ആലുവ ● ജിഷയെ കൊലപ്പെടുത്തിയത് മദ്യലഹരിയിലാണെന്ന പ്രതി അമീറുല്‍ ഇസ്ലാമിന്റെ മൊഴി കളവാണെന്ന് പോലീസ്. സംഭവദിവസം രാവിലെ ജിഷയുമായി പ്രശ്നമുണ്ടായെന്നും ജിഷ അടിക്കാന്‍ ഓങ്ങിയെന്നും ഇതിന്റെ വൈരാഗ്യത്തില്‍ പെരുമ്പാവൂര്‍ ഠൗണില്‍ പോയി മദ്യം വാങ്ങി കഴിച്ച ശേഷം തിരികെ ജിഷയുടെ വീട്ടിലെത്തി കൊലപാതകം നടത്തിയെന്നുമാണ് പ്രതി മൊഴി നല്‍കിയത്. മദ്യം വാങ്ങിയിരുന്നുവെങ്കിലും ലഹരിയിലകുന്നത് വരെ പ്രതി മദ്യം കഴിച്ചിരുന്നില്ലെന്ന് പോലീസ് കണ്ടെത്തി. കൈയില്‍ സൂക്ഷിച്ചിരുന്ന മദ്യമാണ് കുത്തേറ്റ് വീണ ജിഷ മരണവെപ്രാളത്തില്‍ വെള്ളം ചോദിച്ചപ്പോള്‍ വായിലേക്ക് ഒഴിച്ചുകൊടുത്തത്. കൊലപാതകം നടത്തുകയെന്ന ഉത്തമബോധ്യത്താല്‍ തന്നെയാണ് ഇയാള്‍ ആക്രമണം നടത്തിയതെന്നും പോലീസ് പറയുന്നു.
കുളിക്കടവില്‍ വച്ചുണ്ടായ പ്രശ്നത്തിലെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന പ്രതിയുടെ മൊഴിയും പോലീസ് വിശ്വസിച്ചിട്ടില്ല. മൃതദേഹത്തോട് പോലും ഇത്ര ക്രൂരമായി പെരുമാറിയ പ്രതിക്ക് മറ്റു ലക്ഷ്യങ്ങളുണ്ടായിരുന്നെന്ന് തന്നെയാണ് പോലീസ് കരുതുന്നു. പ്രതിയുടെ താമസസ്ഥലത്ത് നിന്ന് കണ്ടെത്തിയ ആയുധം മാത്രമല്ല കൃത്യത്തിന് ഉപയോഗിച്ചതെന്നും പോലീസ് കരുതുന്നു. വലിയ ആയുധങ്ങള്‍ ഉപയോഗിച്ചുണ്ടാക്കിയ മുറിവുകള്‍ ജിഷയുടെ ശരീരത്തില്‍ ഉണ്ടായിരുന്നു. ഇതിനായി ഉപയോഗിച്ചതെന്ന് കരുതുന്ന മറ്റ് ചില ആയുധങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തിരിച്ചറിയല്‍ പരേഡിന് ശേഷം തിങ്കളാഴ്ച പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത് ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
Post Your Comments