തിരുവനന്തപുരം ● ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വിവാദമായ മെത്രാന് കായലിലും ആറന്മുളയിലും കൃഷിയിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. കൃഷിവകുപ്പ് സെക്രട്ടറിയോട് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഈ മാസം 17 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മന്ത്രി മെത്രാന് കായല്‍ സന്ദര്‍ശിക്കും.
സര്‍ക്കാര്‍ ചെലവില്‍ ഈ രണ്ടു സ്ഥലങ്ങളും കാര്‍ഷിക സമൃദ്ധിയിലേക്ക് തിരിച്ചു കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. 400 ഏക്കറോളം വരുന്ന മെത്രാന് കായലില്‍ കൃഷി ഇറക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നിയമപരമായും സാങ്കേതിക പരമായുമുള്ള വശങ്ങള് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രി കൃഷി വകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്. വിശദമായ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൃഷി ഇറക്കുമ്പോള്‍ നിയമപരമായും സാങ്കേതിക പരമായുമുള്ള പ്രശ്നങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുനില്‍ കുമാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ആറന്മുളയില് നികത്തപ്പെടാതെ കിടക്കുന്ന ഭൂമിയിലും കൃഷി പുനസ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇവിടെ കൃഷി ഇറക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് രാഷ്ട്രീയ കക്ഷികള്‍ അറിയിച്ചു. സര്‍ക്കാരിന്റെ തീരുമാനം മികച്ചതാണെന്ന് ബി.ജെ.പി പ്രതികരിച്ചു.
മെത്രാൻ കായലിൽ 378 ഏക്കർ നിലം നികത്തി വിനോദ സഞ്ചാര പദ്ധതി ആവിഷ്കരിക്കാനാണ് കഴിഞ്ഞ യു.ഡി.എഫ്സർക്കാർ അനുമതി നൽകിയിരുന്നത്. മെത്രാന്‍കായല്‍ നികത്താനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
Post Your Comments