NewsInternational

പ്രവാസികള്‍ കരുതിയിരിക്കുക തട്ടിപ്പുകാര്‍ നിങ്ങള്‍ക്ക് ചുറ്റുമുണ്ട്!!!

ദുബായ്: താമസ കുടിയേറ്റ വിഭാഗത്തിലെ ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തിയായിരിക്കും തട്ടിപ്പ് സംഘം നിങ്ങളെ ഫോണില്‍ ബന്ധപ്പെടുന്നത്. അല്ലെങ്കില്‍ ഇന്റലിജന്‍സ് ബ്യൂറോ, അതുമല്ലെങ്കില്‍ പ്രത്യേക അന്യേഷണ സംഘം എന്നിങ്ങനെ പല പേരിലും അവര്‍ നിങ്ങളെ വിളിക്കും. നാട്ടില്‍ നിങ്ങള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് നിങ്ങളെ തേടി പിടിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറാന്‍ നിര്‍ദേശമുണ്ടെന്നും സംഘം നിങ്ങളോട് പറയും. ഇതോടെ ഫോണ്‍ ലഭിക്കുന്ന ആള്‍ പരിഭ്രാന്തരാകും.
മുന്‍പ് ഏതെങ്കിലും നിസാര കേസുകള്‍ നിലവിലുള്ളവരാണെങ്കില്‍ വിശ്വാസത്തിന് മറ്റൊരാളെ സമീപിക്കുകയുമില്ല. ഏതായാലും കേസ് ഒതുക്കി തീര്‍ക്കാമെന്നും താങ്കള്‍ ഈ രാജ്യത്ത് ഇല്ലെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കാമെന്നുമായിരിക്കും സംഘം പിന്നീട് നിങ്ങളോട് പറയുക. പക്ഷെ അതിന് കുറച്ച് പണം നല്‍കണം. എന്നാല്‍ പണം നേരിട്ട് വാങ്ങിക്കുവാന്‍ സംഘം തയ്യാറാവില്ല. പകരം ഏതെങ്കിലും പണവിനിമയ സ്ഥാപനങ്ങള്‍ വഴി തങ്ങള്‍ നല്‍കുന്ന അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടും.

ഇത്തരത്തില്‍ കഴിഞ്ഞ ദിവസം കണ്ണൂര്‍ സ്വദേശിയായ യുവാവിനെ തേടി ഫോണ്‍ കോള്‍ എത്തി. തട്ടിപ്പ് സംഘം ആദ്യമെ യുവാവിന്റെ പാസ്‌പോര്‍ട്ട് ഐ.ഡി കാര്‍ഡ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. വിളിച്ച ഉടന്‍ കാര്യങ്ങള്‍ പറഞ്ഞതിനു ശേഷം മുഴുവന്‍ പേരും പാസ്‌പോര്‍്ട്ട്, ഐ.ഡി വിവരങ്ങളും ക്യത്യമായി പറഞ്ഞതോടെ യുവാവ് ഞെട്ടി. പിന്നീട് പണം നല്‍കാന്‍ നേരിട്ടെത്താമെന്ന് പറഞ്ഞപ്പോള്‍ അത് വേണ്ടന്ന് ആവര്‍ത്തിച്ച് പറഞ്ഞത് യുവാവിനെ സംശയത്തിന്നിടയാക്കി.
പിന്നീടുള്ള അന്വേഷണത്തില്‍ തട്ടിപ്പ് സംഘമാണ് തന്നെ ബന്ധപ്പെട്ടതെന്ന് ഇയാള്‍ക്ക് മനസ്സിലാവുകയായിരുന്നു. ഏതായാലും ഇത്തരത്തിലുളള തട്ടിപ്പ് കോളുകള്‍ പലര്‍ക്കും ലഭിച്ചതായുള്ള പരാതികള്‍ ലഭിച്ചതായി പോലീസും വ്യക്തമാക്കിയിട്ടുണ്ട്. കരുതിയിരിക്കുക തട്ടിപ്പ് സംഘം നമ്മുടെ അരികില്‍ തന്നെയുണ്ട്…

shortlink

Related Articles

Post Your Comments

Related Articles


Back to top button