അജ്മാന്‍ : ജോലി തേടി ഗള്‍ഫിലെത്തിയ യുവാവ് രക്ഷപ്പെട്ട് നാട്ടിലെത്താന്‍ കാണിച്ചത് കടുത്ത പ്രയോഗം. സ്‌പോണ്‍സറുടെ കൈയ്യില്‍ നിന്ന് രക്ഷപ്പെടാന്‍ ആറ് വാഹനങ്ങളുടെ ചില്ലുകളാണ് യുവാവ് അടിച്ചു തകര്‍ത്തത്. അജ്മാന്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിന് മുന്‍പില്‍ നിര്‍ത്തിയിരുന്ന വാഹനങ്ങളാണ് പത്തൊന്‍പതുകാരന്‍ അടിച്ചു തകര്‍ത്തത്.
യുവാവ് ചില്ലുകള്‍ അടിച്ചു തകര്‍ക്കുന്നത് കണ്ട് സമീപത്തെ കാര്‍ കഴുകുന്നവരാണ് പോലീസില്‍ വിവരം അറിയിച്ചത്. വാഹനങ്ങളുടെ അരികിലെ ചില്ലുകളാണ് യുവാവ് അടിച്ചു തകര്‍ത്തത്. രണ്ട് നിസാന്‍ പട്രോള്‍, രണ്ട് ലക്‌സ്, ഒരു കിയ, ഒരു ഷെവര്‍ലെ കമാറൊ എന്നിവയാണ് തകര്‍ത്ത കാറുകള്‍. ഒരു മാസം മുന്‍പാണ് യുവാവ് യു.എ.ഇയില്‍ എത്തിയത്. പ്രതി ഒരു ഇലക്ട്രിക്കല്‍ വിതരണ കടയില്‍ ജോലി നോക്കുകയായിരുന്നു. നാട്ടിലേക്ക് തിരിച്ചു പോകാന്‍ ആഗ്രഹിച്ചെങ്കിലും അതിന് സാധിച്ചില്ല. ഇതിന് സ്വയം കണ്ടെത്തിയ വഴിയാണ് കാറുകള്‍ അടിച്ചു തകര്‍ക്കുന്നതിലേക്ക് പ്രതിയെ നയിച്ചത്.
യുവാവിന്റെ വിശദാംശങ്ങള്‍ അജ്മാന്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് മുന്‍പ് ഹാജരാക്കി. ഇയാളുടെ മാനസിക ആരോഗ്യ നില ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും അജ്മാന്‍ പോലീസ് പറഞ്ഞു.
Post Your Comments