കൊച്ചി: കവിത വായിക്കുമ്പോള്‍ മനസ്സില്‍ തെളിയുന്ന ബിംബങ്ങളുണ്ട്.കവിതയിലെ ബിംബങ്ങള്‍ക്കും കവിതയ്ക്ക് തന്നെയും സാങ്കേതിക മികവോടെ നല്‍കിയ രൂപമാണ് പോയട്രി ഇന്‍സ്റ്റലേഷന്‍. ഇന്ത്യയില്‍ പ്രത്യേകിച്ചും കേരളത്തില്‍ പുതുമയുള്ള ഒരു സംരംഭമാണ് ഇത്. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ദര്‍ബാര്‍ ഹാളില്‍ പോയട്രി ഇന്‍സ്റ്റലേഷന്‍ അരങ്ങേറുന്നത്. ജൂണ്‍ പതിനഞ്ചു വരെയാണ് ഉണ്ടാവുക.
ആസ്വാദകന്റെ മനസ്സില്‍ മാത്രമായി മുഴങ്ങുന്ന കവിതയെ ബിംബവല്‍ക്കരിച്ച് ദൃശ്യ-ശ്രവ്യ മാനങ്ങള്‍ നല്‍കുമ്പോള്‍ കവിത നമ്മുടെ ഇടയില്‍ നിന്നുകൊണ്ട് നമ്മളോട് സംസാരിയ്ക്കുന്നു,സംവദിയ്ക്കുന്നു. ആ വ്യത്യസ്ത അനുഭവമാണ് പോയട്രി ഇന്‍സ്റ്റലേഷന്‍റെ പുതുമ.
ദേശീയത എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള നാല് കവിതകളാണ് ഇത്തവണ പോയട്രി ഇന്‍സ്റ്റലേഷനില്‍ ഉള്ളത്. തിബറ്റില്‍ നിന്നുള്ള വിപ്ലവകവി ടെന്‍സിംഗ് സിണ്ട്യുവിന്റെ കവിത ‘ധരം ശാലയില്‍ മഴ പെയ്യുമ്പോള്‍’ ജോയ് മാത്യു ശബ്ദം നല്കിയിരിയ്ക്കുന്നു. കവി റഫീക്ക് അഹമ്മദിന്റെ ‘ദേശഭക്തിയെകുറിച്ചു ചില വരികൾ’, ‘സിനി ജോണിന്റെ ചതുരംഗപ്പലകയിലെ ആരവങ്ങൾ’, ‘ അജീഷ് ദാസിന്റെ ശവപ്പെട്ടി മാർച്ച് ‘ എന്നിവയാണു പോയട്രി ഇന്‍സ്റ്റലേഷന്‍ വേദികളിലെ കവിതകൾ.
ചെറുകഥാകൃത്തായ വിനോദ് കൃഷ്ണയാണ് പോയട്രി ഇന്‍സ്റ്റലേഷന്‍ ഡയറക്ടര്‍. പ്രശസ്ത സൌണ്ട് ഡിസൈനര്‍ രംഗനാഥ് രവിയാണ് ശബ്ദ പശ്ചാത്തലം ഒരുക്കിയിരിയ്ക്കുന്നത്. പ്രവേശനം തികച്ചും സൌജന്യമാണ്.
Post Your Comments