KeralaNews

കാലവര്‍ഷക്കെടുതി: നഷ്ടപരിഹാരം 48 മണിക്കൂറിനകം

തിരുവനന്തപുരം: കാലവര്‍ഷത്തില്‍ കൃഷി, വീട് എന്നിവക്ക് നാശമുണ്ടായാല്‍ 48 മണിക്കൂറിനകം നഷ്ടപരിഹാരം നല്‍കും. ഇതിനായി 24 മണിക്കൂറിനകം നാശനഷ്ടം കണക്കാക്കി ജില്ലാ അധികാരികളെ അറിയിക്കണമെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മഴക്കാലപൂര്‍വ ശുചീകരണം സംബന്ധിച്ച യോഗത്തിലാണ് തീരുമാനം. മഴക്കെടുതിക്കുള്ള നഷ്ടപരിഹാരം വൈകുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ നഷ്ടപരിഹാരം നല്‍കുന്നത് ഒരാഴ്ചയില്‍ കൂടുതല്‍ വൈകാന്‍ അനുവദിക്കില്ലെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച മന്ത്രി കെ.കെ. ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.

പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് ബഹുജന പങ്കാളിത്തത്തോടെ ശുചീകരണയജ്ഞം നടത്തും. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ജൂണ്‍ ഒന്നുമുതല്‍ അഞ്ചുവരെ ശുചീകരണവാരം ആചരിക്കാനും തീരുമാനിച്ചു. ഉറവിടത്തില്‍തന്നെ മാലിന്യം സംസ്‌കരിക്കുന്ന നടപടികളാണ് സ്വീകരിക്കുക.

തെരഞ്ഞെടുപ്പ് തിരക്കിലായിരുന്നതിനാല്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടക്കേണ്ട മഴക്കാലപൂര്‍വ ശുചീകരണം പലയിടത്തും നടന്നിട്ടില്ല. ഈ സാഹചര്യത്തില്‍ ആരോഗ്യം, റവന്യൂ, തദ്ദേശം, പൊതുമരാമത്ത്, ജലസേചനം, കൃഷി, പൊതുവിതരണം എന്നീ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. എല്ലാ ജില്ലകളിലും ഈ മാസം 31 നകം മന്ത്രിമാരുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേരും.
വാര്‍ഡ്തല ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. കൊതുകുനിവാരണത്തിന് ഫോഗിങ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും നടത്തും. മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് 25,000 രൂപ വരെ വിനിയോഗിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നല്‍കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച ഫ്‌ളക്‌സ് ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ നീക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളും സന്നദ്ധ പ്രവര്‍ത്തകരും രംഗത്തിറങ്ങണം. പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെ കുറവ് പരിഹരിക്കും. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവശ്യമായ മരുന്ന് സംഭരിക്കും. ആവശ്യമെങ്കില്‍ പ്രാദേശികമായി മരുന്ന് വാങ്ങി സൂക്ഷിക്കാനും ആശുപത്രി സൂപ്രണ്ടുമാര്‍ക്ക് അനുമതി നല്‍കും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആവശ്യമായ മേഖലകളില്‍ എമര്‍ജന്‍സി ഓപറേഷന്‍ സെന്ററുകള്‍ രൂപവത്കരിക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ മുന്‍കൂട്ടി സജ്ജമാക്കാനും തീരുമാനിച്ചു. മന്ത്രിമാരായ ടി.എം. തോമസ് ഐസക്, ജി. സുധാകരന്‍, ഇ. ചന്ദ്രശേഖരന്‍, കെ.ടി. ജലീല്‍, മാത്യു ടി. തോമസ്, വി.എസ്. സുനില്‍കുമാര്‍, പി. തിലോത്തമന്‍, എ.കെ. ശശീന്ദ്രന്‍ എന്നിവരും ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ തുടങ്ങി ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button