ഒരു അഞ്ചു വയസുകാരന് കൂട്ടുകാരിയോടു തോന്നിയ നിഷ്കളങ്ക സ്നേഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ച ആയിരിക്കുന്നത്. ഫ്രെഡി ജിബ്സൺ എന്ന കുട്ടി തന്റെ കൂട്ടുകാരിക്ക് നൽകിയ ഒരു റൊമാന്റിക് ട്രീറ്റ് ആണ് വിഷയം. ഇതിൽ അത്ഭുതപ്പെടാൻ എന്തിരിക്കുന്നു എന്നല്ലേ..
ഡോർസെറ്റിലെ ക്രൈസ്റ്റ് ചർച്ച് സ്വദേശിയാണു അഞ്ചുവയസുകാരനായ ഫ്രെഡി. ഒരുദിവസം അമ്മയോടും അച്ഛനോടും ‘ ഡേറ്റ് ‘ എന്നാൽ എന്താണെന്ന് ഫ്രെഡി ചോദിച്ചു. ഇഷ്ടപെട്ട ആളോടൊപ്പം പുറത്ത് പോയി ഭക്ഷണം കഴിക്കുകയാണെന്ന് പറഞ്ഞപ്പോൾ ഫ്രെഡിക്കും തോന്നി അങ്ങനെ ഒരു ആഗ്രഹം. അതും തന്റെ പ്രിയസുഹൃത്ത് ഡീഡീ യ്ക്കൊപ്പം. അങ്ങനെ തനിക്കു പിറന്നാളിനു ലഭിച്ച പണമെല്ലാം ചേര്‍ത്തുവച്ച് ഡീഡീയ്ക്ക് ഭക്ഷണവിരുന്നു നൽകാൻ ഫ്രെഡി തീരുമാനിച്ചു.
എന്നാൽ ഡീഡീയെക്കൊണ്ട് ഇക്കാര്യം സമ്മതിപ്പിക്കാനായി സ്വന്തം മാതാപിതാക്കളെ തന്നെ പറഞ്ഞു വിട്ടു ഈ വിരുതൻ. അങ്ങനെ കുട്ടികളുടെ ഈ ആഗ്രഹം നടത്തിക്കൊടുക്കാൻ ഡീഡീയുടെ മാതാപിതാക്കളും തീരുമാനിച്ചു. തനിക്കൊപ്പമുള്ള സമയം മുഴുവന്‍ ഡീഡീ സന്തോഷവതിയായിരിക്കണം, മെനു വായിക്കാൻ ഡീഡീയെ സഹായിക്കണം, താൻ ബൊക്കെ നൽകുമ്പോൾ ഡീഡീയുടെ മുഖഭാവം എങ്ങനെയാണെന്നറിയണം ഇതൊക്കെയായിരുന്നു ഫ്രെഡിയുടെ ആഗ്രഹം.
ഇത് കൂടാതെ ഡീഡീയ്ക്കും ഫ്രെഡിയ്ക്കും വേണ്ടി റെസ്റ്റോറന്റ് അധികൃതരും സർപ്രൈസ് കാത്തുവച്ചിട്ടുണ്ടായിരുന്നു. ലവ് തീം ഡിസേർട്ട് ആണ് ഇരുവർക്കും വേണ്ടി റെസ്റ്റോറന്റിൽ തയ്യാറാക്കിയത്. ഇരുവരുടെയും ആദ്യ ഡേറ്റ് ചിത്രസഹിതം സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തതോടെ മാതാപിതാക്കളെ അഭിനന്ദിച്ചും വിമർശിച്ചും ധാരാളം അഭിപ്രായങ്ങൾ വന്നിരുന്നു. എന്തായാലും ഈ കൊച്ചു കുട്ടികളുടെ നിഷ്കളങ്കമനസ് ഇഷ്ടപെടുന്നവരും കുറവല്ല.
Post Your Comments