InternationalWomen

ഇത് ലിസ്സി വെലാസ്കസ്; ലോകത്തിലെ ഏറ്റവും വിരൂപയായ അല്ല… മനോഹരിയായ പെണ്‍കുട്ടി

ലോകത്തിലെ ഏറ്റവും വിരൂപയായ സ്ത്രീ” എന്ന പേരിലാണ് ലിസ്സി വെലാസ്കസിന്റെ ഫോട്ടോകളും വീഡിയോകളും ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. എന്നാൽ അത് താൻ ആണെന്ന് അറിയാതെ ആദ്യമായി ആ വീഡിയോ കാണുന്ന ഒരാളുടെ മാനസികസ്ഥിതി എന്താകും. അത് തന്നെയായിരുന്നു പതിനേഴുകാരിയായ ലിസ്സിക്കും തോന്നിയത്. താൻ അറിയാതെ തന്റെ വീഡിയോ പ്രചരിക്കുന്നത് അവളെ മാനസികമായി ഏറെ തളർത്തി. കുറേ നാളുകൾക്കു മുൻപേ പ്രസിദ്ധപ്പെടുത്തിയ ആ വീഡിയോ ഇതിനോടകം 40 ലക്ഷത്തോളം ആളുകൾ കണ്ടു കഴിഞ്ഞിരുന്നു. ആയിരക്കണക്കിന് കമന്റുകളും വന്നിട്ടുണ്ട്.
ലിസി ചങ്കിടിപ്പോടെയാണ് ആ കമന്റുകൾ വായിച്ചത് . “ഇതിന്റെ അപ്പനും അമ്മയും എന്തിനിതിനെ വളർത്തുന്നു”, “ഇതിനെ ചുട്ടു കൊല്ലാൻ ആരുമില്ലേ..?””മനുഷ്യനെ പേടിപ്പിക്കാൻ ഓരോന്ന് ഇങ്ങനെ നടന്നോളും””ദയവായി ഒന്ന് ആത്മഹത്യ ചെയ്തു കൂടെ?”ഇത്രേം വൃത്തി കെട്ട മുഖം ലോകത്തുണ്ടായിട്ടില്ല”…..ഇങ്ങനെ പോകുന്നു കമന്റുകൾ. എന്നാൽ ഇത്തരം അനുഭവങ്ങൾ ലിസ്സിക് പുതുമയായിരുന്നില്ല.

കുഞ്ഞുന്നാളിൽ ആളുകൾ തന്നെ തുറിച്ചുനോക്കുന്നത് എന്തിനാണെന്ന് അവൾക്ക് മനസിലായിരുന്നില്ല. എന്നാൽ വളരുന്തോറും അവൾ അതിനെക്കുറിച്ച്‌ ബോധവതിയായി .ഒരു കണ്ണിൽ വെളുത്ത പാട മൂടി കാഴ്ചയില്ലാതെ, മറ്റേ കണ്ണിനു പകുതി മാത്രം കാഴ്ച ശേഷി, മെലിഞ്ഞ് എല്ലുന്തി, മൂക്ക് വല്ലാതെ നീണ്ട് , മുൻ നിര പല്ലുകൾ പുറത്തേക്കു തള്ളി… അങ്ങനെ ഒരു വക കോലം കെട്ട രൂപം.

റീത്താ, ഗ്വാഡലുപേ ദമ്പതികളുടെ മൂന്നു മക്കളിൽ ഏറ്റം മൂത്തവളായി 1989 മാർച്ച്‌ 13 ന് അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്ത് ഓസ്റ്റിൻ എന്ന സ്ഥലത്താണ് ലിസി ജനിച്ചത്. ഈ കുഞ്ഞു അധികകാലം ജീവിച്ചിരിക്കില്ലെന്നു ഡോക്ടർമാർ വിധിയെഴുതി. എന്നാൽ മാതാപിതാക്കൾ അവളെ വളർത്തി .ലോകത്ത് ആകെ രണ്ടു പേർക്ക് മാത്രമുള്ള ഒരു വൈകല്യമാണ് തങ്ങളുടെ മകളെ ബാധിച്ചിരിക്കുന്നതെന്ന് അവർ കണ്ടെത്തി. ശരീരത്തിൽ കൊഴുപ്പ് തെല്ലും ഉണ്ടാകാതിരിക്കുന്ന ഒരു തരം പ്രതിഭാസമാണിത്. അത് കൊണ്ട്, എന്ത് കഴിച്ചാലും എത്ര അളവ് കഴിച്ചാലും ശരീരം വണ്ണം വയ്ക്കില്ല, രോഗ പ്രതിരോധ ശേഷി തെല്ലുമില്ല. പ്രായപൂർത്തിയായിട്ടും ലിസിയുടെ ശരീര ഭാരം വെറും 29 കിലോ മാത്രമായിരുന്നു.

