ന്യൂഡല്‍ഹി: രാജ്യമെമ്പാടും അലയടിച്ച മോദി തരംഗത്തിന്റെ അകമ്പടിയോടെ അധികാരത്തിലേറിയ എന്‍.ഡി.എ സര്‍ക്കാര്‍ ഇന്ന് രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്നു. 2014 മെയ് 26നാണ് മോദി സര്‍ക്കാര്‍ അധികാരമേറ്റത്.
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് മെച്ചപ്പെട്ട പ്രകടനം നടത്താന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേയ്ക്ക് കടക്കുന്നത്.
കടുത്തവെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു സര്‍ക്കാരിന് രണ്ട് വര്‍ഷങ്ങള്‍. വിദേശനയരംഗത്തും വെല്ലുവിളി നേരിടേണ്ടി വന്നിരുന്നു. ഇതെല്ലാം മറികടക്കാം എന്ന ആത്മവിശ്വാസത്തിലാണ് മോദി സര്‍ക്കാരിന്റെ കണക്ക്കൂട്ടല്‍.
രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഒരു മാസം നീളുന്ന പരിപാടികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. 28ന് ഡല്‍ഹി ഇന്ത്യാ ഗേറ്റില്‍ നടക്കുന്ന മെഗാഷോയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മന്ത്രിമാരും പങ്കെടുക്കും. രണ്ടുവര്‍ഷത്തെ 200 നേട്ടങ്ങള്‍ അടിസ്ഥാനമാക്കിയാണ് സരാ മുസ്കുരാ ദോ (ഒന്നു ചിരിക്കൂ) എന്നു പേരിട്ടിരിക്കുന്ന മെഗാഷോ അവതരിപ്പിക്കുക.
സര്‍ക്കാരിന്റെ പതാകാ വാഹക പദ്ധതികളായ സ്വച്ഛ്ഭാരത് അഭിയാന്, ഡിജിറ്റല്‍ ഇന്ത്യ, ജന്‍ധന്‍ പദ്ധതി, വിള ഇന്‍ഷ്വറന്‍സ്, പെന്ഷന് പദ്ധതി, ഗ്രാമീണ വൈദ്യുതീകരണം എന്നിവയ്ക്ക് പ്രാധാന്യം നല്‍കും. മന്ത്രിമാരായ വെങ്കയ്യ നായിഡു, നിതിന്‍ ഗഡ്കരി, പീയൂഷ് ഗോയല്‍, രാജ്യവര്‍ദ്ധന്‍ റാഥോര്‍ എന്നിവര്‍ക്കാണ് സംഘാടന ചുമതല. പരിപാടിയിലേക്കായി നേട്ടങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വിവിധ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടിരുന്നു. വൈകിട്ട് അഞ്ചു മുതല്‍ രാത്രി പത്തുവരെ നീളുന്ന പരിപാടി ദൂരദര്ശന് ദേശീയശൃംഖലയില്‍ സംപ്രേഷണം ചെയ്യും. ഒന്നാം വാര്‍ഷികത്തിന് നടത്തിയ ‘സാല് ഏക് ശുരുവാത്ത് അനേക് ‘ എന്ന പരിപാടിയെക്കാള്‍ കേമമാക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.
Post Your Comments