IndiaNews

സിക്ക് വിരുദ്ധ കലാപം; കേന്ദ്രം പുനരന്വേഷണത്തിനൊരുങ്ങുന്നു

ന്യൂഡല്‍ഹി: 1984ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വധിച്ചതിനെ തുടര്‍ന്നുണ്ടായ സിക്ക് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് അവസാനിപ്പിച്ച 75 കേസുകളില്‍ പ്രത്യേക അന്വേഷണ സംഘം പുനരന്വേഷണം നടത്താന്‍ ഒരുങ്ങുന്നു. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ജഗദീഷ് ടൈറ്റ്ലര്‍, സജ്ജന്‍ കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട കേസുകളാണ് വീണ്ടും അന്വേഷിക്കുക. പഞ്ചാബില്‍ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം. മൂവായിരത്തിലേറെ സിക്കുകാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പൊലീസിന്റെ ഒത്താശയോടെയാണ് കലാപം നടന്നതെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.കലാപവുമായി ബന്ധപ്പെട്ട് 2733 പേരാണ് ഡല്‍ഹിയില്‍ മാത്രം കൊല്ലപ്പെട്ടത്.

 

സാക്ഷികളുടെ അഭാവം കാരണവും തെളിവുകളുടെ അപര്യാപ്തതയും മൂലം ഡല്‍ഹിയില്‍ മാത്രം 237 കേസുകളാണ് പൊലീസ് എഴുതിത്തള്ളിയത്. ഈ കേസുകള്‍ വീണ്ടും പരിശോധിച്ച ശേഷമാണ് ഇവയില്‍ 75 എണ്ണം പുനരന്വേഷിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചത്. സിഖ് കലാപവുമായി ബന്ധപ്പെട്ട് ജീവിച്ചിരിക്കുന്നവര്‍ക്ക് എന്തെങ്കിലും തെളിവ് നല്‍കാനുണ്ടങ്കില്‍ അത് പ്രത്യേക സംഘത്തിനു മുമ്പാകെ നല്‍കാം. ഇത് സംബന്ധിച്ച്‌ മാദ്ധ്യമങ്ങളില്‍ പരസ്യങ്ങള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം പൊതുജനങ്ങള്‍ക്കായി ഹിയറിംഗുകളും നടത്തും. സിക്ക് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് 587 കേസുകളാണ് ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് 241 എണ്ണം എഴുതിത്തള്ളി. എന്നാല്‍, 2006ല്‍ നാലു കേസുകള്‍ വീണ്ടും അന്വേഷിച്ചു. 2013ല്‍ ഒരു കേസ് കൂടി വീണ്ടും അന്വേഷിക്കുകയും 35 പേര്‍ക്ക് ശിക്ഷ നല്‍കുകയും ചെയ്തു. ശേഷിച്ച 237കേസുകളും തള്ളുകയായിരുന്നു. ജഗദീഷ് ടൈറ്റ്ലറിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഡല്‍ഹി പ്രത്യേക കോടതി നേരത്തെ സി.ബി.ഐയോട് നിര്‍ദ്ദേശിച്ചിരുന്നു. കലാപത്തിനുശേഷം പാര്‍ലമെന്റില്‍ സമര്‍പ്പിക്കപ്പെട്ട നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ടൈറ്റ്ലര്‍, സജ്ജന്‍ കുമാര്‍, എച്ച്‌.കെ.എല്‍. ഭഗത് എന്നിവര്‍ക്കും അന്നത്തെ പൊലീസ് കമ്മീഷണറായിരുന്ന എസ്.സി. ടാണ്ഡനും കലാപത്തില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ടൈറ്റ്ലര്‍ക്കെതിരെയുള്ള എല്ലാ കേസുകളും 2007 നവംബറില്‍ സി.ബി.ഐ പുനരന്വേഷണം നടത്തി അവസാനിപ്പിച്ചു. കലാപത്തില്‍ ജഗദീഷ് ടൈറ്റ്ലറുടെ പങ്കിന് തെളിവുകളോ സാക്ഷികളോ ഇല്ലെന്നാണ് അന്ന് സി.ബി.ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. 2009 മാര്‍ച്ചില്‍ സി.ബി.ഐ. തങ്ങളുടെ അവസാന റിപ്പോര്‍ട്ടില്‍ ജഗദീഷ് ടൈറ്റ്ലറെ കുറ്റവിമുക്തനാക്കി, ഇത് പ്രതിപക്ഷ സംഘടനകളുടെയും സിക്ക് വംശജരുടെയും പ്രതിഷേധത്തിനിടയാക്കി. കലാപത്തില്‍ കൊല്ലപ്പെട്ടവരിലൊരാളുടെ വിധവയായ ലക്വീന്ദര്‍ കൗര്‍ ഡല്‍ഹി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് സി.ബി.ഐ.യുടെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് ജഗദീഷ് ടൈറ്റ്ലര്‍ക്കെതിരെ പുനരന്വേഷണം നടത്താന്‍ 2013ല്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ടൈറ്റ്ലറെ കുറ്റവിമുക്തനാക്കിയാണ് സി.ബി.ഐ റിപ്പോര്‍ട്ട് നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14ന് ആയിരുന്നു സി.ബി.ഐ ഏറ്റവും ഒടുവില്‍, കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കലാപവുമായി സി.ബി.ഐ സമര്‍പ്പിക്കുന്ന മൂന്നാമത് ക്ലോഷര്‍ റിപ്പോര്‍ട്ടായിരുന്നു ഇത്. നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളിലും ടൈറ്റ്ലര്‍ക്ക് സിബിഐ ക്ലീന്‍ ചിറ്റ് തന്നെയാണ് നല്‍കിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button