പ്രമുഖ കാര്‍ നിര്‍മാതാക്കളായ ടാറ്റ മോട്ടേഴ്സ് ചെറുകാറായ നാനോയുടെ ഇലക്‌ട്രിക് പതിപ്പിനെ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. നോര്‍വീജിയന്‍ ഇലക്‌ട്രിക് കാര്‍ നിര്‍മ്മാണ വിദഗ്ദ്ധരായ മില്‍ജോബില്‍ ഗ്രെന്‍ലാന്‍ഡ് എന്ന കമ്പനിയുമായുള്ള പങ്കാളിത്തതിലാണ് ടാറ്റ നാനോയുടെ ഇലക്‌ട്രിക് പതിപ്പിനെ പുറത്തിറക്കിയത്.
2010 ലെ ജനീവ എക്സ്പോയില്‍ അരങ്ങേറ്റം കുറിച്ചുവെങ്കിലും ഇലക്‌ട്രിക് നാനോ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരുന്നില്ല. യൂറോപ്പ്യന്‍ മാര്‍ക്കറ്റുകളെ ലക്ഷ്യമിട്ടായിരുന്നു ആദ്യമിറക്കിയത്. ഇലക്‌ട്രിക് കാറുകള്‍ക്കിപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ അനുകൂലമായ സാഹചര്യം വന്നപ്പോഴാണ് നാനോയുടെ ഇലക്‌ട്രിക് പതിപ്പിനെ ഇറക്കാന്‍ ടാറ്റ തീരുമാനിച്ചത്.
ഇന്ന് വില്‍പനയിലുള്ള മറ്റ് നാനോയുമായി താരതമ്യം ചെയ്യുമ്പോള്‍ വീലിനും വീല്‍ ആര്‍ച്ചിനുമിടയിലുള്ള ഗ്യാപ്പ് വളരെ കുറവാണ് ഈ ഇലക്‌ട്രിക് പതിപ്പിന്. ഈ വീല്‍ ഘടനയില്‍ നിന്നും വ്യക്തമാക്കാം ലോ സസ്പെന്‍ഷനാണ് ഇലക്‌ട്രിക് പതിപ്പിന് നല്‍കിയിരിക്കുന്നതെന്ന്. ഭാരം ക്രമീകരിക്കുന്നതിനായി മുന്‍സീറ്റിനടിയിലാണ് ബാറ്ററി ഘടിപ്പിച്ചിരിക്കുന്നത്. എന്‍ജിന്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല. നാനോയുടെ ഇലക്‌ട്രിക് പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തുകയാണെങ്കില്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ എന്‍.എം.എം.പി 2020(നാഷണല്‍ ഇലക്‌ട്രിക് മൊബിലിറ്റി മിഷന്‍ പ്ലാന്‍) എന്ന ആനുകൂല്യവും ലഭിക്കാനുള്ള സാധ്യതയുണ്ട്.
Post Your Comments