കൊച്ചി: തെളിവുകളില്ലാതെ വഴിമുട്ടിയ ജിഷ കൊലക്കേസിന്റെ അന്വേഷണം കൂടുതല്‍ പ്രതിസന്ധിയിലേക്ക്. നിര്‍ണായക തെളിവെന്ന് പോലീസ് കരുതുന്ന ജിഷയുടെ ചുരിദാറില്‍ നിന്നു കിട്ടിയ ഡി.എന്‍.എ. കൊലയാളിയുടേതാകാന്‍ സാധ്യതയില്ലെന്ന് ഫോറന്‍സിക് വിദഗ്ധര്‍.
കൊല്ലപ്പെട്ട ദിവസം അപരിചിതനായ ഒരാള്‍ രാത്രിയും ജിഷയുടെ വീട്ടിലെത്തിയതായി നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. മൊെബെലില്‍ എടുത്ത ഇയാളുടെ വീഡിയോ ഉള്‍പ്പടെയുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിനു കൈമാറി. സിമെന്റ് പുരണ്ട ചെരുപ്പുകള്‍ സംഭവം നടന്നു ദിവസങ്ങള്‍ക്കു ശേഷം പ്രതി പറമ്പില്‍ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. വീട്ടില്‍നിന്നു കണ്ടെത്തിയ കെട്ടിട നിര്‍മാണ സാമഗ്രികള്‍ സംബന്ധിച്ചും വ്യക്തമായ വിവരമില്ല. പ്രതി ഊരിവച്ച ബള്‍ബ് പോലീസുകാര്‍ തിരിച്ച് ഇട്ടതും മൃതദേഹം സംസ്‌കരിച്ചതും പുതിയ അന്വേഷണ സംഘത്തിനു വെല്ലുവിളിയാണ്.
കൊല്ലപ്പെട്ടതുമുതല്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തതു വരെയുള്ള സമയത്തിനിടെ പോലീസുകാരടക്കം നിരവധിപേര്‍ ജിഷയുടെ മൃതദേഹത്തില്‍ സ്പര്‍ശിച്ചിട്ടുണ്ട്. ഇവരുടെ ഡി.എന്‍.എയാകാം ചുരിദാറില്‍ കണ്ടെത്തിയത്. ആംബുലന്‍സ് സ്ട്രക്ചറിലും പോസ്റ്റ്‌മോര്‍ട്ടം ടേബിളിലും നിരവധി ആളുകളുടെ ഡി.എന്‍.എ. കാണാറുണ്ട്. ചുരിദാറിലാകെ രക്തം പുരണ്ട നിലയിലാണ് വീട്ടിലെ തറയില്‍നിന്നു ജിഷയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിനിടെ, പ്രതിയുടെ ഡി.എന്‍.എ. ചുരിദാറില്‍ പുരണ്ടാലും അതു നഷ്ടപ്പെടുമെന്നും അധികൃതര്‍ പറഞ്ഞു.
ജിഷ കൊലചെയ്യപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പട്ടിമറ്റം കുമ്മനോട് ഭണ്ഡാരകവല കനാലിനു സമീപത്തുനിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച സാധനങ്ങള്‍ സ്വകാര്യ കമ്പനി ജീവനക്കാരന്റേതെന്ന് തെളിഞ്ഞു. ഈ മാസം രണ്ടിനാണ് കുമ്മനോട്ടിലെ കനാലിനടുത്തുനിന്നു ജീന്‍സും കത്തി, ബെല്‍റ്റ്, ഷാള്‍ എന്നിവയും അടങ്ങിയ പൊതി സമീപവാസികള്‍ കണ്ടെത്തിയത്. കുന്നത്തുനാട് പോലീസില്‍ വിവരം അറിയിച്ചങ്കിലും പോലീസ് അക്കാര്യം ഗൗരവത്തിലെടുത്തിരുന്നില്ലെന്നാണ് പറയപ്പെടുന്നത്.
പിന്നീട് ഈ സംഭവം ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവാണെന്ന നിഗമനത്തില്‍ നാട്ടുകാര്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് കുമ്മനോട്ടിലെത്തി അന്വേഷണസംഘം പരിശോധന നടത്തി. പരിശോധനയില്‍ കേസിനാസ്പദമായ തെളിവുകള്‍ ഒന്നും കണ്ടെത്താനായില്ല. കുന്നത്തുനാട് പോലീസിനു വീഴ്ച പറ്റിയെന്ന ആരോപണത്തെത്തുടര്‍ന്ന് സ്റ്റേഷന്‍ പാറാവുകാരനെ സസ്‌പെന്‍ഡ് ചെയ്തു.
ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട പാലക്കാട് സ്വദേശിയും കിഴക്കമ്പലത്തെ സ്വകാര്യ കമ്പനി ജീവനക്കാരനുമായ അനില്‍കുമാര്‍, കനാല്‍ പരിസരത്തുനിന്നു കണ്ടെത്തിയ ജീന്‍സും കത്തിയും ബെല്‍റ്റും ഷാളുമടങ്ങിയ പൊതി തന്റെതാണെന്നു വ്യക്തമാക്കി കുന്നത്തുനാട് എസ്.ഐയുടെ മുമ്പില്‍ ഹാജരായി. തുടര്‍ന്ന് അനില്‍കുമാറിനെ പ്രത്യേക അന്വേഷണ സംഘവും ചോദ്യം ചെയ്തു. മേയ് ഒന്നിന് കൂട്ടുകാരോടൊപ്പം വിനോദയാത്രയ്ക്കുപോയ അനില്‍കുമാറും സംഘവും രണ്ടിന് തിരിച്ചെത്തി താമസ്ഥലത്തേക്ക് പോകുന്നതിനിടയില്‍ ബൈക്കില്‍ കൊളുത്തിയിട്ടിരുന്ന പൊതി നിലത്ത് വീഴുകയായിരുന്നു.
താമസസ്ഥലത്തെത്തി നോക്കിയപ്പോള്‍ പൊതി കാണാത്തതിനെത്തുടര്‍ന്ന് തിരിച്ചു വന്ന് നോക്കിയെങ്കിലും കണ്ടെടുക്കാനായിരുന്നില്ല. തുടര്‍ന്ന് ഈ സംഭവം സമീപത്തെ കടക്കാരെ അറിയിച്ചിരുന്നതായും രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ പരിസരത്തുള്ള കലുങ്കില്‍ നിന്നു പൊതി കണ്ടെടുത്തതായും അനില്‍കുമാര്‍ പറഞ്ഞു. വസ്ത്രങ്ങള്‍ക്കൊപ്പം കണ്ടതായി പറയുന്ന ചോര പുരണ്ട കത്തി തണ്ണിമത്തന്‍ മുറിക്കുന്നതിനു കടയില്‍നിന്നു വാങ്ങിയതാണെന്നും കത്തിയിലുണ്ടായിരുന്ന ചോര തണ്ണിമത്തന്റെ അവശിഷ്ടങ്ങളായിരുന്നെന്നും അനില്‍കുമാര്‍ പറഞ്ഞു.
എ.ഡി.ജി.പി. ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം ഇന്നലെ ചുമതലയേറ്റു. എസ്.പിമാരായ പി.എന്‍. ഉണ്ണിരാജന്‍, പി.കെ. മധു, ഡിെവെ.എസ്.പിമാരായ ശശിധരന്‍, കെ. എസ്. സുദര്‍ശന്‍, സോജന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ബൈജു പൗലോസ്, ഷംസു എന്നിവരടങ്ങുന്ന ഏഴംഗ സംഘമാണ് അന്വേഷണത്തിനു ചുക്കാന്‍ പിടിക്കുന്നത്. 118 അംഗ സംഘമാണ് ജിഷ കേസ് അന്വേഷിച്ചത്. പുതിയ സംഘത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉടന്‍ നിയമിക്കുമെന്നാണ് വിവരം. അന്വേഷണം ആദ്യം മുതല്‍ വീണ്ടും നടത്തുമെന്ന് എ.ഡി.ജി.പി. അറിയിച്ചു. പഴയ അന്വേഷണ സംഘം കണ്ടെത്തിയ കാര്യങ്ങളും മൊഴികളും പരിശോധിച്ചു. വട്ടോളിപ്പടിയിലെ വീട്ടില്‍ പരിശോധന നടത്തി. ദൃക്‌സാക്ഷികളായ നാല് അയല്‍ക്കാരുടെ മൊഴികള്‍ വീണ്ടും രേഖപ്പെടുത്തി.
പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിയ അന്വേഷണ സംഘം ജിഷയുടെ അമ്മയെയും സഹോദരിയെയും രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു. അതേസമയം, ജിഷയുടെ അമ്മയെ വാടകവീട്ടിലേക്ക് മാറ്റാനുള്ള ദൗത്യം ജില്ലാ ഭരണകൂടം ഉപേക്ഷിച്ചു. കേസും അന്വേഷണവും ഭയന്ന് ആരും വീട് നല്‍കാന്‍ തയാറാകാത്തതാണ് കാരണം. പുതിയ വീടിന്റെ കട്ടിള ഘടിപ്പിച്ചെന്നും പതിനഞ്ചു ദിവസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കനാകുമെന്നും കുന്നത്തുനാട് താലൂക്ക് തഹസില്‍ദാര്‍ അറിയിച്ചു.
Post Your Comments