ബാഗ്ദാദ്: ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ കമാന്‍ഡര്‍ മാഹെര്‍ അല്‍ ബിലാവി കൊല്ലപ്പെട്ടു. ഇറാഖിലെ ഫലൂജ നഗരത്തില്‍ ഭീകരര്‍ക്കെതിരെ നടത്തിയ വ്യോമാക്രമണത്തിലാണ് ബിലാവി കൊല്ലപ്പെട്ടതെന്ന് യു.എസ് സൈനിക ഉദ്യോഗസ്ഥന്‍ കേണല്‍ സ്റ്റീവ് വാറന്‍ അറിയിച്ചു. ഐ.എസിനെതിരെ ശക്തമായ പോരാട്ടമാണ് നഗരത്തില്‍ നടക്കുന്നത്. എന്നാല്‍ ഫലൂജയില്‍ നിന്നും ഭീകരരെ തുരത്താനുള്ള പോരാട്ടം എത്രനാള്‍ നീളുമെന്നു വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഐ.എസിന്റെ നിയന്ത്രണത്തിലുള്ള ഫലൂജ നഗരം ഭീകരരില്‍നിന്നു തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തില്‍ ഇറാഖ് സൈന്യത്തിനു മികച്ച പിന്തുണയാണ് യു.എസ് നല്‍കുന്നത്. ഫലൂജയില്‍ നാലുദിവസമായി നടത്തുന്ന വ്യോമാക്രമണങ്ങളില്‍ ഇതുവരെ എഴുപതോളം പേര്‍ കൊല്ലപ്പെട്ടു. സൈനികവിന്യാസത്തിന്റെ ഭാഗമായി പ്രദേശവാസികളെ സുരക്ഷിത താവളങ്ങളിലേക്കു മാറ്റിയിരുന്നു. എന്നാല്‍ ഐ.എസിനായി പോരാടാന്‍ തയാറാകാത്തതിന്റെ പേരില്‍ നിരവധി പേരെയാണ് ഭീകരര്‍ കൊലപ്പെടുത്തുന്നതെന്ന് യു.എന്‍ അറിയിച്ചു. സുന്നി മുസ്‌ലിം ജിഹാദികളുടെ ശക്തികേന്ദ്രമായ ഫലൂജ നഗരം 2014 ലാണ് ഐ.എസിന്റെ നിയന്ത്രണത്തിലായത്. മൊസൂളും ഐ.എസിന്റെ നിയന്ത്രണത്തിലാണ്.
Post Your Comments