തിരുവനന്തപുരം: കായിക മന്ത്രി ഇപി ജയരാജനെതിരെ പരാതിയുമായി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും ലോക അത്‌ലറ്റിക്‌സ് മെഡല്‍ വിജയിയുമായ ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ് രംഗത്ത്. കൗൺസിൽ മുഴുവൻ അഴിമതിക്കാരാണെന്ന് മന്ത്രി പറഞ്ഞതായാണ് ആരോപണം . അതേസമയം അഞ്ജു അങ്ങനെയൊന്നും പറയാന്‍ സാധ്യതയില്ലെന്നാണ് മന്ത്രി ഇ.പി ജയരാജന്‍ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. അഞ്ജു ബോബി ജോര്‍ജിനോട് മോശമായി പെരുമാറിയിട്ടില്ലെന്നും തന്നെ കണ്ട ശേഷം അവര്‍ ചിരിച്ച് കൊണ്ട് സന്തോഷത്തോടെയാണ് പോയതെന്നും ജയരാജന്‍ പ്രതികരിച്ചു. തനിക്കെതിരെ പരാതി കൊടുത്തതായി അറിയില്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ടി കെ ഇബ്രാഹിംകുട്ടിയുമൊത്ത് പുതിയ കായിക മന്ത്രിയെ ആദ്യമായി കാണാന്‍ എത്തിയതായിരുന്നു അഞ്ജു. കൗണ്‍സിലില്‍ അടിമുടി അഴിമതിക്കാരാണെന്ന് ആരോപിച്ച മന്ത്രി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ബംഗളൂരുവില്‍നിന്നു വരാന്‍ വിമാന ടിക്കറ്റ് എഴുതിയെടുക്കുന്നത് ആരോടു ചോദിച്ചിട്ടാണെന്നു ചോദിച്ചു. മന്ത്രിയുമായുള്ള യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട അഞ്ജു ജയരാജന്റെ പെരുമാറ്റത്തില്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി. തുറന്നു പിടിച്ച കൈയോടെയാണ് താന്‍ ഈ സ്ഥാനത്ത് വന്നതെന്നും തുറന്ന കൈയോടെതന്നെ തിരിച്ചു പോകുമെന്നും അഞ്ജു പറയുകയുണ്ടായി .
Post Your Comments