെട്ടത്. യുഎസ് സേനാവിഭാഗങ്ങള്‍ പലസമയങ്ങളിലായി കാണുന്ന അജ്ഞാതപേടകങ്ങളും വാഹനങ്ങളും സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ശേഖരിക്കുക, അവ ക്രോഡീകരിക്കുക എന്നതാണ് ഓഫീസിന്റെ ലക്ഷ്യം. വായുവിലോ, ഉപരിതല ജലത്തിലോ വെള്ളത്തിനടിയിലോ കരയിലോ കാണപ്പെടുന്ന തിരിച്ചറിയാന്‍ സാധിക്കാത്ത പേടകങ്ങളെയെല്ലാം അജ്ഞാതപേടകങ്ങളുടെ ഗണത്തില്‍പെടുത്താനാണ് ഓഫീസിന്റെ നിര്‍ദ്ദേശം.
യുഎസ് സേനാംഗങ്ങള്‍ പലപ്പോഴും അജ്ഞാതനിലയിലുള്ള പേടകങ്ങളുടെ ദര്‍ശനത്തിന് സാക്ഷ്യം വഹിക്കാറുണ്ടെന്ന അഭ്യൂഹം ശക്തമാണ്. എന്നാല്‍ പലപ്പോഴും നാണക്കേടുകൊണ്ടോ മറ്റുള്ളവര്‍ വിശ്വസിക്കില്ലെന്ന ഭയം കൊണ്ടോ ഇവ റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ലത്രേ. ഈ പ്രവണത മാറ്റാനും അജ്ഞാത പേടകങ്ങള്‍ കാണുന്ന മാത്രയില്‍ അവയെ റിപ്പോര്‍ട്ട് ചെയ്യാന്‍ സൈനികരെ ബോധവത്കരിക്കാനും ഉദ്ദേശമിട്ടുള്ളതാണ് ഓള്‍ ഡൊമെയ്ന്‍ റസല്യൂഷന്‍ ഓഫീസ്.
യുഎഫ്ഒ ദര്‍ശനങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. കെന്നത്ത് അര്‍നോള്‍ഡ് എന്ന വ്യക്തിയാണ് ആദ്യമായി യുഎഫ്ഒ കണ്ടതായി യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തത്.
യുഎഫ്ഒ സംബന്ധിച്ച റിപ്പോര്‍ട്ടിങ്ങുകള്‍ കൂടിക്കൂടി വന്നതോടെയാണ് വീണ്ടും ഈ മേഖലയില്‍ ശക്തമായ നിരീക്ഷണത്തിന് രാജ്യം ഇറങ്ങിത്തിരിച്ചത്. അന്യഗ്രഹപേടകങ്ങളെ തേടുകയെന്നതിനപ്പുറം ശത്രുരാജ്യങ്ങളുടെ നിരീക്ഷണ പേടകങ്ങളാണോ യുഎഫ്ഒകളായി കാണപ്പെടുന്നതെന്ന് അന്വേഷിക്കുകയാണ് യുഎസ് അധികൃതരുടെ പ്രധാന ലക്ഷ്യം.
Post Your Comments