രാഷ്ട്രീയമായി വിപരീതധ്രുവങ്ങളിലുള്ള രണ്ട് നേതാക്കന്മാരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും. ഏറേ സവിശേഷതകളുള്ള ഇന്ത്യന്‍ ജനാധിപത്യചക്രത്തിന്‍റെ കാലഗമനം ഈ പ്രത്യേക ഘട്ടത്തില്‍ ഇതാ, ഇവര്‍ ഇരുവരും ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ടതായ സാഹചര്യം സംജാതമാക്കിയിരിക്കുന്നു. രാഷ്ട്രീയഭിന്നതകള്‍ മറന്ന് ഒരേമനസ്സോടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ രാജ്യത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കാന്‍ ഇരുവര്‍ക്കും കഴിയും.
നരേന്ദ്രമോദി 2014-ല്‍ ഇന്ത്യയുടെ സാരഥ്യമേറ്റെടുത്തതിന് സമാനമായ സാഹചര്യങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ നിലവിലുള്ളത്. അഴിമതിയാരോപണങ്ങളുടെ കയ്പ്പുനീര്‍ കുടിച്ച് കുനിഞ്ഞ ശിരസ്സോടെ ഒരു സര്‍ക്കാര്‍ വഴിമാറിപ്പോയിരിക്കുന്നു. 2014-ല്‍ മന്‍മോഹന്‍ സിംഗിന്‍റെ യുപിഎ-യും 2016-ല്‍ ഉമ്മന്‍ചാണ്ടിയുടെ യുഡിഎഫ്-ഉം ഈ ദുരവസ്ഥയുടെ ഇരകളായി. പകരം അധികാരത്തില്‍ വന്ന സര്‍ക്കാരിനെക്കുറിച്ച് ജനങ്ങള്‍ക്കുള്ള പ്രതീക്ഷകള്‍ നിസ്സീമമാണ്. കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഏന്‍ഡിഎ സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ രാജ്യമെങ്ങും ഒരു വിലയിരുത്തല്‍ പ്രക്രിയ സജീവമായിരിക്കുന്ന സമയത്താണ് ഒരു സംസ്ഥാനത്തെ ജനങ്ങളുടെ മുഴുവന്‍ പ്രതീക്ഷയുടെ ഭാരവും പേറി പുതിയ കേരള മുഖ്യമന്ത്രി ദേശീയനേതാക്കളെ കാണാനുള്ള തന്‍റെ ആദ്യ സന്ദര്‍ശനത്തിനായി രാജ്യതലസ്ഥാനത്തേക്ക് തിരിച്ചിരിക്കുന്നത്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പരസ്പരം സഹകരിക്കേണ്ടതായ ഒരു സ്ഥിതിവിശേഷമാണ് കേന്ദ്രഭരണത്തിലും കേരളഭരണത്തിലും ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിന്‍റെ പേരില്‍ സുപ്രധാനമായ പല നിയമനിര്‍മ്മാണങ്ങളും കീറാമുട്ടിയായി മാറിയിരിക്കുകയാണ് കേന്ദ്രത്തിന്. കാലിയായ ഖജനാവും ബാക്കിവച്ചാണ് മുന്‍സര്‍ക്കാര്‍ പടിയിറങ്ങിയതെന്ന പുതിയ ധനകാര്യമന്ത്രി തോമസ് ഐസക്കിന്‍റെ വെളിപ്പെടുത്തലിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നത് പിണറായി മന്ത്രിസഭയുടെ വികസന അജണ്ടകള്‍ നടപ്പിലാക്കാന്‍ കേന്ദ്രസഹായം കൂടിയേ കഴിയൂ എന്നാണ്.
