Kerala

പതിനാറുകാരിയെ അമ്മ കാമുകന് കാഴ്ചവച്ചു; പീഡനം സഹിക്കാനാവാതെ പെണ്‍കുട്ടി ജീവനൊടുക്കി

തിരുവനന്തപുരം ● അമ്മയുടെ കാമുകന്റെ നിരന്തര പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായ പതിനാറുകാരി ജീവനൊടുക്കി. തിരുവനന്തപുരം വെട്ടുകാട് ആണ് സംഭവം. സംഭവത്തില്‍ വെട്ടുകാട് ബാലന്‍നഗര്‍ സ്വദേശി രമണി ഇവരുടെ കാമുകന്‍ കോതമംഗലം പാണപ്പെട്ടി സ്വദേശി മുഹമ്മദലി (44) എന്നിവരെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു.

ജൂണ്‍ 12 ന് വൈകിട്ട് അമ്മൂമ്മയുടെ വീട്ടിലാണ്‌ പെണ്‍കുട്ടി തൂങ്ങിമരിച്ചത്. തുടര്‍ന്ന് അസ്വാഭിക മരണത്തിന് വലിയതുറ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് പെണ്‍കുട്ടി നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായിരുന്നതായി വ്യക്തമായി. ഇതേതുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. കഴിഞ്ഞദിവസം പെണ്‍കുട്ടി എഴുതിയ ആത്മഹത്യാക്കുറിപ്പ്‌ കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്. അമ്മ തന്നെ കാമുകനു കാഴ്ചവച്ചതായും അമ്മയുടെ സഹായത്തോടെ ഇയാൾ തന്നെ പലതവണ പീഡിപ്പിച്ചെന്നും പെൺകുട്ടി ആത്മഹത്യാകുറിപ്പിൽ എഴുതിയിരുന്നു. സാക്ഷിമൊഴികളുടെയും ആത്മഹത്യാക്കുറിപ്പിന്റെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന മുഹമ്മദ് അലിയാണു പീഡനം നടത്തിയതെന്നും തെളിഞ്ഞു.

2006 ല്‍ കുവൈത്തില്‍ ജോലി ചെയ്യുമ്പോഴാണ് രമണി മുഹമ്മദാലിയെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. പിന്നീട് നാട്ടിലെത്തിയ രമണി ഭര്‍ത്താവിനെ ഉപേക്ഷിക്കുകയും അലിയുമായി താമസം ആരംഭിക്കുകയും ചെയ്തു. പിന്നീട് കോതമംഗലത്തും പെരുമ്പാവൂരിലുമായിരുന്നു രമണിയുടെയും കാമുകന്റെയും താമസം. ഇവിടെ വച്ചാണ് രമണി മകളെ കാമുകന് കാഴ്ചവച്ചതും രമണിയുടെ സഹായത്തോടെ മുഹമ്മദലി കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതും. ഒടുവില്‍ പീഡനം സഹിക്കാനാവാതെ പെണ്‍കുട്ടി അമ്മൂമ്മയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

വിജി എന്ന പേരിലായിരുന്നു രമണിയുടെ കോതമംഗലത്തെ താമസം. അലി വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.

തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ സ്പര്‍ജന്‍കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ശംഖുമുഖം അസിസ്റ്റന്റ് കമ്മിഷണര്‍ ജവഹര്‍ ജനാര്‍ദിന്റെ നേതൃത്വത്തില്‍ പൂന്തുറ സി.ഐ: സുനില്‍ദാസ്, വലിയതുറ എസ്.ഐ: കെ. ധനപാലന്‍ എന്നിവര്‍ ചേര്‍ന്നാണു പ്രതികളെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button