ഏപ്രിൽ 28 : വട്ടോളിപ്പടി കനാൽബണ്ടിലെ വീട്ടില്‍ കുറ്റിക്കാട്ട് വീട്ടിൽ രാജേശ്വരിയുടെ മകൾ ജിഷയെ മരിച്ച നിലയിൽ കണ്ടെത്തി. രാത്രിയില്‍ ജോലികഴിഞ്ഞ് വീട്ടിലെത്തിയ അമ്മ രാജേശ്വരിയാണ് മകളുടെ മൃതദേഹം കണ്ടെത്തിയത്. അന്നുതന്നെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി
ഏപ്രിൽ 29 : കൊലപാതകത്തിന്റെ വകുപ്പു മാത്രം ചേർത്ത് കുറുപ്പംപടി സിഐ മജിസ്ട്രേട്ട് കോടതിയിൽ റിപ്പോർട്ട് നൽകി. ജിഷയുടെ ശരീരത്തിൽനിന്നു ശേഖരിച്ച സാംപിളുകളും വീടിനുള്ളിൽനിന്നു ലഭിച്ച വിരലടയാളങ്ങളും ഫൊറൻസിക് പരിശോധനക്കയച്ചു. മൃതദേഹം സംസ്‌കരിച്ചു. രാത്രിയില്‍ ഒരു ശ്മശാനത്തിലായിരുന്നു മൃദേഹം സംസ്‌കരിച്ചത്. അവിടെ തുടങ്ങുന്നു കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍. ഇത്രമേല്‍ ഹീനമായ ഒരു കൊലപാതകമായിട്ടും എന്തുകൊണ്ട് തിടുക്കപ്പെട്ട് മൃതദേഹം സംസ്‌കരിച്ചു എന്നത് പിന്നീടുള്ള ദിനങ്ങളില്‍ വന്‍ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചു.
മെയ് 1 : കൊലയാളി ഇതരസംസ്ഥാന തൊഴിലാളിയാണെന്ന സൂചന ലഭിച്ച പൊലീസ് ജിഷയുടെ വീടിനിടുത്തുള്ള തൊഴിലാളികളെ ചോദ്യംചെയ്തു. അടുത്ത ദിവസം വന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ജിഷ ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തില്‍ 38 മുറിവുകള്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടി. സംഭവം നടന്ന് അഞ്ച് ദിവസമായിട്ടും പ്രതിയെ കണ്ടെത്താന്‍ സാധിക്കാഞ്ഞതോടെ പ്രതിഷേധം ശക്തമായി. തുടര്‍ന്ന് കൊച്ചി റേഞ്ച് ഐജി മഹിപാല്‍ യാദവിന് അന്വേഷണ ചുമതല നല്‍കി.
മെയ് 2 : പ്രതിയുടേത് എന്നു സംശയിക്കാവുന്ന ഒരു ജോഡി കറുത്ത പ്ലാസ്റ്റിക് ചെരിപ്പ് പൊലീസിനു ലഭിച്ചു.
മെയ് 3 : പ്രതിയിലേക്ക് എത്തിയെന്ന് ആവേശം ജനിപ്പിച്ച് അടുത്ത ദിവസം പ്രതികളെന്ന് അവകാശപ്പെട്ട് പൊലീസ് സംഘം രണ്ടുപേരെ മുഖം മറച്ച് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചു.
മെയ് 4 : മാധ്യമങ്ങള്‍ സംഭവം ഏറ്റെടുക്കുന്നു. അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരില്‍.
മെയ് 5 : അന്വേഷണ സംഘത്തെ വിപുലീകരിച്ച് ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി ജിജിമോനെ അന്വേഷണ ചുമതല ഏല്‍പ്പിച്ചു. അന്ന് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് സമര്‍പ്പിച്ച അന്വേഷണ പുരോഗതിു റിപ്പോര്‍ട്ടില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് കുറ്റപ്പെടുത്തി.
