ഏതൊരു വിജയത്തിനു പിന്നിലും ഒരു പെണ്‍സാന്നിധ്യമുണ്ടാകുമെന്നാണ് പറയുന്നത്. ചരിത്രം പല ജീവിതങ്ങളിലൂടെയും അത് പറഞ്ഞ് തന്നിട്ടുമുണ്ട്. ചെന്നൈയിലെ തീര്‍ത്തും സാധാരണ ചുറ്റുപാടില്‍ നിന്ന് ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നിന്റെ തലപ്പത്തെത്തിയ സുന്ദര്‍ പിച്ചൈയുടെ ജീവിതത്തിലുമുണ്ട് അങ്ങനെയൊരാള്‍, ഭാര്യ അഞ്ജലി.
ഖോരഗ്പൂര്‍ ഐഐടിയില്‍ പഠിക്കുമ്പോള്‍ കണ്ടുമുട്ടിയ കൂട്ടുകാരിയെയാണ് സുന്ദര്‍ ജീവിത സഖിയാക്കിയത്. സുന്ദര്‍ മെറ്റലര്‍ജി വിഭാഗത്തിലും അഞ്ജലി കെമിക്കല്‍ എന്‍ജിനീയറിങിലുമാണ് ബിരുദം നേടിയത്. പഠനകാലത്തെ പ്രണയം സുന്ദറിന്റെ ജീവിതത്തിലെ വഴിത്തിരിവാകുകയായിരുന്നു. ഗൂഗിളിന്റെ സി.ഇ.ഒ ആകുന്നതിന് കാരണങ്ങളിലൊന്നായ നിര്‍ണായക തീരുമാനമെടുത്തത് അഞ്ജലിയായിരുന്നു. അതെ, ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ വേതനം വാങ്ങുന്ന ടെക്കിയാണ് സുന്ദര്‍ പിച്ചൈ.
സ്റ്റാന്‍ഫോര്‍ഡിലെ പഠനത്തിനും മക്കിന്‍സിയിലെ ജോലിക്കും ശേഷം 2004ലാണ് ഗൂഗിളില്‍ പ്രോഡക്ട് മാനേജരായി പിച്ചൈ എത്തുന്നത്. ഗൂഗിളിലെത്തിയ സുന്ദറിന്റെ വളര്‍ച്ച പെട്ടെന്നായിരുന്നു. സി.ഇ.ഒയും സ്ഥാപകരിലൊളായുമായ ലാറി പേജിന്റെ വിശ്വസ്തനായിരിക്കെ തന്നെ മൈക്രോസോഫ്റ്റും ട്വിറ്ററും ഉള്‍പ്പെടെയുള്ള കമ്പനികള്‍ പിച്ചൈയെ തേടിയെത്തി.
മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒയാക്കാന്‍ കമ്പനി പരിഗണിച്ചിരുന്ന പേരുകളിലൊന്ന് സുന്ദറിന്റെതായിരുന്നു. പിച്ചൈയെ ട്വിറ്റര്‍ കൊത്തിയെടുക്കും എന്നുറപ്പായപ്പോള്‍ ശമ്പളത്തില്‍ വന്‍ വര്‍ധനവ് നടത്തി ഗൂഗിള്‍ ആ മാറ്റം തടഞ്ഞുവെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ടായിരുന്നു. എന്തായാലും പിച്ചൈ എങ്ങോട്ടേക്കും പോയില്ല. അതിനു കാരണം മറ്റൊന്നുമല്ല, അഞ്ജലിയുടെ വാക്കുകളായിരുന്നു. അഞ്ജലിയാണ് പിച്ചൈയോട് ഗൂഗിളില്‍ തുടരാന്‍ ഉപദേശിച്ചത്. ഫലമോ പിച്ചൈ ഗൂഗിളിന്റെ സി.ഇ.ഒ ആയി. ലോകത്ത് ഏറ്റവും കൂടുതല്‍ വേതനം വാങ്ങുന്ന ടെക്കിയായി. തന്റെ ബിസിനസ് ആശയങ്ങള്‍ പിച്ചൈ വീട്ടുകാരോടൊത്ത് പങ്കിടാറുണ്ട്. പറ്റുമെങ്കില്‍ ചില പരീക്ഷണങ്ങള്‍ അവരെക്കൊണ്ട് നടത്താറുമുണ്ട്.
ഖരഗ്പൂരിലെ പ്രണയത്തെ കുറിച്ച് സുന്ദറിന്റെ അടുത്ത കൂട്ടുകാര്‍ക്കു പോലും അറിയില്ലായിരുന്നു. ഇരുവരുടെയും വിവാഹമുറപ്പിച്ചപ്പോള്‍ അതുകൊണ്ടു തന്നെ എല്ലാവര്‍ക്കും അദ്ഭുതമായിരുന്നു. അന്തര്‍മുഖനായ പിച്ചൈ ഒരിക്കല്‍ പോലും കൂട്ടുകാര്‍ക്ക് തന്റെ പ്രണയത്തെ കുറിച്ചൊരു സൂചനയും നല്‍കിയിരുന്നില്ല. പിച്ചൈ സി.ഇ.ഒ ആയ സമയത്ത് ഒരു കൂട്ടുകാരന്‍ വെളിപ്പെടുത്തിയതാണിത്. ബിടെക് നേടി അമേരിക്കയിലേക്ക് പറന്ന പിച്ചൈയ്ക്കു പിന്നാലെ കുറച്ചു മാസങ്ങള്‍ കഴിഞ്ഞ് അഞ്ജലിയും അമേരിക്കയിലെത്തി. രാജസ്ഥാന്‍ സ്വദേശിനിയായ അഞ്ജലി അമേരിക്കയില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കി. അഞ്ജലി ഇപ്പോള്‍ ഇന്റ്റിയൂറ്റ് എന്ന കമ്പനിയിലെ ബിസിനസ് ഓപ്പറേഷന്‍ മാനേജരാണ്. ലോസ് ആള്‍ട്ടോസില്‍ ഭര്‍ത്താവിനും മക്കളായ കാവ്യയ്ക്കും കിരണിനുമൊപ്പം കഴിയുകയാണ് അഞ്ജലിയിപ്പോള്‍.
Post Your Comments