ബീഹാര്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് അശോക് ചൗധരി “ഡിയര്‍” എന്ന വിളിയോടെ ഓണ്‍ലൈനില്‍ തന്നെ അഭിസംബോധന ചെയ്ത സംഭവം സാമൂഹികപ്രതിപത്തിയുള്ള ഒരു സന്ദേശത്തിന്‍റെ പ്രചരണത്തിനായി കേന്ദ്രമാനവശേഷി വികസനവകുപ്പ് മന്ത്രി സ്മൃതി ഇറാനി ബുദ്ധിപൂര്‍വ്വം ഉപയോഗിച്ചത് ശ്രദ്ധേയമാകുന്നു. “ഡിയര്‍” എന്ന വിളിയില്‍ പ്രത്യക്ഷത്തില്‍ കുഴപ്പമൊന്നുമില്ലെങ്കിലും, സ്ത്രീകള്‍ ഇത്തരത്തിലുള്ള പദപ്രയോഗങ്ങളിലൂടെ പൊതുസ്ഥലങ്ങളില്‍ അഭിസംബോധന ചെയ്യപ്പെടുന്നത്, കാലങ്ങളായി സ്ത്രീകളുടെ അഭിപ്രായം തുറന്നുപറയാതെ അത് അടിച്ചമര്‍ത്തി വച്ചിരിക്കുന്ന സാമൂഹികാവസ്ഥയുടെ പരിണിതഫലം കൂടിയാണെന്ന നിരീക്ഷണമാണ് സ്മൃതി തന്‍റെ പ്രതികരണത്തിലൂടെ പങ്കുവയ്ക്കുന്നത്.
“തനിക്ക് അപ്രിയമായ പദപ്രയോഗങ്ങള്‍ ഉണ്ടാകുമ്പോഴും ശബ്ദം ഉയര്‍ത്താതെ മുഖംതാഴ്ത്തി നില്‍ക്കാനാണ് നമ്മുടെ സമൂഹം സ്ത്രീകളെ പഠിപ്പിക്കുന്നത്. പഠനത്തിനായി സ്കൂളുകളിലേക്കും കോളേജുകളിലേക്കും നടന്നു പോകുന്ന പെണ്‍കുട്ടികളോടും, പരിമിതമായ കുടുംബബജറ്റ് മനസ്സില്‍ക്കണ്ട് മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന പെണ്‍കുട്ടികളോടും ആണ്‍കുട്ടികള്‍ കമന്‍റടിക്കുകയാണെങ്കില്‍ പ്രതികരിക്കാതെ, മുഖമുയര്‍ത്തി നോക്കാതെ, നേരേതന്നെ നടന്നു പോകാനാണ് നാം ഉപദേശിക്കുന്നത്. എത്ര അപമാനിതയായി തോന്നിയാലും പ്രതികരിക്കരുത് എന്നാണ് നാം പെണ്‍കുട്ടികളോട് പറയാറുള്ളത്. പക്ഷേ, എന്തൊക്കെ പറഞ്ഞാലും പ്രതികരിക്കുന്ന സ്വഭാവം ഉള്ളവരും കാണും. അവരുടെ ചോദ്യം, “എന്തിന് ഇത്തരം കാര്യങ്ങള്‍ ചോദ്യം ചെയ്യപ്പെടാതെ ഇരിക്കണം? എന്തിന് പ്രതികരിക്കാതിരിക്കണം? എന്തിന് വായടച്ചു മിണ്ടാതിരിക്കണം? എന്നൊക്കെ ആയിരിക്കും”. ഇതിനൊക്കെയുള്ള സാധാരണ മറുപടികള്‍ ‘പ്രതികരിച്ചിട്ട് കാര്യമില്ല. നഷ്ടം നിനക്ക് തന്നെയായിരിക്കും. ആണ്‍കുട്ടികള്‍ക്ക് നഷ്ടമൊന്നും വരില്ല’ എന്നൊക്കെയായിരിക്കും,” ലിംഗവ്യത്യാസം ഒന്നുകൊണ്ടു മാത്രം ഇന്നത്തെ മത്സരാധിഷ്ഠിധ സമൂഹത്തില്‍, ജോലിയുള്ള സ്ത്രീകള്‍ ദിവസവും നേരിടുന്ന പ്രതിബന്ധങ്ങളെപ്പറ്റി ഓര്‍മ്മിപ്പിച്ചുകൊണ്ട് സ്മൃതി തന്‍റെ പ്രതികരണത്തില്‍ ഈ കാര്യങ്ങളാണ് പരാമര്‍ശിച്ചത്.
സ്മൃതിയുടെ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വന്‍ചര്‍ച്ചയായി മാറിയിരിക്കുകയാണ് ഇപ്പോള്‍. പ്രതികരിക്കുന്നവരില്‍ 99 ശതമാനവും, പ്രത്യേകിച്ച് പുരുഷന്മാര്‍, സ്മൃതിയുടെ നിരീക്ഷണങ്ങളെ അനുകൂലിച്ചുകൊണ്ടാണ് രംഗത്ത് വന്നിരിക്കുന്നത്.
Post Your Comments