മെയ് 7 : മെയ് ഏഴിനാണ് നാട്ടുകാരുടെ മൊഴികള്‍ പ്രകാരം പ്രതിയെന്ന സംശയിക്കുന്ന ആളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കിയത്.
മെയ് 9 : ജിഷ വധക്കേസ് ലാഘവത്തോടെ കാണുന്നെന്ന് പ്രധാനമന്ത്രിയുടെ വിമര്‍ശനം. തലയണക്കീഴിൽ വാക്കത്തിയുമായാണു ജിഷ ഉറങ്ങിയിരുന്നതെന്ന് കണ്ടെത്തി.
മെയ് 12 : ശരീരത്തിലേറ്റ കടിയുടെ അടിസ്ഥാനത്തില്‍ മുന്‍നിരയിലെ പല്ലുകളില്‍ വിടവുള്ളയാളുകളെക്കുറിച്ച് അന്വേഷണം തുടങ്ങി.
മെയ് 15 : ജിഷയുടെ ചുരിദാറിൽ പറ്റിയിരുന്ന ഉമിനീരിന്റെ ചെറിയൊരംശത്തിൽ നിന്ന് പ്രതിയുടേതെന്നു സംശയിക്കുന്ന ഡിഎൻഎ സാംപിൾ തിരിച്ചറിഞ്ഞു
മെയ് 25 : പിണറായി മന്ത്രിസഭയുടെ ആദ്യയോഗം. ജിഷ വധക്കേസ് അന്വേഷണം ചുമതല എഡിജിപി ബി.സന്ധ്യയ്ക്ക് കൈമാറാന്‍ തീരുമാനമായി.
മെയ് 27: ദക്ഷിണ മേഖല എഡിജിപി ബി.സന്ധ്യയുടെ മേൽനോട്ടത്തിലുള്ള പുതിയ സംഘം അന്വേഷണം ഏറ്റെടുത്തു.
ജൂൺ 2 : ടി.പി.സെന്‍കുമാറിന് ഡിജിപി സ്ഥാനം നഷ്ടമായി. ലോക്നാഥ് ബഹ്റ ചുമതലയേറ്റു.
ജൂൺ 3 : അന്വേഷണ സംഘം കൊലയാളിയുടെ പുതിയ രേഖാചിത്രം തയാറാക്കി.
ജൂൺ 4 : ജിഷയുടെ അമ്മയില്‍ നിന്ന് വിശദമായ മൊഴിയെടുത്തു
ജൂണ്‍ 5: ഡിജിപി ലോക്നാഥ് ബെഹ്റ ജിഷയുടെ വീട് സന്ദര്‍ശിക്കുന്നു. ജിഷയുടെ മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ച മൂന്ന് യുവാക്കളുടെ ചിത്രങ്ങള്‍ അടിസ്ഥാനമാക്കി അന്വേഷണം തുടങ്ങി. ജിഷയുടെ ഫോണിലെ കോള്‍ലിസ്റ്റിന്റെ വിവരങ്ങള്‍ അനുസരിച്ച് ജിഷയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ജൂൺ 10 : ജിഷയുടെ വീടിനടുത്തുള്ള ഒരു കടയില്‍ നിന്നും പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. എന്നാല്‍ ദൃശ്യങ്ങളില്‍ ഉള്ളയാളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
ജൂണ്‍ 15: വീടിന്റെ പരിസരത്തു നിന്നു ലഭിച്ച ചെരുപ്പിൽ ജിഷയുടെ രക്തകോശങ്ങൾ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്.
ജൂൺ 16: ജിഷയുടെ കൊലയാളി അമി ഉൽ ഇസ്‌ലാം പൊലീസ് പിടിയിൽ. ഡിഎൻഎ പരിശോധനയും ഇയാൾ തന്നെ പ്രതിയെന്ന് ഉറപ്പിച്ചു.
Post Your Comments