NewsInternationalGulf

കുവൈറ്റില്‍ വിദേശികള്‍ക്ക്‌ ആരോഗ്യ ഇന്‍ഷുറന്‍സ് തുക വര്‍ധിപ്പിച്ചേക്കുവാന്‍ സാധ്യത

കുവൈറ്റ് സിറ്റി: രാജ്യത്തെ വിദേശികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആരോഗ്യ സേവനങ്ങള്‍ക്കായി ഈടാക്കുന്ന ഇന്‍ഷുറന്‍സ് തുക വര്‍ധിപ്പിച്ചേക്കും. ഇന്‍ഷുറന്‍സ് തുക 15 മുതല്‍ 20 ശതമാനം വരെ വര്‍ധിപ്പിക്കാനാണ് ആലോചിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഖാലിദ് അല്‍സഹ്ലവി അറിയിച്ചു. സന്ദര്‍ശക വിസക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്ന നടപടിയും ഈവര്‍ഷം തന്നെയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിലെ ബജറ്റ് ആന്‍ഡ് ഓഡിറ്റ് സമിതിയുടെ യോഗത്തില്‍ പങ്കെടുത്തശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അണ്ടര്‍ സെക്രട്ടറി.

രാജ്യത്ത് വിദേശികളായ തൊഴിലാളികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനം സ്വകാര്യവത്കരിക്കാന്‍ അടുത്തിടെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വിദേശികള്‍ക്കുള്ള പൊതുആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനംതന്നെ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചുവരുകയാണെന്ന് സഹ്ലാവി ചൂണ്ടിക്കാട്ടി. ഇതിന്റെ ആദ്യപടിയായാണ് നിരക്ക് വര്‍ധന നടപ്പാക്കുന്നത്. നേരത്തേ, രാജ്യത്തെ പൊതു ആരോഗ്യ സംവിധാനത്തെ ദോഷകരമായി ബാധിക്കുന്നെന്ന് ചൂണ്ടിക്കാട്ടി വിദേശികള്‍ക്കുള്ള പൊതുആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ത്തലാക്കാന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ പ്‌ളാനിങ് ആന്‍ഡ് ഡെവലപ്‌മെന്റ് നിയോഗിച്ച പൊതുനയ സമിതി സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തിരുന്നു. പൊതുആരോഗ്യ ഇന്‍ഷുറന്‍സ് പോലുള്ള സംവിധാനങ്ങള്‍ രാജ്യത്തെ സ്വദേശികളും വിദേശികളും തമ്മിലുള്ള അന്തരം വര്‍ധിപ്പിക്കുന്നതായാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

നിലവില്‍ വര്‍ഷത്തില്‍ താമസരേഖ പുതുക്കുന്നതിനോടൊപ്പം വിദേശികള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസായി 50 ദിനാര്‍ ഈടാക്കുന്നുണ്ട്. ഈ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതോടെ മിക്ക പൊതുആരോഗ്യ സേവനങ്ങളും കുവൈറ്റില്‍ സൗജന്യമായി ലഭിക്കുന്നുണ്ട്. ഇത് പൊതു ആരോഗ്യസംവിധാനത്തെ ദോഷകരമായി ബാധിക്കുന്നെന്നും അതുവഴി രാജ്യത്തെ സ്വദേശി സമൂഹത്തിനുള്ള ആരോഗ്യസേവനങ്ങള്‍ കുറയുന്നു എന്നുമാണ് സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്.

പൊതുആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ത്തലാക്കുമ്പോള്‍ പകരമായി സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുമായും സ്വകാര്യ ആശുപത്രികളുമായും സഹകരിച്ച് ഇന്‍ഷുറന്‍സ് സംവിധാനം പുനക്രമീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനുവേണ്ടി സര്‍ക്കാര്‍ മുന്‍കൈയടുത്ത് ഷെയര്‍ഹോള്‍ഡിങ് കമ്പനി രൂപവത്കരിച്ചിട്ടുണ്ട്. കമ്പനിയുടെ കീഴില്‍ രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലായി മൂന്നു ആശുപത്രികള്‍ നിര്‍മിക്കാനാണ് നീക്കം. ഇതുവഴി രാജ്യത്തെ വിദേശികള്‍ക്ക് മുഴുവന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും. ഇന്‍ഷുറന്‍സ് സംവിധാനം സ്വകാര്യമേഖലയിലേക്ക് മാറുന്നതോടെ വിദേശികള്‍ അടക്കേണ്ട തുകയില്‍ വന്‍ വര്‍ധന വരുമെന്നാണ് സൂചന.

2019 ഓടെ ഈ സംവിധാനം നടപ്പാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡോ. ഖാലിദ് അല്‍സഹ്ലവി വ്യക്തമാക്കി. സന്ദര്‍ശകവിസയിലെത്തുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഏറെക്കാലമായി ആലോചിച്ചുവരുകയാണ്. മെഡിക്കല്‍ ടൂറിസം വ്യാപകമായതോടെ സന്ദര്‍ശക വിസയിലെത്തുന്നവര്‍ കുവൈറ്റിലെ ആരോഗ്യസേവനങ്ങള്‍ വ്യാപകമായി ഉപയോഗപ്പെടുത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു. സൗജന്യ ചികിത്സ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിദേശികള്‍ ബന്ധുക്കളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരുന്നുവെന്നായിരുന്നു ആക്ഷേപം. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ നീക്കം തുടങ്ങിയത്. വാണിജ്യ, കുടുംബ, വിനോദസഞ്ചാര വിസ ഉള്‍പ്പെടെ ഏതുതരത്തിലുള്ള സന്ദര്‍ശക വിസയിലത്തെുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സന്ദര്‍ശകവിസയിലെത്തുന്നവരില്‍നിന്ന് ആരോഗ്യ ഇന്‍ഷുറന്‍സ് ഈടാക്കുന്നതിന് രണ്ടു മാര്‍ഗങ്ങളാണ് മന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്. ഇന്‍ഷുറന്‍സ് തുക വിമാന ടിക്കറ്റ് തുകയുമായി ബന്ധിപ്പിക്കുകയാണ് ഒന്ന്. സന്ദര്‍ശക വിസയില്‍ വരുന്നവര്‍ വിമാനടിക്കറ്റ് എടുക്കുമ്പോള്‍തന്നെ ആരോഗ്യ ഇന്‍ഷുറന്‍സ് തുക കൂടി ഇതുവഴി ഈടാക്കാം. കുവൈറ്റിലേക്ക് എത്താനുള്ള പ്രവേശ കവാടങ്ങളില്‍ (വിമാനത്താവളം, തുറമുഖം, കര അതിര്‍ത്തികള്‍) തുക അടക്കുന്നതിനുള്ള പ്രത്യേക സംവിധാനം ഒരുക്കുകയാണ് രണ്ടാമത്തെ വഴി

shortlink

Related Articles

Post Your Comments

Related Articles


Back to top button