KeralaNews

ജിഷയെ കൊലപ്പെടുത്താനുള്ള കാരണം വെളിപ്പെടുത്തി അമിയുര്‍ ഉള്‍ ഇസ്ലാം

കൊച്ചി ● മുന്‍ വൈരാഗ്യമാണ് ജിഷയെ കൊലപ്പെടുത്തുന്നതിലേക്ക് തന്നെ നയിച്ചതെന്ന് പ്രതി അമിയുര്‍ ഉള്‍ ഇസ്ലാം. വീടുപണിയ്ക്ക് വന്നപ്പോഴാണ് ജിഷയെ പരിചയപ്പെടുന്നത്. ജിഷയുടെ വീടിന് 200 മീറ്റര്‍ അകലെയാണ് പ്രതി താമസിച്ചിരുന്നത്. സ്ത്രീകളെ ശല്യം ചെയ്യുന്നത് പതിവാക്കിയ പ്രതിയെ ഒരിക്കല്‍ കുളിക്കടവില്‍ ഒളിഞ്ഞുനോക്കുന്നതിനിടെ ഒരു സ്ത്രീ തല്ലി. ഇത് കണ്ട് ജിഷ പൊട്ടിച്ചിരിച്ചുവെന്നും ഇത് ജിഷയോട് തന്നില്‍ വൈരാഗ്യം തോന്നുന്നതിനിടയാക്കിയെന്നും പ്രതി മൊഴി നല്‍കി.

ജിഷയെ താന്‍ പലതവണ പ്രകോപ്പിക്കാന്‍ നോക്കിയെന്നും ലൈംഗികചേഷ്ടകള്‍ ജിഷയുടെ പിന്നാലെ നടന്നു കാണിക്കുമായിരുന്നുവെന്നും പ്രതി അന്വേഷണസംഘത്തിന് മൊഴി നല്‍കി. കൊലപാതകദിവസവും പ്രതി രാവിലെ ജിഷയുടെ വീട്ടിലെത്തി അനാവശ്യ ചേഷ്ടകള്‍ കാണിച്ചു. അപ്പോള്‍ ജിഷ ചെരുപ്പൂരി അടിക്കാന്‍ ഓങ്ങിയെന്നും പ്രതി മൊഴി നല്‍കി.

തുടര്‍ന്ന് അവിടെ നിന്ന് പോയ താന്‍ വൈകുന്നേരം മദ്യപിച്ച ശേഷം ജിഷയുടെ വീട്ടിലെത്തി. അവിടെ വച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.ഈ വാക്കുതര്‍ക്കത്തിനിടെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ജിഷയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. മരണവെപ്രാളത്തില്‍ ജിഷ അമിഉള്‍ ഇസ്ലാമിനെ കടിച്ചു. ഇതിനിടെ ജിഷ കുടിക്കാന്‍ വെളളം ചോദിച്ചപ്പോള്‍ കയ്യിലുണ്ടായിരുന്ന മദ്യം ജിഷയുടെ വായിലേക്ക് ഒഴിച്ചു. പിന്നാലെ കത്തി ഉപയോഗിച്ച് ജിഷയുടെ ജനനേന്ദ്രിയം കുത്തിക്കീറി. മാനഭംഗപ്പെടുത്താനും ശ്രമിച്ചു.  പിന്നീട് കൈയിലുണ്ടായിരുന്ന കത്തിയുപയോഗിച്ച് മൃതദേഹം വികൃതമാക്കി. കൃത്യം നടത്തിയ ശേഷം രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ചെരുപ്പ് മണ്ണില്‍ പുതഞ്ഞതിനാല്‍ അതവിടെ ഉപേക്ഷിച്ച് കനാലില്‍ ശരീരം വൃത്തിയാക്കി തന്റെ മുറിയിലേക്കു പോയി. മുറിയില്‍ എത്തി അന്നുതന്നെ പുറത്തിറങ്ങി ആലുവ സ്റ്റേഷനില്‍ എത്തി രാത്രി അവിടെ കഴിച്ചുകൂട്ടിയ ശേഷം രാവിലെ ട്രെയിനില്‍ ആസാമിലേക്ക് പോയി. കുറച്ച് ദിവസം അവിടെ തങ്ങിയ ശേഷം അവിടെ നിന്നും ചെന്നൈയിലേക്കു പോന്നു. പിന്നീട് അവിടെ ജോലി ചെയ്തു. ചെന്നൈയിലെ ജോലി അവസാനിപ്പിച്ച് കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ എത്തി. അവിടെയായിരുന്ന സമയത്ത് ആലുവയിലെ സുഹൃത്തുക്കളെ വിളിച്ച് കേസിന്റെ വിവരങ്ങള്‍ തിരക്കി. പോലീസ് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയപ്പോഴാണ് പ്രതിയുടെ സുഹൃത്തിനെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ ചോദ്യംചെയ്തപ്പോള്‍ പ്രതിയുടെ വിവരം ലഭിച്ചു. മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ പാലക്കാട് അതിര്‍ത്തിയില്‍ ഉണ്ടെന്ന് മനസിലായി. പിന്നാലെ അന്വേഷണസംഘം അവിടെയെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button