ന്യൂയോര്‍ക്: ഭൂമിക്കു പുറത്ത് ജീവന്റെ പുതിയ സാധ്യതകള്‍ ശാസ്ത്രലോകം കണ്ടത്തെുമ്പോഴും ഒരു ചോദ്യം ബാക്കിയാകുന്നു: മനുഷ്യരെക്കാര്‍ നാഗരികരായ ഭൗമേതര ജീവന്‍ പ്രപഞ്ചത്തിലെവിടെയെങ്കിലും നിലനില്‍ക്കുന്നുണ്ടെങ്കില്‍ അവ ഭൂമിയിലുള്ളവരുമായി ബന്ധപ്പെടാത്തതിന്റെ കാരണമെന്തായിരിക്കും? അമേരിക്കയിലെ കേര്‍ണല്‍ സര്‍വകലാശാലയിലെ ജ്യോതിശ്ശാസ്ത്രജ്ഞര്‍ പറയുന്നത് അന്യഗ്രഹ ജീവികള്‍ ഭൂമിയിലുള്ളവരുമായി ബന്ധപ്പെടാന്‍ നാം ഇനിയും കാത്തിരിക്കണമെന്നാണ്. അതും 1500 വര്‍ഷം. പ്രപഞ്ചം നാം കരുതിയതിനെക്കാളും വിശാലമാണെന്നും അതുകൊണ്ടുതന്നെ ഒരു ഭൗമേതര ജീവന് ഭൂമിയിലത്തൊന്‍ കാലങ്ങള്‍ വേണ്ടിവരുമെന്നും സര്‍വകലാശാലയിലെ ഇവാന്‍ സോളംനൈഡ്‌സ് പറയുന്നു. കഴിഞ്ഞ 60 വര്‍ഷത്തിലധികമായി ഭൂമിക്കു പുറത്തുള്ള ജീവനെത്തേടിയുള്ള യാത്രയിലാണ് ശാസ്ത്രലോകം. ഭൂമിയില്‍നിന്ന് റേഡിയോ സിഗ്‌നലുകളും മറ്റും അയച്ചാണ് ഭൂമിയിലെ ജീവന്റെ സാന്നിധ്യം അന്യഗ്രഹജീവികളെ അറിയിക്കാന്‍ ഗവേഷകര്‍ ശ്രമിക്കുന്നത്. ഈ സിഗ്‌നലുകള്‍ കോഡ് ഭാഷയിലാണ്. ഭൂമിയില്‍നിന്ന് 80 പ്രകാശ വര്‍ഷം അകലെയുള്ള 8000ത്തിലധികം നക്ഷത്രങ്ങളിലേക്ക് ഈ സിഗ്‌നലുകള്‍ ഇതിനകം എത്തിയിട്ടുണ്ട്. ഈ നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളില്‍ ജീവന്‍ പതിയിരിക്കുന്നുവെങ്കില്‍ അവക്ക് ഈ സിഗ്‌നലുകളെ തിരിച്ചറിയാനാകും. എന്നാല്‍, ആകാശഗംഗയില്‍ മാത്രം കോടിക്കണക്കിന് നക്ഷത്രങ്ങളുണ്ടായിരിക്കെ, ഈ സിഗ്‌നലുകള്‍കൊണ്ടു മാത്രം അന്യഗ്രഹ ജീവികളെ ഭൂമിയിലത്തെിക്കാന്‍ കഴിയില്ലെന്ന് സോളംനൈഡ്‌സ് പറയുന്നു. അതുകൊണ്ടുതന്നെ, ഈ പരീക്ഷണവുമായി മാത്രം മുന്നോട്ടു നീങ്ങിയാല്‍ പോലും 1500 വര്‍ഷമെങ്കിലും നാം ഇനിയും കാത്തിരിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
പ്രപഞ്ചത്തില്‍ കോടിക്കണക്കിന് ഭൂസമാന ഗ്രഹങ്ങളുണ്ടായിട്ടും എന്തുകൊണ്ട് ഒരു അന്യഗ്രഹ ജീവിയും ഭൂമിയുമായി ഇതുവരെയും ബന്ധപ്പെട്ടില്ലെന്ന് ആദ്യമായി ചോദിച്ചത് ഇറ്റാലിയന്‍ ശാസ്ത്രജ്ഞനായ ഹെന്റിക്കോ ഫെര്‍മിയാണ്. ‘ഫെര്‍മി പ്രഹേളിക’ എന്നാണ് ഇതറിയപ്പെടുന്നത്.
ഫെര്‍മി പ്രഹേളികക്ക് ബദലായി മെഡിയോക്രിറ്റി തത്ത്വമാണ് സോളംനൈഡ്‌സും സംഘവും പിന്തുടരുന്നത്. 16ാം നൂറ്റാണ്ടില്‍ കോപ്പര്‍ നിക്കസാണ് ഈ തത്ത്വം ആവിഷ്‌കരിച്ചത്. ഭൂമി അനന്യവും അനുപമവുമായ ഗ്രഹമല്ലെന്നും ഇതേ സ്വഭാവ വിശേഷണങ്ങളടങ്ങിയ കോടിക്കണക്കിന് ഗ്രഹങ്ങള്‍ പ്രപഞ്ചത്തിലുണ്ടാകാമെന്നുമാണ് ഈ തത്ത്വത്തിന്റെ കാതല്‍. അതുകൊണ്ടുതന്നെ, ഭൂമിയെ മാത്രമായി അന്യഗ്രഹങ്ങള്‍ ആകര്‍ഷിക്കുകയെന്നത് വിദൂര സാധ്യത മാത്രമാണെന്നും കോപ്പര്‍ നിക്കസ് ഈ സിദ്ധാന്തത്തിലൂടെ വാദിക്കുന്നു. ഇതും അന്യഗ്രഹജീവികളുടെ സന്ദര്‍ശനം വൈകാന്‍ കാരണമാകാം.
Post Your Comments