ഇവിടെ മനസ്സിലാക്കേണ്ടതായ കാര്യങ്ങള്‍, കേന്ദ്രസഹായം സംസ്ഥാനങ്ങളുടെ അവകാശവും, പൊതുജനങ്ങളുടെ ജീവിതോന്നമനത്തിന് സഹായകരമായ നിയമങ്ങള്‍ പാസ്സാകുന്നതിന് കേന്ദ്രനിയമനിര്‍മ്മാണ സഭയായ പാര്‍ലമെന്‍റില്‍ രാഷ്ട്രീയഭിന്നതകള്‍ക്കതീതമായ പിന്തുണ നല്‍കുകയെന്നുള്ളത് ഭരണ-പ്രതിപക്ഷ ഭേദമന്യേ കക്ഷികളുടെ ഉത്തരവാദിത്തവുമാണ് എന്നതാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഭരണം കൊണ്ട് രാജ്യത്തിന്‍റെ വികസനകാര്യങ്ങളില്‍ ബദ്ധശ്രദ്ധാലുക്കളാണ് തങ്ങളെന്ന പൊതുബോധം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ച സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളത്. അധികാരമേറ്റെടുത്തയുടന്‍ കൈക്കൊണ്ടതായ ധീരവും ജനപ്രിയവുമായ തീരുമാനങ്ങളിലൂടെ തുടക്കം ഗംഭീരമാക്കിയ ഒരു സര്‍ക്കാരാണ് കേരളത്തില്‍ ഇപ്പോള്‍ വന്നിരിക്കുന്നത്.
കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎ ഗവണ്‍മെന്‍റിന്‍റെ ഏറ്റവുംവലിയ ശക്തി ഏതു പ്രതിസന്ധിയിലും കുലുങ്ങാത്ത, തന്‍റെ ഭരണനിപുണത ഒന്നിലേറെ സാഹചര്യങ്ങളില്‍ ചോദ്യംചെയ്യാനാവാത്ത വിധം തെളിയിച്ച, ഇടപെടലുകളില്‍ സൗമ്യതയും തീരുമാനങ്ങളില്‍ കാര്‍ക്കശ്യതയും പുലര്‍ത്തുന്ന നരേന്ദ്രമോദി പ്രധാനമന്ത്രിസ്ഥാനത്തുണ്ടെന്നതാണ്. ആ പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനശൈലിയുമായി ഒരുപരിധി വരെയെങ്കിലും താരതമ്യം ചെയ്യാന്‍ കഴിഞ്ഞേക്കും എന്നുകരുതുന്ന നേതൃത്വമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റേത്. തുടക്കത്തില്‍ പറഞ്ഞതുപോലെ തന്നെ രാഷ്ട്രീയപരമായ ഭിന്നതകള്‍കൊണ്ട് തികച്ചും വിപരീതമായ ചിന്താധാരകളുടെ പ്രതിനിധികളായിരിക്കുന്ന രണ്ട് നേതാക്കന്മാരാണ് നരേന്ദ്രമോദിയും പിണറായി വിജയനും. പക്ഷേ ഇവരുടെ പ്രവര്‍ത്തനശൈലിയിലുള്ള ഈ സമാനത പ്രത്യക്ഷത്തില്‍ത്തന്നെ തിരിച്ചറിയാവുന്നതാണ് താനും.
തങ്ങളുടെ മുന്നിലുള്ള വിശാലമായ ലക്ഷ്യം രാഷ്ട്രീയയുദ്ധക്കളത്തിലെ കയ്മെയ് മറന്നുള്ള പോരാട്ടമല്ലെന്നും, അതിനുമൊക്കെ അപ്പുറത്ത്, തങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് വോട്ടുതന്ന ജനലക്ഷങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായുള്ള ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് എന്നും ബോധ്യമുള്ള രണ്ട് നേതാക്കന്മാര്‍ ഒരുമിച്ച് വരുമ്പോള്‍ കേന്ദ്രത്തിലേയും കേരളത്തിലേയും വികസനവഴികളിലെ ഒട്ടനവധിയായ തടസ്സങ്ങള്‍ മാറിക്കിട്ടും എന്ന് തന്നെ പ്രതീക്ഷിക്കാം.
Post Your Comments