കൊച്ചി : കൊച്ചി മെട്രോ നിര്‍മാണം പ്രതിസന്ധിയില്‍. വോട്ട് ചെയ്യാന്‍ നാട്ടിലേക്ക് മടങ്ങിയ അന്യസംസ്ഥാന തൊഴിലാളികള്‍ തിരികെ എത്താത്തതിനാലാണ് മെട്രോ നിര്‍മാണം പ്രതിസന്ധിയിലായിരിക്കുന്നത്. ആലുവ മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെ നിര്‍മാണകരാര്‍ ഏറ്റെടുത്തിട്ടുള്ള രണ്ട് കമ്പനികളിലായി നാലായിരത്തോളം തൊഴിലാളികളാണുള്ളത്.
മഴക്കാലത്തിനു മുന്‍പ് നിര്‍മാണം പൂര്‍ത്തീകരിക്കേണ്ട സ്റ്റേഷനുകളുടെ പണികള്‍ 60% മാത്രമേ തീര്‍ന്നിട്ടുള്ളൂ. കഴിഞ്ഞ മൂന്നു മാസമായി ഉദ്ദേശിച്ച വേഗതയില്‍ പണികള്‍ മുന്നോട്ട് പോയില്ലെന്ന് ഡിഎംആര്‍സി അധികൃതര്‍ പറഞ്ഞു. 17 സ്റ്റേഷനുകളുള്ള ആദ്യ റീച്ചില്‍ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിനു മുന്നിലെ സ്റ്റേഷന് നിര്‍മാണമാണ് വളരെ പിന്നില്‍. 40% മാത്രമേ ഇവിടെ പൂര്‍ത്തീകരിക്കാനായുള്ളൂ. മറ്റ് സ്റ്റേഷനുകളുടെ പുറം പണികള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. ഭിത്തി പ്ലാസ്റ്ററിംഗും ഇലക്ട്രിക് വര്‍ക്കുകളും ശേഷിക്കുന്നത്. മഴ മാറി നില്ക്കുന്ന സമയങ്ങളില്‍ ഈ പണികള്‍ ചെയ്തു തീര്‍ക്കാനാകുമെന്നും ഡിഎംആര്‍സി അറിയിച്ചു.
തൊഴിലാളികളില്‍ ബംഗാള്‍, ബീഹാര്‍ സ്വദേശികളാണ് അധികവും. മാര്‍ച്ചിന് മുന്‍പ് അഞ്ചു ഘട്ടമായി നാട്ടിലേക്ക് പോയവരില്‍ പകുതി പേര് മാത്രമേ എത്തിയുള്ളൂ. മഴക്കു മുന്‍പ് മെട്രോ സ്റ്റേഷനുകളുടെ നിര്‍മാണം 80% എങ്കിലും പൂര്‍ത്തീകരിക്കണമെന്ന ഡിഎംആര്‍സിയുടെ കണക്കു കൂട്ടലുകള്‍ ഇതോടെ തെറ്റിയിരിക്കുകയാണ്.
Post Your Comments