KeralaNews

ഈശ്വര ചൈതന്യം കൂടാന്‍ തിലകം

ക്ഷേത്രങ്ങളില്‍ നിന്നു പ്രസാദമായി ലഭിക്കുന്ന ചന്ദനം, ഭസ്മം, മഞ്ഞള്‍, കുങ്കുമം എന്നിവ നെറ്റിയില്‍ തൊടുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. നെറ്റിയില്‍ ആന്തരികമായ മൂന്നാമത്തെ കണ്ണ് സ്ഥിതിചെയ്യുന്ന സ്ഥലത്താണു പ്രസാദം തൊടുന്നത്. തിലകം തൊടാതെ ചെയ്യുന്ന കര്‍മങ്ങള്‍ക്ക് ഉദ്ദേശിച്ച ഫലം ലഭിക്കില്ലെന്നാണു വിശ്വാസം. ചന്ദനം, ഭസ്മം, മഞ്ഞള്‍, കുങ്കുമം എന്നിവയാണു കുറി തൊടുന്നതിന് സാധാരണയായി ഉപയോഗിക്കുന്നത്. ക്ഷേത്രത്തില്‍ നിന്നു ലഭിക്കുന്ന പ്രസാദം ക്ഷേത്രത്തിനു പുറത്തുകടന്ന ശേഷമേ ധരിക്കാവൂ. ഭൂരിഭാഗം പേരും പൂജാരിയില്‍ നിന്നു പ്രസാദം സ്വീകരിച്ചയുടന്‍ തന്നെ ചാര്‍ത്തുകയാണു പതിവ്. മോതിരവിരല്‍ ഉപയോഗിച്ചാണു തിലകം ചാര്‍ത്തുന്നത്.

പ്രസാദമായി ലഭിക്കുന്ന ചന്ദനം വിഷ്ണുവിനെയും ഭസ്മം ശിവനെയും മഞ്ഞള്‍, കുങ്കുമം എന്നിവ ശക്തിയെയും പ്രതിനിധീകരിക്കുന്നു. കുളിച്ചു ശുദ്ധമായ ശേഷം വേണം കുറി തൊടാന്‍. ശരീരത്തിന്റെ പ്രധാന ഭാഗവും ജ്ഞാനത്തിന്റെ കേന്ദ്രസ്ഥാനവുമായ നെറ്റിത്തടത്തില്‍ കുറി തൊടുന്നത് ഈശ്വരചൈതന്യം വര്‍ധിപ്പിക്കുന്നു. ചൂണ്ടുവിരല്‍ ഉപയോഗിക്കാതെ നടുവിരല്‍, മോതിരവിരല്‍, ചെറുവിരല്‍ എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ചാണു പ്രസാദം തൊടേണ്ടത്.

ചന്ദനം സുഗന്ധപൂരിതവും തണുപ്പുള്ളതുമാണ്. ചന്ദനം നെറ്റിയില്‍ ലംബമായി വേണം തൊടാന്‍. ശരീരത്തിലെ ആജ്ഞാചക്രത്തിന് ഉണര്‍വേകാനും രക്തത്തിനെയും മനസ്സിനെയും ശുദ്ധീകരിക്കാനും ചന്ദനലേപനത്തിലൂടെ സാധിക്കുന്നു. ഔഷധശക്തിയുള്ള ചന്ദനത്തിന്റെ അംശം നെറ്റിത്തടത്തില്‍ നിന്ന് ഊര്‍ന്നിറങ്ങി മുഖമാകെ വ്യാപിക്കുകയും മുഖകാന്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. നെറ്റിയില്‍ ചന്ദനം ചാര്‍ത്തുന്നതു കൊണ്ട് എപ്പോഴും പ്രസന്നവദനനായിരിക്കുവാന്‍ സാധിക്കും. ചന്ദനം തണുത്തതായതിനാല്‍ ശരീരത്തിന്റെ താപനിലയെ ചന്ദനധാരണത്തോടെ സ്ഥിരമായി നിറുത്തുവാന്‍ സാധിക്കും.

എല്ലാ ഭൗതികവസ്തുക്കളും കത്തിയമര്‍ന്നതിനു ശേഷമുള്ളതാണു ഭസ്മം. ഒറ്റക്കുറി എല്ലാവര്‍ക്കുമണിയാം. സന്യാസിമാര്‍ മാത്രമേ മൂന്നു ഭസ്മക്കുറി അണിയാന്‍ പാടുള്ളൂ. ഓരോ ഭസ്മരേഖയും തനിക്കു കഴിഞ്ഞുപോയ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം എന്നീ ഗൃഹസ്ഥാശ്രമങ്ങളുടെ സൂചനയാണ്. നെറ്റിത്തടം, കഴുത്ത്, തോളുകള്‍, കൈമുട്ടുകള്‍, നെഞ്ച്, വയര്‍ഭാഗം, പുറത്ത് രണ്ട്, കണങ്കാലുകള്‍ എന്നീ ഭാഗങ്ങളിലാണു സാധാരണയായി ഭസ്മധാരണം നടത്തുന്നത്. പുരുഷന്‍മാര്‍ രാവിലെ നനച്ചും വൈകിട്ട് നനയ്ക്കാതെയും ഭസ്മം തൊടണം. സ്ത്രീകള്‍ ഭസ്മം നനച്ചു തൊടാന്‍ പാടില്ല.

ഭസ്മധാരണ ശ്ലോകം

ശ്രീകരം ച പവിത്രം ച ശോക നിവാരണം

ലോകേ വശീകരം പുംസാം ഭസ്മം ത്രൈലോക്യ പാവനം

ദേവീപ്രീതിക്കും സര്‍പ്പപ്രീതിക്കുമാണു മഞ്ഞള്‍ക്കുറിയിടുന്നത്. നെറ്റിക്കു നടുവിലോ പുരികങ്ങള്‍ക്കു നടുവിലോ ആണു കുങ്കുമം തൊടുന്നത്. വൃത്താകൃതിയിലാണ് കുങ്കുമം തൊടുന്നത്. കുങ്കുമം ഭസ്മത്തിനൊപ്പം അണിയുന്നതു ശിവശക്തി പ്രതീകവും ചന്ദനക്കുറിയോടൊപ്പം തൊടുന്നതു വിഷ്ണുമായാ പ്രതീകവുമാണ്.

ആര്‍ത്തവം, പുല, വാലായ്മ എന്നീ കാലങ്ങളില്‍ കുറി തൊടുന്നത് ഒഴിവാക്കണം.

പുലര്‍ച്ചെ കുങ്കുമവും, സായാഹ്നത്തില്‍ ഭസ്മവും കുറിതൊടുന്നത് ഉത്തമമാകുന്നു. കുറികള്‍ ഭക്തി വര്‍ദ്ധിപ്പിക്കാനും ജ്ഞാനശക്തിയുടെ കേന്ദ്രമായ ആജ്ഞാചക്രം ഉണര്‍ത്തുവാനും കഴിയുന്നവയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button