KeralaNews

ഒരിഞ്ച് ഭൂമി പോലും നികത്താന്‍ അനുവദിക്കില്ല; കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍

തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ അലംഭാവംമൂലം ഒരിഞ്ച് ഭൂമിപോലും നികത്താന്‍ അനുവദിക്കില്ലെന്നും ഇനി നികത്തലുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി വി.എസ്. സുനില്‍കുമാര്‍. കീടനാശിനി ഉപയോഗം വര്‍ധിപ്പിക്കല്‍ ലക്ഷ്യംവെച്ചുള്ള എല്ലാ അവിശുദ്ധ ബന്ധങ്ങളെയും പൊളിക്കും. കീടനാശിനി ലോബിയുടെ ഇടപെടല്‍ അനുവദിക്കില്ല. കീടനാശിനികള്‍ വ്യാപിപ്പിക്കാന്‍ സര്‍ക്കാറിന് ഉദ്ദേശ്യമില്ല. തിരുവനന്തപുരത്ത് സംസ്ഥാനത്തെ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 4.6 ശതമാനമാണ് കേരളത്തിന്റെ കാര്‍ഷിക വളര്‍ച്ച. മികച്ച വളര്‍ച്ച കൈവരിക്കാന്‍ നടപടി സ്വീകരിക്കും. സംസ്ഥാനത്തെമ്പാടും തരിശുകിടക്കുന്ന കൃഷിഭൂമി മാപ്പ് ചെയ്യും. ഉടമസ്ഥാവകാശം ചോദ്യംചെയ്യാതെ ഉടമകളെക്കൊണ്ടോ സര്‍ക്കാര്‍ ഏജന്‍സികളെക്കൊണ്ടോ കൃഷി ചെയ്യിപ്പിക്കാനാണ് ആലോചിക്കുന്നത്. കീടനാശിനി ഉപയോഗിക്കാതെ ജൈവ മാര്‍ഗങ്ങളിലൂടെ നെല്‍ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും.

എല്ലാ കൃഷിഭവനുകളുടെ പരിധിയിലും നിര്‍ണിതസ്ഥലം കരനെല്‍കൃഷിക്ക് നീക്കിവെക്കും. ലാഭമോ നഷ്ടമോ ഇല്ലാത്ത നിലയില്‍ കരനെല്‍കൃഷി വ്യാപിപ്പിക്കാനാണ് ആലോചന. ഇതിന് മൂപ്പുകുറഞ്ഞ വിത്തിനങ്ങള്‍ ഉപയോഗിക്കും. 2500 ഹെക്ടറില്‍ കരനെല്‍കൃഷി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരുപ്പൂകൃഷി നടത്തുന്ന നിലങ്ങളില്‍ സാധ്യമായിടത്ത് ഇരുപ്പൂകൃഷി നടത്തും.

കൃഷി ഓഫിസര്‍മാര്‍ക്ക് ഫീല്‍ഡില്‍ പോകാനാവാത്ത വണ്ണം മറ്റ് ജോലികളുണ്ടെന്ന് പരാതിയുണ്ട്. ഇക്കാര്യം പരിശോധിച്ച് ഫീല്‍ഡിലിറങ്ങാനാവുംവിധം ഉദ്യോഗസ്ഥരെ സ്വതന്ത്രരാക്കാന്‍ നടപടി സ്വീകരിക്കും. പച്ചക്കറിവില വര്‍ധിക്കുന്നത് തടയാന്‍ വിപണിയില്‍ ഇടപെടും. സംസ്ഥാനത്ത് 1200 പോളിഹൗസ് യൂനിറ്റുണ്ട്. പക്ഷേ, തുടക്കത്തില്‍ ഉണ്ടായിരുന്നത്ര കാര്യക്ഷമമല്ല. ഇത് പരിശോധിക്കുകയും നിലവിലുള്ളവ കാര്യക്ഷമമാക്കുകയും പുതിയ യൂനിറ്റുകള്‍ ആരംഭിക്കുകയും ചെയ്യും.

സമ്പൂര്‍ണ ജൈവ സംസ്ഥാനമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രത്യേക പാക്കേജുകള്‍ നടപ്പാക്കും. ജൈവ പച്ചക്കറികളുടെ പേരില്‍ കീടനാശിനികള്‍ തളിച്ചവ മാര്‍ക്കറ്റിലത്തെുന്നത് തടയും. കാര്‍ഷിക സര്‍വകലാശാലയിലെ ഇതിനുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും. പാടശേഖര സമിതിക്കുകീഴില്‍ കീടനാശിനി ഉപയോഗം തടയാന്‍ ജനകീയ ഇടപെടല്‍ എന്ന നിലയില്‍ നാലോ അഞ്ചോ അംഗങ്ങള്‍ ഉള്‍പ്പെടുന്ന കീടനിരീക്ഷണ സേനക്ക് രൂപം നല്‍കും. കൃഷിവകുപ്പിന്റെ ഫാമുകളിലെയും അനുബന്ധ പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഉല്‍പന്നങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കാന്‍ എല്ലാ ജില്ലയിലും അഗ്രി ഷോപ്പുകള്‍ ആരംഭിക്കും.

വിത്തും മണ്ണും മുതല്‍ മാര്‍ക്കറ്റ് വരെയുള്ള കാര്യങ്ങളില്‍ ശൃംഖലാബന്ധിത ഇടപെടല്‍ നടത്താനാണ് ആലോചിക്കുന്നത്. വൈവിധ്യമാര്‍ന്ന വിത്തുകളും വിളകളും ഉല്‍പാദിപ്പിച്ചിരുന്ന സംസ്ഥാനത്ത് അവയില്‍ പലതും നഷ്ടപ്പെട്ടു. ഇവ വീണ്ടെടുക്കാന്‍ നടപടിയുണ്ടാകും.

കാര്‍ഷിക പ്രദര്‍ശനങ്ങളില്‍ എല്ലാം അവസാനിപ്പിക്കുന്ന രീതി തുടരില്ല. പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത് ബഹുരാഷ്ട്ര കുത്തകളുടെ പിന്തുടര്‍ച്ചയായല്ല, മറിച്ച് നമ്മുടേതായ കാര്‍ഷികസംസ്‌കാരം കാലാനുസൃതമായി സൃഷ്ടിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button