ഒരാളുടെ ജീവിതം എന്തെന്ന് നിർണ്ണയിക്കാനുള്ള അവകാശം മറ്റാർക്കുമല്ല അയാൾക്ക്‌ തന്നെയാണെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്താൻ ദൈവം ലിസിയെ ഉപയോഗിക്കുകയായിരുന്നു. തനിക്കു നേരിട്ട അവഹേളനത്തിന് അത് ചെയ്ത ആളെ കുറ്റപ്പെടുത്താതെ യൂട്യൂബിൽ കൂടെത്തന്നെ വളരെ പോസിറ്റീവായി മറുപടി കൊടുക്കാൻ ലിസി തീരുമാനിച്ചു. അതിനു വേണ്ടി യൂട്യൂബിൽ സ്വന്തമായി ഒരു ചാനൽ പേജ് തുടങ്ങി തന്നെ കുറിച്ചുള്ള വീഡിയോകൾ സ്വയം എടുത്ത് അതിൽ പോസ്റ്റ്‌ ചെയ്തു.ലോകത്തിലെ ഏറ്റവും വിരൂപയായ പെണ്‍കുട്ടിയെ അവൾ സ്വയം ലോകത്തിനു പരിചയപ്പെടുത്തി. തെല്ലും ചമ്മൽ ഇല്ലാതെ വളരെ സ്വാഭാവികതയോടെയും തന്മയത്വതോടെയുമുള്ള അവളുടെ സംസാരം ആളുകളെ പതിയെ ആകർഷിച്ചു തുടങ്ങി.

തുടർന്നങ്ങോട്ട് അത്ഭുതങ്ങളുടെ നാളുകളായിരുന്നു. അനേകം വേദികളിൽ ലിസി മോട്ടിവേഷനൽ സ്പീക്കർ ആയി ക്ഷണിക്കപ്പെട്ടു. തനിക്ക് അനുഭവപ്പെട്ടത് പോലെ ദുരിതങ്ങൾ അനുഭവിക്കുന്ന ആളുകളെ സഹായിക്കാൻ എഴുത്താണ് ഏറ്റവും നല്ല വഴി എന്നവൾ കണ്ടെത്തി. ആദ്യം എഴുതിയത് തന്റെ തന്നെ ആത്മ കഥയാണ്‌. ”ലിസ്സി ബ്യൂട്ടിഫുൾ” എന്നതിന് പേരും നൽകി.തുടർന്ന് കൗമാര പ്രായക്കാരെ മനസ്സിൽ കണ്ട് ”ബി ബ്യൂട്ടിഫുൾ ബി യു” , ”ചൂസിംഗ് ഹാപ്പിനെസ്സ് ”എന്നീ രണ്ടു മോട്ടിവേഷണൽ ഗ്രന്ഥങ്ങൾ രചിച്ചു:
പുസ്തകങ്ങളെല്ലാം ബെസ്റ്റ് സെല്ലർ ആയതോടെ ലിസിക്ക് ആരാധകർ ഏറി.

“എ ബ്രേവ് ഹാർട്ട് : ദി ലിസ്സി വെലാസ്കസ് സ്റ്റോറി ” എന്ന പേരിൽ ലിസിയെക്കുറിച്ചു പുറത്തിറക്കിയ ഡോക്യുമെന്ററി നിരവധി അവാർഡുകൾക്ക് അർഹമായി. പല കാരണങ്ങളാൽ സമൂഹത്തിൽ നിന്ന് അവഹേളനങ്ങൾ നേരിടുന്നവർക്ക് വേണ്ടി ഒരു പ്രസ്ഥാനത്തിനു രൂപം കൊടുത്തിരിക്കുകയാണ് ലിസിയിപ്പോൾ. അമേരിക്കൻ പാർലമെന്റിൽ ഈ ലക്ഷ്യത്തോടെയുള്ള ഒരു നിയമനിർമ്മാണത്തിനു സമ്മർദം ചെലുത്തുകയാണ് ലിസിയും കൂട്ടുകാരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button