ടോക്കിയോ: ഇന്ത്യയുടെയും യു.എസിന്റെയും ജപ്പാന്റെയും യുദ്ധക്കപ്പലുകള്‍ പങ്കെടുക്കുന്ന സംയുക്ത നാവിക അഭ്യാസം പശ്ചിമ പസഫിക്ക് സമുദ്രത്തില്‍ നടക്കും. എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന നാവിക അഭ്യാസം ജപ്പാന്‍ ദ്വീപുകളോട് ചേര്‍ന്നുള്ള സമുദ്രഭാഗത്താണ് നടത്തുക. മേഖലയില്‍ ശക്തമായ സ്വാധീനമുള്ള ചൈന അവരുടേതെന്ന് അവകാശപ്പെടുന്ന സമുദ്രഭാഗമാണിത്.
ദക്ഷിണ ചൈനാ കടലിലുള്ള അവകാശം ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്ന ചൈന പശ്ചിമ പസഫിക്കിലേക്കും തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കുമെന്ന ആശങ്ക നിലനില്‍ക്കെയാണ് ഇവിടെ നാവിക അഭ്യാസം നടത്താനുള്ള തീരുമാനം. യുദ്ധമുഖത്തിന് സമാനമായ ഒരുക്കങ്ങളോടെയായിരിക്കും നാവിക അഭ്യാസം.
‘മലബാര്‍ നാവിക അഭ്യാസം’ എന്ന പേരില്‍ ഇന്ത്യയും യുഎസും സംയുക്തമായി 1992 മുതല്‍ നടത്തിവരുന്ന നാവിക അഭ്യാസത്തില്‍ 2007ന് ശേഷം ഇതാദ്യമായാണ് ജപ്പാന്‍ പങ്കെടുക്കുന്നതെന്ന് ജപ്പാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ബംഗാള്‍ ഉള്‍ക്കടലിലായിരുന്നു മലബാര്‍ നാവിക അഭ്യാസം.
Post Your Comments