പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിയായിരുന്ന ജിഷയുടെ കൊലപാതകം സംബന്ധിച്ച് പൊലീസിന്റെ കണ്ടെത്തലുകള്‍ തെറ്റെന്ന് സൂചന. ഏപ്രില്‍ 18ന് വൈകുന്നേരം അഞ്ച് മണിക്കും 5.45നും ഇടയിലാണ് ജിഷ കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുമ്പോള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകള്‍ ഇത് തെറ്റെന്ന് തെളിയിക്കുന്നതായി റിപ്പോർട്ട്. മാധ്യമപ്രവര്‍ത്തക കെകെ ഷാഹിന ഓപ്പണ്‍ മാഗസിനില്‍ എഴുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത് .
കെ.കെ ഷാഹിനയുടെ റിപ്പോര്‍ട്ട് ഇങ്ങനെ…….
ജിഷ കൊല്ലപ്പെട്ടത് ഏപ്രില്‍ 28 ന് വൈകിട്ട് 5 മണിക്കും 5.45 നും ഇടയിലാണ് എന്നാണ് പോലീസ് ഇപ്പോഴും പറയുന്നത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടക്കുമ്പോള്‍ മരണം നടന്നിട്ട് കുറഞ്ഞത് 34/ 36 മണിക്കൂറുകള്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ സൂചന. അതനുസരിച്ച് ജിഷ കൊല്ലപ്പെട്ടത് തലേന്ന് (27-ന്) അര്‍ധരാത്രിക്ക് ശേഷം അല്ലെങ്കില്‍ അന്ന് പുലര്‍ച്ചെയാണ്.
ഴയ ടീമിലെ അന്വേഷണ ഉദ്യോഗസ്ഥരോട് വീണ്ടും സംസാരിച്ചപ്പോള്‍ മരണസമയം സംബന്ധിച്ച പഴയ നിലപാടില്‍ തന്നെ അവര്‍ ഉറച്ചു നില്‍ക്കുകയാണ്. അതിനു കാരണമായി പറയുന്നത് അന്നേ ദിവസം വൈകിട്ട് നാല് മണിയോടെ വെള്ളമെടുക്കാനായി ജിഷ പുറത്തു നില്‍ക്കുന്നത് കണ്ടുവെന്ന സാക്ഷി മൊഴിയും. സംഭവം നടന്ന് മൂന്നോ നാലോ ദിവസം കഴിഞ്ഞിട്ടാണ് നാട്ടുകാര്‍ ഇത്തരം വിവരങ്ങള്‍ പോലീസിനോട് പറയാന്‍ തയ്യാറായത് എന്നത് കൂടി ഇതിനോട് ചേര്‍ത്ത് വായിക്കണം. മരണസമയം കണ്ടെത്താന്‍ ആശ്രയിക്കേണ്ടത് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തുന്ന ശാസ്ത്രീയമായ വിവരങ്ങളെയാണോ അതോ ഇത്തരത്തിലുള്ള സാക്ഷിമൊഴികളെയാണോ? ഇത്തരം സാക്ഷി മൊഴികള്‍ തെറ്റിപ്പോവാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. ചിലപ്പോള്‍ തലേ ദിവസം വൈകിട്ടാകാം സാക്ഷി ജിഷയെ കണ്ടിട്ടുണ്ടാവുക.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഈ ഭാഗമാണ് മരണസമയം സംബന്ധിച്ച സുപ്രധാന സൂചന നല്‍കുന്നത്. Rigor mortis passed off from all parts of the body except at ankles. Post mortem staining at the back, not fixed.There was marbling on both side of lower part of face, chin, front of neck, upper part of of chest and top of shoulders.
മൃതശരീരത്തിന് ഈ മാറ്റം സംഭവിക്കുന്നത് കുറഞ്ഞത് 36 മണിക്കൂറിനു ശേഷമാണെന്ന് റിട്ടയേഡ് പോലീസ് സര്‍ജന്‍ ഡോ. ഷേര്‍ളി വാസു പറയുന്നു. മരണം നടന്ന്‍ എട്ടു പത്തു മണിക്കൂറിനുള്ളില്‍ ശരീരം മരവിച്ച് വടി പോലെയാവും. അടുത്ത 24 മണിക്കൂര്‍ ഈ മരവിപ്പ് നിലനില്‍ക്കും. 24 മണിക്കൂര്‍ കഴിഞ്ഞാല്‍ ഓരോരോ അവയവങ്ങളായി മരവിപ്പ് വിടും. 34 മുതല്‍ 48 മണിക്കൂറിനുള്ളില്‍ ശരീരം ശരീരം പൂര്‍ണമായും മരവിപ്പ് വിട്ട് മൃദുലമാവും. അഴുകാന്‍ തുടങ്ങുന്നതിന്റെ ആദ്യപടിയാണ് ഇത്. ശരീരം പൂര്‍ണമായും മരവിപ്പ് വിട്ടിരുന്നു എന്ന പോസ്റ്റ് മോര്‍ട്ടത്തിലെ കണ്ടെത്തല്‍ നല്‍കുന്ന സൂചന കുറഞ്ഞത് 36 മണിക്കൂര്‍ മുന്‍പാണ് മരണം നടന്നത് എന്നാണ്.
മാത്രമല്ല, ആന്തരികാവയവങ്ങള്‍ അഴുകാന്‍ തുടങ്ങിയിരുന്നു എന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. Blood stained frothy fluid seen oozing out of nostrils എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്വാസകോശം അഴുകാന്‍ തുടങ്ങുന്നതിന്റെ ലക്ഷണമാകാം ഇതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ശ്വാസകോശം അഴുകാന്‍ തുടങ്ങുമ്പോള്‍ അകത്തുള്ള വായു പുറത്തേക്കു തള്ളും. അപ്പോള്‍ മൂക്കിലൂടെ രക്തം കലര്‍ന്ന സ്രവം പുറത്തേക്കു വമിക്കാന്‍ ഇടയുണ്ട്. There was marbling on both side of the lower part of the face,chin,front of neck, upper part of chest and top of shoulders എന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ പരാമര്‍ശവും മേല്‍പ്പറഞ്ഞ വസ്തുതകളെ സാധൂകരിക്കുന്നു. മൃതദേഹത്തില്‍ ‘മാര്‍ബ്ലിംഗ്’ സംഭവിക്കുന്നത് 36 മണിക്കൂറുകള്‍ കഴിഞ്ഞാണെന്ന് റിട്ടയേഡ് എസ് പി ജോര്‍ജ് ജോസഫ് പറയുന്നു; ഡോ. ഷേര്‍ളി വാസുവിന്റെ നിഗമനങ്ങളെ അദ്ദേഹം ശരിവെക്കുകയും ചെയ്യുന്നു.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകളനുസരിച്ച് തലേന്ന് പുലര്‍ച്ചെ അല്ലെങ്കില്‍ അര്‍ധരാത്രി ജിഷ കൊല്ലപ്പെട്ടു എന്ന് കരുതേണ്ടി വരും. വയറ്റില്‍ ദഹിച്ചിട്ടില്ലാത്ത രൂപത്തില്‍ ഭക്ഷണമുണ്ടായിരുന്നു എന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതുകൂടി കണക്കിലെടുത്താല്‍ പുലര്‍ച്ചെയല്ല, അര്‍ധരാത്രി തന്നെയാണ് കൊല്ലപ്പെട്ടത് എന്ന നിഗമനത്തില്‍ എത്തേണ്ടി വരും. അത് മറ്റു പല ചോദ്യങ്ങളും തുറന്നിടുന്നുണ്ട്.
Post Your Comments