കൊച്ചി: സൗദി അറേബ്യയില്‍ മൊബൈല്‍ ഫോണ്‍ വില്പന രംഗത്തും അനുബന്ധ മേഖലയിലും നിതാഖാത് നടപ്പാക്കിത്തുടങ്ങിയതോടെ നൂറു കണക്കിന് മലയാളികള്‍ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു. തൊഴില്‍ അനിശ്ചിതത്വം മൂലം അവധിയെടുത്ത് വരുന്നവരും ഇക്കൂട്ടത്തിലുണ്ട്. റംസാന്‍ മാസത്തിന്റെ തുടക്കമായ തിങ്കളാഴ്ചയാണ് സൗദിയില്‍ മൊബൈല്‍ ഫോണ്‍ മേഖലയില്‍ അന്‍പത് ശതമാനം നിതാഖാത് കര്‍ശനമായി നടപ്പാക്കിത്തുടങ്ങിയത്. മലയാളികളടക്കമുള്ള പ്രവാസികളുടെ ആശങ്കകളേറ്റി തിങ്കളാഴ്ച മുതല്‍ കടകളില്‍ സൗദി യുവതി, യുവാക്കള്‍ ജോലിയില്‍ പ്രവേശിച്ചു തുടങ്ങി. മൂന്നു മാസത്തിനകം ഈ രംഗത്ത് പൂര്‍ണമായി നിതാഖാത് നടപ്പാക്കുന്നതോടെ കൂടുതല്‍ മലയാളികള്‍ക്ക് ജോലി നഷ്ടമാകും.
തൊഴില്‍ നഷ്ടപ്പെട്ടതോടെ നൂറുകണക്കിന് മലയാളികള്‍ റീ എന്‍ട്രി വിസയില്‍ നാട്ടിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്. നിതാഖാത് പൂര്‍ണമാകുന്ന സപ്തംബറിന് ശേഷമുള്ള സൗദിയിലെ അവസ്ഥ വ്യക്തമായ ശേഷം തിരിച്ചുപോകാമെന്ന പ്രതീക്ഷയിലാണ് ഇവരുടെ മടക്കം. എന്നാല്‍ ഫോണ്‍ മേഖലയിലെ ജോലി നഷ്ടമാകുന്ന ഇവരില്‍ പലര്‍ക്കും സൗദിയില്‍ പുതിയ ജോലി കിട്ടാനുള്ള സാധ്യതകള്‍ കുറവാണെന്നാണ് സൂചനകള്‍. സൗദിയില്‍ മൊബൈല്‍ ആക്‌സസറീസ് വില്പന നടത്തുന്നവരില്‍ ബഹുഭൂരിപക്ഷവും മലയാളികളാണ്. ഇവരില്‍ പലരും കട പൂട്ടി നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്.
മൊബൈല്‍ ഫോണ്‍ രംഗത്തെ റിസപ്ഷനിസ്റ്റ്, ടെക്‌നീഷ്യന്‍ മേഖലകളിലുള്ളവര്‍ക്കാണ് ഇപ്പോള്‍ ജോലി നഷ്ടമായിരിക്കുന്നത്. സൗദിയിലെ പല നഗരങ്ങളിലും മലയാളികളുടെ കീഴിലുള്ള സ്ഥാപനങ്ങളിലെല്ലാം സൗദി സ്വദേശികളെ ജോലിക്ക് നിയമിച്ചു കഴിഞ്ഞു. ഇവിടെ ജോലി നഷ്ടപ്പെട്ട മലയാളികളില്‍ ചിലര്‍ മറ്റു ജോലികള്‍ക്ക് ശ്രമിക്കുന്നുണ്ടെങ്കിലും തീരെ കുറഞ്ഞ ശമ്പളമുള്ള ജോലികള്‍ക്ക് മാത്രമാണ് സാധ്യതയുള്ളത്. ഇപ്പോള്‍ മൊബൈല്‍ കടകളില്‍ ജോലി ചെയ്യുന്ന ബാക്കി മലയാളികളോട് മറ്റു ജോലികള്‍ അന്വേഷിക്കാന്‍ കടയുടമകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സപ്തംബറില്‍ പൂര്‍ണമായും നിതാഖാത് നടപ്പാകുന്നതോടെ ഇവരുടെ ജോലിയും നഷ്ടമാകുന്ന സാഹചര്യത്തിലാണിത്.
സൗദിയിലെ ചെറിയ മൊബൈല്‍ കടകളില്‍ പലതും തിങ്കളാഴ്ച മുതല്‍ അടഞ്ഞുകിടക്കുകയാണ്. പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ 20,000 റിയാല്‍ വരെ പിഴ ചുമത്തുമെന്നും വിദേശ ജീവനക്കാരെ നാടുകടത്തുമെന്നും തൊഴില്‍ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതാണ് കടയുടമകളെ ആശങ്കയിലാക്കിയിരിക്കുന്നത്. തത്കാലം കട പൂട്ടിയിടുക എന്നത് മാത്രമാണ് ഇവരുടെ മുന്നിലുള്ള പോംവഴി. സൗദി സ്വദേശികളെ നിയമിക്കാത്ത കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്. അതോടെ ഇവിടങ്ങളില്‍ ജോലി ചെയ്തിരുന്ന മലയാളികള്‍ക്ക് വേറെ ജോലി അന്വേഷിക്കുകയോ നാട്ടിലേക്ക് മടങ്ങുകയോ അല്ലാതെ മറ്റു മാര്‍ഗമില്ലാതെ വന്നിരിക്കുകയാണ്.
സപ്തംബര്‍ മുതല്‍ ഈ മേഖലിയില്‍ പൂര്‍ണമായും നിതാഖാത് നടപ്പാക്കുമെന്നാണ് സൗദി തൊഴില്‍ മന്ത്രാലയം പറയുന്നത്. ജൂണ്‍ മുതല്‍ നടപ്പാക്കുന്ന 50 ശതമാനം നിതാഖാതിനായി 20,000ത്തോളം സൗദി സ്വദേശികള്‍ക്കാണ് തൊഴില്‍ മന്ത്രാലയം മൊബൈല്‍ ഫോണ്‍ രംഗത്ത് പരിശീലനം നല്‍കിയത്. സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ കമ്പനികളുടെ നേരിട്ടുള്ള സഹകരണത്തോടെ രാജ്യാന്തര നിലവാരത്തിലുള്ള പരിശീലന പദ്ധതിയാണ് നടപ്പാക്കിയിരുന്നത്. ഈ പദ്ധതിയിലൂടെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവരെയാണ് തിങ്കളാഴ്ച മുതല്‍ വിവിധ സ്ഥാപനങ്ങളില്‍ നിയമിച്ചു തുടങ്ങിയിരിക്കുന്നത്.
Post Your Comments