India

മിസൈല്‍ കയറ്റുമതിയില്‍ ഇന്ത്യ വളര്‍ച്ചയുടെ പാതയില്‍

ന്യൂഡല്‍ഹി : മിസൈല്‍ കയറ്റുമതിയില്‍ ഇന്ത്യ വളര്‍ച്ചയുടെ പാതയില്‍. ഇതിന്റെ ഭാഗമായി, ഇന്ത്യ വിയറ്റ്‌നാമടക്കമുള്ള രാജ്യങ്ങള്‍ക്ക് നൂതന ക്രൂസ് മിസൈല്‍ സംവിധാനം വില്‍ക്കാന്‍ തയ്യാറെടുക്കുകയാണ്. എന്നാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂവെന്നാണ് വിവരം.

ഫിലിപ്പീന്‍സ്, മലേഷ്യ, തായ്‌ലന്‍ഡ്, യു.എ.ഇ തുടങ്ങിയ പതിനൊന്ന് രാജ്യങ്ങളും ഇതിനകം താല്‍പര്യം അറിയിച്ചിട്ടുണ്ട്. ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് മിസൈല്‍ പതിനഞ്ചോളം രാജ്യങ്ങള്‍ക്ക് വില്‍ക്കാനാണ് തയാറെടുക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ മിസൈലാണ് ബ്രഹ്മോസ്. കരയില്‍ നിന്നും അന്തര്‍വാഹിനികളില്‍ നിന്നും ഒരുപോലെ വിക്ഷേപിക്കാനാവും എന്നതാണ് ഇതിന്റെ പ്രത്യേകത. ഏറ്റവും കൂടുതല്‍ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയ്ക്ക് ഇത് വഴി കയറ്റുമതിയിലും വന്‍ വളര്‍ച്ച നേടാന്‍ സഹായകമാകും.

അഞ്ചു രാജ്യങ്ങള്‍ക്കുള്ള ആയുധ വില്‍പന ഊര്‍ജിതമാക്കണമെന്ന് ബ്രഹ്മോസ് എയറോ സ്‌പേസിനു പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശം നല്‍കി. ആദ്യപടിയായി വിയറ്റ്‌നാം, ഇന്തോനേഷ്യ,ദക്ഷിണാഫ്രിക്ക, ചിലി, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്കാകും ഇന്ത്യ മിസൈല്‍ സംവിധാനം കൈമാറുന്നത്. ബ്രഹ്മോസ് മിസൈല്‍ ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ മുതല്‍ ആശങ്ക പ്രകടിപ്പിച്ചിരുന്ന ഏക രാജ്യം ചൈനയായിരുന്നു.

shortlink

Post Your Comments


Back to top button