പെരുമ്പാവൂര്‍: ജിഷയുടെ ഘാതകരെ പിടിച്ചുനല്കാന് നാട്ടുകാര്‍ മുന്നിട്ടിറങ്ങുന്നത് പൊലീസിനു തലവേദനയാകുന്നു. ഇന്നലെ മാത്രം അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളെയാണ് ജിഷയുടെ ഘാതകരെന്നു സംശയിച്ചു നാട്ടുകാര്‍ പൊലീസിനു പിടിച്ചു നല്‍കിയത്. ഇവരെയൊക്കെ സ്റ്റേഷനിലെത്തിച്ചു വിശദ പരിശോധന നടത്തേണ്ടി വരുന്നതും വിവരങ്ങള്‍ ശേഖരിക്കേണ്ടി വരുന്നതും പൊലീസിനു പൊല്ലാപ്പായി മാറിയിരിക്കുകയാണ്.
ജിഷയുടെ കൊലപാതകി എന്നു സംശയിക്കുന്നയാളുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടതോടെയാണ് നാട്ടുകാര്‍ അന്വേഷണം ഏറ്റെടുത്തത്. ഇതര സംസ്ഥാന തൊഴിലാളികളെ കണ്ടു സംശയം തോന്നിയാല്‍ പിന്നെ ഉടനെ ഓടിച്ചിട്ടു പിടികൂടുകയായി. പിന്നെ ആഘോഷമായി പൊലീസിനെ വിളിച്ച് ഏല്‍പ്പിക്കും.
മൂവാറ്റുപുഴ മേഖലയില്‍ മഴക്കാല മോഷണങ്ങള്‍ പെരുകിയതോടെ മോഷ്ടാക്കളെന്നു സംശയിക്കുന്നവരെയും നാട്ടുകാര്‍ പിടികൂടുന്നുണ്ട്. പാട്ട പെറുക്കാനും ചൂലു വില്‍ക്കാനും കമ്പളിപ്പുതപ്പ് വില്ക്കാനുമൊക്കെ വീട്ടിലെത്തുന്നവരെയാണ് നാട്ടുകാര്‍ ചോദ്യംചെയ്ത ശേഷം സംശയിക്കുന്നതും പൊലീസിനെ വിവരമറിയിക്കുന്നതും.
ജിഷയുടെ കൊലപാതകി എന്നു സംശയിച്ചു പൊലീസ് പ്രത്യേക അന്വേഷണസംഘം ഇടുക്കിയില്‍നിന്ന് അറസ്റ്റു ചെയ്ത മണികണ്ഠന് ഇന്നലെ മൂവാറ്റുപുഴ നഗരത്തിലെ ബസ് സ്റ്റോപ്പില്‍ മണിക്കൂറുകളോളം കുത്തിയിരുന്നതും മറ്റൊരു കൗതുകമായി. മൂവാറ്റുപുഴയില്‍ പതിറ്റാണ്ടുകളായി താമസിച്ചു ജോലി ചെയ്യുന്ന മണികണ്ഠന് ഇടുക്കിയില്‍ ബന്ധുവീട്ടില്‍ പോയപ്പോഴാണ് പൊലീസ് അവിടെനിന്ന് അറസ്റ്റ് ചെയ്ത് പെരുമ്പാവൂരിലെത്തിച്ചത്.
മണിക്കൂറുകളോളം ചോദ്യംചെയ്ത ശേഷം നിരപരാധിയെന്നു കണ്ടു വിട്ടയക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ പതിവായി ജോലി ചെയ്യുന്നിടത്തെത്തിയപ്പോള്‍ ജോലി നല്കാന് ഉടമ തയാറായില്ല. തുടര്‍ന്നാണ് ഇനിയെന്തു ചെയ്യുമെന്നറിയാതെ നഗരത്തിലെ ബസ് സ്റ്റോപ്പില്‍ ഇയാള്‍ കുത്തിയിരുന്നത്.
Post Your Comments