NewsFootballSports

ശതാബ്ദി കോപ്പാ അമേരിക്ക, യൂറോകപ്പ്‌ വാര്‍ത്തകള്‍: പകരക്കാരനായി വന്നു, കളിച്ചു, കീഴടക്കി….

ഇല്ലിനോയിസ്, ചിക്കാഗോയിലുള്ള സോള്‍ജ്യേഴ്സ് ഫീല്‍ഡ് സ്റ്റെഡിയത്തില്‍ ശതാബ്ദി കോപ്പാ അമേരിക്കയുടെ ഗ്രൂപ്പ്ഘട്ട മത്സരത്തില്‍ അര്‍ജന്‍റീന പനാമയെ നേരിടാന്‍ തുടങ്ങിയപ്പോള്‍ കളികാണാന്‍ ഗാലറി നിറഞ്ഞിരുന്ന കാണികളില്‍ ചെറിയൊരു നിരാശ ഉണ്ടായിരുന്നു. അര്‍ജന്‍റീനയുടെ ലോകഫുട്ബോളര്‍ ലയണല്‍ മെസ്സി പരിക്കിനെത്തുടര്‍ന്ന്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പകരക്കാരുടെ ബെഞ്ചില്‍ ആയിരുന്നതിനാലായിരുന്നു അത്. കളിക്കളത്തില്‍ അര്‍ജന്‍റീനയുടെ പെരുമയെ ഭയക്കാത്ത കളിയായിരുന്നു പനാമ കാഴ്ചവച്ചത്.

പക്ഷേ 7-ആം മിനിറ്റില്‍ത്തന്നെ പ്രതിരോധഭടന്‍ നിക്കോളാസ് ഓട്ടമെന്‍ഡിയുടെ ഹെഡര്‍ ഗോളിലൂടെ അര്‍ജന്‍റീന മുന്നിലെത്തി. പക്ഷേ ബ്ലാസ് പെരസിന്‍റെ നേതൃത്വത്തില്‍ അര്‍ജന്‍റൈന്‍ പ്രതിരോധത്തെ പരീക്ഷിക്കുന്നത് പനാമ തുടര്‍ന്നു കൊണ്ടിരുന്നു. 32-ആം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് അനിബാള്‍ ചെസിസ് ഗോഡോയ് പുറത്തു പോയതിനു ശേഷം പനാമ പത്തു പേരായി ചുരുങ്ങിയെങ്കിലും കളിയില്‍ സമ്പൂര്‍ണ്ണ മേധാവിത്വം നേടാന്‍ അര്‍ജന്‍റീനയ്ക്കായില്ല. ആദ്യമത്സരത്തിലെ ഹീറോ എയ്ഞ്ചല്‍ ഡി മരിയ പരിക്കേറ്റ് പുറത്തു പോയതും അര്‍ജന്‍റീനയുടെ കളിയെ ബാധിച്ചു.

ഒറ്റ ഗോള്‍ ലീഡില്‍ അര്‍ജന്‍റീന കടിച്ചുതൂങ്ങി നിന്ന്‍ കളി തുടര്‍ന്നു കൊണ്ടിരിക്കവേ കോച്ച് ജെറാര്‍ഡോ മാര്‍ട്ടീനോ ഓഗസ്റ്റോ ഫെര്‍ണാണ്ടസിനു പകരം മെസ്സിയെ കളത്തിലിറക്കി. കാണികള്‍ കാത്തിരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കളത്തിലിറങ്ങി ആറാം മിനിറ്റില്‍ത്തന്നെ മെസ്സി ഗോള്‍ നേടി. തുടര്‍ന്ന്‍ 79, 87 മിനിട്ടുകളിലും ഗോള്‍ നേടി അര്‍ജന്‍റീനയ്ക്കായി തന്‍റെ മൂന്നാം ഹാട്രിക്കും മെസ്സി തികച്ചു. 90-ആം മിനിറ്റില്‍ മെസ്സിയുടെ ഉയര്‍ന്നുവന്ന ത്രൂബോള്‍ പനാമിയന്‍ പ്രതിരോധത്തെ പിളര്‍ത്തിയപ്പോള്‍ സെര്‍ജിയോ അഗ്യൂറോ അര്‍ജന്‍റീനയുടെ അഞ്ചാം ഗോളും നേടി. കളിയില്‍ 5-0-ന് വിജയിച്ച അര്‍ജന്‍റീന ഗ്രൂപ്പില്‍ ഒരു കളി ബാക്കിനില്‍ക്കേ രണ്ടാം റൗണ്ട് ഉറപ്പിച്ചു.

ഗ്രൂപ്പ് ഡി-യില്‍ നടന്ന മറ്റൊരു മത്സരത്തില്‍ കളിതീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ പെനാല്‍റ്റിയിലൂടെ നേടിയതുള്‍പ്പെടെ ആര്‍ട്ടുറോ വിദാലിന്‍റെ ഇരട്ടഗോളുകളുടെ സഹായത്തോടെ ചിലി, പൊരുതിക്കളിച്ച ബൊളീവിയയെ 2-1 എന്ന സ്കോറിന് തോല്‍പ്പിച്ച് രണ്ടാം റൗണ്ട് പ്രതീക്ഷകള്‍ നിലനിര്‍ത്തി. ജാസ്മനി കാംപോസാണ് ബൊളീവിയയുടെ ആശ്വാസഗോള്‍ നേടിയത്. ഗ്രൂപ്പ് സി-യില്‍ മെക്സിക്കോ 2-0 എന്ന നിലയില്‍ ജമൈക്കയെ തോല്‍പ്പിച്ച് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. മെക്സിക്കോക്കായി ഹാവിയര്‍ ഹെര്‍ണാണ്ടസും ഒറിബെ പെറാള്‍ട്ടയും ആണ് ഗോളുകള്‍ നേടിയത്.

യൂറോകപ്പ്

യൂറോകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഫ്രാന്‍സ് റൊമേനിയയെ കീഴടക്കി തുടങ്ങി. ഫ്രാന്‍സിനായി 57-ആം മിനിറ്റില്‍ ഒളിവിയര്‍ ജിറൂഡാണ് ഗോള്‍ അടിച്ചു തുടങ്ങിയത്. 65-ആം മിനിറ്റില്‍ ബോഗ്ഡന്‍ സ്റ്റാന്‍ചു പെനാല്‍റ്റിയിലൂടെ റൊമേനിയയ്ക്കായി സമനില പിടിച്ചു. പക്ഷേ 89-ആം മിനിറ്റില്‍ പുത്തന്‍ താരോദയം ദിമിത്രി പയേറ്റിന്‍റെ മാജിക് ഗോളിലൂടെ ഫ്രാന്‍സ് വിജയം ഉറപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button