ദോഹ : അബു സംറ അതിര്‍ത്തിയ്ക്കു സമീപം ലേബര്‍ ക്യാംപിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 11 തൊഴിലാളികള്‍ മരിച്ചു. തീപിടിത്തത്തില്‍ കത്തി കരിഞ്ഞ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരില്‍ ഇന്ത്യക്കാരില്ലെന്നാണ് ആദ്യവിവരം.
അബു സംറയ്ക്കു സമീപം നിര്‍മിക്കുന്ന ആഡംബര ഹോട്ടല്‍ സമുച്ചയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയ തൊഴിലാളികളാണു ക്യാംപില്‍ താമസിച്ചിരുന്നത്. ബുധനാഴ്ച വൈകിട്ട് ആറരയോടെയാണു തീപിടിത്തമുണ്ടായത്. കത്തിക്കരിഞ്ഞ നിലയില്‍ 11 മൃതദേഹങ്ങള്‍ ഹമദ് ആശുപത്രി മോര്‍ച്ചറിയയില്‍ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ മരിച്ചത് ഏതു രാജ്യക്കാരാണ് എന്നതുള്‍പ്പെടെ വിവരങ്ങളൊന്നും ലഭ്യമല്ല.
ഹോട്ടലിന്റെ നിര്‍മാണചുമതല വഹിച്ചിരുന്ന പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ലേബര്‍ ക്യാംപ് പാടേ കത്തിനശിച്ചു. ക്യാംപിലുണ്ടായിരുന്ന തൊഴിലാളികളുടെ വസ്ത്രങ്ങള്‍ ഉള്‍പ്പെടെ മുഴുവനും കത്തിച്ചാമ്പലായി. രാത്രി തന്നെ തൊഴിലാളികളെ കമ്പനിയുടെ മറ്റു ക്യാംപുകളിലേക്കു മാറ്റുകയായിരുന്നു. മലയാളികള്‍ ഉള്‍പ്പെടെ ആയിരത്തോളം പേര്‍ താമസിക്കുന്ന ക്യാംപാണിത് എന്നാണു ലഭിച്ച പ്രാഥമിക വിവരം.
Post Your Comments