തിരുവനന്തപുരം : കായിക മന്ത്രി ഇ.പി ജയരാജനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ രംഗത്ത്. ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് ചാനലില്‍ തെറ്റായ പരാമര്‍ശം നടത്തി അബദ്ധം പിണഞ്ഞിരിക്കുന്ന ജയരാജനെയാണ് സുധാകരന്‍ കണക്കറ്റു പരിഹസിച്ചിരിക്കുന്നത്.
വിവരദോഷിയായ കായിക മന്ത്രിയെ മാറ്റാന്‍ പിണറായി തയ്യാറാവണമെന്ന് സുധാകരന്‍ ആവശ്യപ്പെടുകയും ചെയ്തു. വളപട്ടണത്ത് കണ്ടല്‍ പാര്‍ക്കല്ല. റിസോര്‍ട്ട് പണിയാനാണ് സിപിഐഎം നീക്കമെന്നും അധികാരത്തിന്റെ ഹുങ്കില്‍ പാര്‍ക്ക് വീണ്ടും തുറന്നാല്‍ ചോരയും നീരും ഒഴുക്കി നേരിടുമെന്നും കെ.സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.
മുഹമ്മദ് അലി കേരളത്തിന്റെ അഭിമാനതാരമാണെന്നും സ്വര്‍ണമെഡല്‍ നേടിയിട്ടുണ്ടെന്നുമുള്ള ഇ.പി ജയരാജന്റെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ട്രോളിങ്ങിനിടയായി. പിന്നീട് സംഭവത്തില്‍ വിശദീകരണവുമായി ഇ.പി ജയരാജന്‍ രംഗത്തു വന്നിരുന്നു. 40 വര്‍ഷം മുമ്പ് കളിക്കളം വിട്ട ലോക ബോക്‌സിംഗ് ഇതിഹാസം അമേരിക്കന്‍ പൗരനായ, സാമൂഹ്യ പ്രതിബന്ധതയുള്ള മുഹമ്മദ് അലിയാണ് മരിച്ചതെന്ന് അപ്പോള്‍ തനിക്ക് അറിയില്ലായിരുന്നുവെന്നാണ് മന്ത്രി വിശദമാക്കിയത്. സത്യം മറച്ചു പിടിച്ച് ദുര്‍വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുകയായിരുന്നുവെന്നും ഈ കുപ്രചരണം തള്ളിക്കളയണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നതായും ജയരാജന്‍ പിന്നീട് പറഞ്ഞു.
Post Your Comments