തിരുവനന്തപുരം: ജാതിപ്പേര് വിളിച്ച് അപഹസിച്ച സിപിഎം നേതാക്കളോട് പ്രതികരിച്ച ദളിത് യുവതികളെ ജയിലിലടച്ചത് സർക്കാരിന്റെ മാടമ്പി മനോഭാവത്തിന്റെ ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പിന്നോക്കക്കാരുടെ ഉന്നമനത്തിനായി ജീവിച്ച് മരിച്ച മഹാത്മാ അയ്യൻകാളിയുടെ എഴുപത്തിയഞ്ചാം ചരമവാർഷികത്തിലും ദളിതരോട് സിപിഎം ഫാസിസ്റ്റ് സമീപനമാണ് പുലർത്തുന്നത്.
നിരാലംബരായ ദളിത് സ്ത്രീകളെ ഗുരുതരമായ വകുപ്പുകൾ ചേർത്ത് കേസെടുത്ത് സിപിഎം പീഡിപ്പിക്കുകയാണ്. ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത ക്രിമിനലുകളെ ജയിലിലിടാൻ തയ്യാറാകാത്ത പൊലീസ്, സിപിഎം നേതൃത്വത്തിന് കുഴലൂതുകയാണ്. പിഞ്ചുകുട്ടിയേയും കൊണ്ട് ജയിലിൽ പോകേണ്ടി വന്ന സാഹചര്യം ഇതിന് മുൻപ് അടിയന്തിരാവസ്ഥ കാലത്ത് മാത്രമാണ് ഉണ്ടായിട്ടുള്ളത്.
വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി കമ്മീഷനും ഇടപെടണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments