1,000 ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ ഇനിയും വൈദ്യുതി എത്താത്ത 18,452 ഗ്രാമങ്ങളുടെ വൈദ്യുതീകരണം പൂര്‍ത്തിയാക്കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാന പൂര്‍ത്തീകരണത്തിനായി പ്രയത്നിക്കുന്ന ഊര്‍ജ്ജ മന്ത്രാലയം തങ്ങളുടെ ഉദ്യമത്തിന്‍റെ ഏറ്റവും പുതിയ കണക്കുകള്‍ പുറത്തു വിട്ടു. മെയ്-23 തൊട്ട് മെയ്-29 വരെയുള്ള ഒരാഴ്ച കൊണ്ട് മാത്രം വിവിധ സംസ്ഥാനങ്ങളിലായി 117 ഗ്രാമങ്ങളുടെ വൈദ്യുതീകരണം പൂര്‍ത്തിയാക്കി. ദീന്‍ദയാല്‍ ഉപാദ്ധ്യായ ഗ്രാം ജ്യോതി യോജനയുടെ (ഡി.ഡി.യു.ജി.ജെ.വൈ) കീഴില്‍ അരുണാചല്‍പ്രദേശില്‍ 18-ഉം, ആസ്സാമില്‍ 26-ഉം, ഝാര്‍ഖണ്ഡില്‍ 23-ഉം, രാജസ്ഥാനില്‍ ഒന്നും, മധ്യപ്രദേശില്‍ 6-ഉം, ഉത്തര്‍പ്രദേശില്‍ 3-ഉം, ബീഹാറില്‍ അഞ്ചും, ഛത്തീസ്ഗഡില്‍ രണ്ടും, ഒഡീഷയില്‍ 11-ഉം, മേഘാലയയില്‍ 22-ഉം ഗ്രാമങ്ങളാണ് കഴിഞ്ഞ ഒരാഴ്ച കൊണ്ട് വൈദ്യുതീകരിക്കപ്പെട്ടത്.
മെയ് 1, 2018 ആകുമ്പോഴേക്കും 12 ഘട്ടങ്ങളിലായി വൈദ്യുതിയില്ലാത്ത എല്ലാ ഗ്രാമങ്ങളിലും അതെത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. നാളിതുവരെ 7,991 ഗ്രാമങ്ങള്‍ വൈദ്യുതീകരിക്കപ്പെട്ടു കഴിഞ്ഞു. ഇനിയുള്ള 10,461 ഗ്രാമങ്ങളില്‍ 455 എണ്ണം ഉപേക്ഷിക്കപ്പെട്ടവയാണ്. മിച്ചമുള്ള 6,739 ഗ്രാമങ്ങള്‍ ഗ്രിഡ് മുഖേനയും 2,911 ഗ്രാമങ്ങള്‍ ഓഫ്-ഗ്രിഡ് ആയും വൈദ്യുതീകരിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 356 ഗ്രാമങ്ങള്‍ സംസ്ഥാന ഗവണ്‍മെന്‍റുകള്‍ തന്നെ വൈദ്യുതീകരിക്കും എന്നും ധാരണയായിട്ടുണ്ട്. ഗ്രിഡ് സാങ്കേതികവിദ്യ എത്തിക്കാന്‍ ബുദ്ധിമുട്ടുള്ള വിധത്തില്‍ ഭൗമശാസ്ത്രപരമായ തടസ്സങ്ങള്‍ ഉള്ള ഗ്രാമങ്ങളിലാകും ഓഫ്-ഗ്രിഡ് ആയി വൈദ്യുതി എത്തിക്കുക.
Post Your Comments