മസ്ക്കറ്റ് ● ഒമാനിലെ സലാലയില്‍ മലയാളി നഴ്സ് ചിക്കു റോബര്‍ട്ട് കൊല്ലപ്പെട്ട കേസില്‍ ചിക്കുവിന്റെ ഭര്‍ത്താവ് ലിന്സണ് റിമാന്‍ഡില്‍. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ലിന്‍സണിനെ റോയല്‍ ഒമാന്‍ പോലീസ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ചിക്കുവിന്റെ ശരീരത്തില്‍ നിന്നും ലിന്‍സണിന്റെ വിരലടയാളം കണ്ടെത്തിയതാണ് കേസ് ഇയാള്‍ക്കെതിരെ തിരിയാന്‍ കാരണമാക്കിയിരിക്കുന്നത്. മറ്റാരുടെയും വിരലടയാളം കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. യഥാര്‍ത്ഥ പ്രതി ആരെന്ന കാര്യത്തില്‍ ഇതു വരെ പൂര്‍ണമായ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടില്ല.
ഏപ്രില്‍ 20 നാണ് ചിക്കുവിനെ സലാലയിലെ ഫ്ലാറ്റില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നുതന്നെ ഭര്‍ത്താവ് ലിന്‍സനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. സംഭവത്തില്‍ അടുത്ത ഫ്ലാറ്റില്‍ താമസിക്കുന്ന പാകിസ്ഥാന് പൗരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും വിട്ടയക്കുകയായിരുന്നു. കസ്റ്റഡിയില്‍ ആയിരുന്നതിനാല്‍ ചിക്കുവിന്റെ സംസ്കാര ചടങ്ങിനും ലിന്സന് നാട്ടില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല.
വളരെ ആസൂത്രിതമായി ചെയ്ത കൊലപാതകത്തില്‍ യഥാര്‍ത്ഥ പ്രതി ആരെന്ന് പുറത്തു വന്നിട്ടില്ല. കൊല്ലപ്പെട്ട ചിക്കുവിന്റെ ശരീരത്തില്‍ നിന്നും മുറിയില്‍ നിന്നും കാണാതായ സ്വര്‍ണാഭരണങ്ങളും കണ്ടെത്താന്‍ ഒമാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
Post Your Comments