KeralaNews

ദ്വിഭാഷി വഴിമാറി, ബെഹ്‌റ ബംഗാളിയില്‍ കത്തിക്കയറിയതോടെ പ്രതി പൊലീസിന് മുന്നില്‍ മുട്ടുമടക്കി

കൊച്ചി: ആലുവ പൊലീസ് ക്‌ളബില്‍ എ.ഡി.ജി.പി ബി.സന്ധ്യ, എസ്.പി. മാരായ പി.എന്‍. ഉണ്ണിരാജന്‍, പി.കെ. മധു, ഡിവൈ.എസ്.പി സോജന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഇത് ഇന്നലെ വൈകിട്ട് 3.45 വരെ തുടര്‍ന്നു. ഇതിനിടെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ആലുവ പൊലീസ് ക്ലബിലെത്തി. പത്ത് മിനിറ്റ് മാത്രമായിരുന്നു ബെഹ്‌റ പ്രതിയെ ചോദ്യം ചെയ്തത്. ഡി.ജി.പി ബംഗാളിയില്‍ ചോദ്യശരങ്ങളെറിഞ്ഞു. അമി ഉല്‍ ഇസ്ലാമിന്റെ മറുപടിയും ബംഗാളിയില്‍. അഞ്ചു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ഡി.ജി.പി, പ്രതിയെ കോടതിയിലെത്തിക്കാന്‍ സമയമായതിനാല്‍ പിന്‍വാങ്ങി. അതുവരെ ദ്വിഭാഷിയുടെ സഹായത്തോടെയാണ് അമിയുലിനെ പൊലീസ് ചോദ്യം ചെയ്തിരുന്നത്. ചോദ്യം ചെയ്യല്‍ പുരോഗമിച്ചതോടെ അമിക്ക് അസാമീസ്, ബംഗാളി, ഹിന്ദി ഭാഷകള്‍ അറിയാമെന്ന് വ്യക്തമായി.

ഈ വിവരം ഡി.ജി.പിയെ ധരിപ്പിച്ചതോടെയാണ് ചോദ്യങ്ങള്‍ ബംഗാളി ഭാഷയിലായത്. പൊലീസ് കസ്റ്റഡിയില്‍ ലഭിക്കുമ്പോള്‍ ഡി.ജി.പിയുടെ നേതൃത്വത്തില്‍ അമിയെ വിശദമായി ചോദ്യം ചെയ്യും. ഇന്നലെയും മൊഴി മാറ്റിപ്പറഞ്ഞ അമിയെ സാഹചര്യത്തെളിവുകള്‍ നിരത്തി അന്വേഷണസംഘം നിറുത്തിപ്പൊരിച്ചു. നാലു പേര്‍ ചേര്‍ന്നാണ് ജിഷയെ കൊലപ്പെടുത്തിയതെന്നായിരുന്നു പുതിയ വെളിപ്പെടുത്തല്‍. അതെങ്ങനെയെന്ന് ചോദിച്ചപ്പോള്‍ മിണ്ടിയില്ല. പിന്നീട് രണ്ടു പേരെന്നായി. രണ്ടാമനെക്കുറിച്ച് ചോദിച്ചപ്പോഴും അനക്കമില്ല. ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരം മുട്ടിയതോടെ അമി വീണ്ടും കുറ്റസമ്മതം നടത്തി. കൊല നടത്തിയത് എങ്ങനെയെന്ന് കാട്ടിത്തരാന്‍ അന്വേഷണസംഘം നിര്‍ദ്ദേശിച്ചു. ജിഷയുടെ വീട്ടിലേക്ക് പ്രവേശിച്ചത് മുതല്‍ ചെയ്ത കാര്യങ്ങള്‍ ആംഗ്യത്തിലൂടെ അമി കാട്ടി. ഇത് വിഡിയോയിലും ചിത്രീകരിച്ചിട്ടുണ്ട്. പ്രതി മൊഴി മാറ്റിപ്പറയുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും വ്യക്തമായ തെളിവുകളിലൂടെ ഇതിനെ മറികടക്കാന്‍ കഴിയുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button