KeralaNews

കോളേജ് അദ്ധ്യാപികയ്ക്ക് ക്രിമിനല്‍ സംഘങ്ങളുമായി ബന്ധം : പൊലീസ് ചികയുന്നു

ആലുവ: വഞ്ചന കേസില്‍ റിമാന്റിലായ കോളേജ് അദ്ധ്യാപിക ഇടപ്പള്ളി വെണ്ണല തൈപ്പറമ്പില്‍ പ്രൊഫ. ആന്‍സി ഈപ്പന്‍ (56)നെതിരെ വേറെയും മൂന്ന് തട്ടിപ്പുകേസുകള്‍ കൂടിയുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഒരു ലക്ഷത്തിലേറെ രൂപ പ്രതിമാസ ശമ്പളമുള്ള അദ്ധ്യാപിക ഇത്തരം തട്ടിപ്പുകളിലേക്ക് തിരിഞ്ഞതിന്റെ കാരണം ചികയുകയാണ് പൊലീസ്. കഴിഞ്ഞ വര്‍ഷം പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പിടിയിലായ അദ്ധ്യാപിക കോടതിയില്‍ നിന്നും ജാമ്യമെടുത്ത ശേഷം പിന്നീട് ഹാജരായിട്ടില്ല.

നിലവില്‍ റിമാന്റിലായ കേസിന് പുറമെ അദ്ധ്യാപികക്കെതിരെ ആലുവ പൊലീസില്‍ മറ്റൊരു കേസ് കൂടിയുണ്ട്. കാലടി സ്റ്റേഷനിലും കേസുണ്ട്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കബളിപ്പിക്കല്‍ കേസുകളാണ് ഇവയെല്ലാം. പരിചയക്കാരെ ജാമ്യം നിറുത്തി ആഡംബര വാഹനങ്ങള്‍ വാങ്ങി മറിച്ചുവിറ്റാണ് തട്ടിപ്പ്. അദ്ധ്യാപികക്കെതിരെ വേറെ കേസുകളുണ്ടെങ്കിലും ഇതൊന്നും പുറം ലോകമറിഞ്ഞിരുന്നില്ല. സഹപ്രവര്‍ത്തകരായ അദ്ധ്യാപികമാര്‍ക്ക് ഈ സംഭവം ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.

ആലുവയിലെ ഒരു പ്രമുഖ കോളേജില്‍ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപികയായ ഇവര്‍ സഹപ്രവര്‍ത്തകരുമായി അടുത്ത് ഇടപെടുന്ന പ്രകൃതക്കാരിയായിരുന്നില്ല. ക്‌ളാസിലും പുറത്തുമെല്ലാം ഇംഗ്‌ളീഷില്‍ മാത്രം സംസാരിക്കുന്നത് വിദ്യാര്‍ത്ഥികളുമായും കൂടുതല്‍ അടുപ്പം ഇല്ലാതാക്കി. സ്വകാര്യ വിശേഷങ്ങള്‍ സഹപ്രവര്‍ത്തകരോട് പോലും പങ്കുവെയ്ക്കാറില്ല. ടീച്ചര്‍ക്ക് പലതരത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് മാത്രമാണ് സൂചനയുണ്ടായിരുന്നത്. സഹപ്രവര്‍ത്തകനായിരുന്ന ഐസക്ക് പോള്‍ എന്ന അദ്ധ്യാപകനായിരുന്നു ഇവരുടെ ഭര്‍ത്താവ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹമോചനം നേടിയ ഈ അദ്ധ്യാപകന്‍ ജോലിയില്‍ നിന്ന് വി.ആര്‍.എസ് എടുത്ത് വിദേശത്തേക്ക് ജോലിക്ക് പോയിരുന്നു.

16 ലക്ഷത്തോളം രൂപ വിലവരുന്ന ആഡംബര വാഹനം വാങ്ങുന്നതിന് ശ്രീരാം ഫൈനാന്‍സിയേഴ്‌സിന് ആലുവ സ്വദേശി ബിനു ജോണ്‍ എന്നയാളുടെ വസ്തുവാണ് അദ്ധ്യാപിക ഈടായി നല്‍കിയിരുന്നത്. മകന്റെ വിവാഹവുമായി ബന്ധപ്പെട്ടാണ് വാഹനം വാങ്ങുന്നതെന്നും വായ്പതുക മുടക്കമില്ലാതെ തിരിച്ചടക്കുമെന്നും ജാമ്യക്കാരന് ഉറപ്പ് നല്‍കി. ഡിസംബര്‍ 26നായിരുന്നു മകന്റെ വിവാഹം. ഒന്നര ലക്ഷം രൂപ അഡ്വാന്‍സ് നല്‍കി കഴിഞ്ഞ ഡിസംബറില്‍ വാഹനം വാങ്ങി. എന്നാല്‍, വായ്പതുക തിരിച്ചടക്കാതിരുന്നതിനെ തുടര്‍ന്ന് വസ്തു ഈടായി നല്‍കിയ ബിനു ജോണിന് ഫൈനാന്‍സ് സ്ഥാപനം ജപ്തി നോട്ടീസ് അയച്ചപ്പോഴാണ് വായ്പ തുക തിരിച്ചടക്കുന്നില്ലെന്ന വിവരറിഞ്ഞത്. ഇതേതുടര്‍ന്ന്, അദ്ധ്യാപിക ഒളിവില്‍ പോയി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചില്ല. എന്നിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകാതെ ഒളിവില്‍ കഴിഞ്ഞ പ്രതിയെ കുറിച്ച് ഡിവൈ.എസ്.പി വൈ.ആര്‍. റസ്റ്റത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്.ഐ ഹണി കെ. ദാസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. വാഹനം വാങ്ങി ഒരു മാസം പിന്നിട്ടപ്പോഴേക്കും ജാമ്യക്കാരനെ പോലും അറിയിക്കാതെ കണ്ണൂര്‍ സ്വദേശിക്ക് വാഹനം മറിച്ചുവിറ്റു. കണ്ണൂര്‍ സ്വദേശി ഇത് പാലക്കാടുകാരനും മറിച്ചുവിറ്റിരുന്നു. വാഹനങ്ങള്‍ പൊളിച്ചുവില്‍ക്കാനെന്ന വ്യാജേന പഴയ വാഹനങ്ങള്‍ വാങ്ങി ക്രിമിനല്‍ സംഘങ്ങള്‍ക്ക് നല്‍കുന്നതില്‍ അദ്ധ്യാപികയ്ക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.കാക്കനാട് സ്വദേശിയായ വാഹന ബ്രോക്കറാണ് അദ്ധ്യാപികയ്ക്ക് തട്ടിപ്പിനാവശ്യമായ സൗകര്യം ചെയ്ത് നല്‍കിയതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇയാള്‍ക്കായുള്ള പൊലീസ് അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. അന്വേഷണ സംഘത്തില്‍ എ.എസ്.ഐ അബ്ദുള്‍ കരീം, അബ്ദുള്‍ ഖാദര്‍, ഷൈജാ ജോര്‍ജ്ജ് എന്നിവരുമുണ്ടായിരുന്നു. ആലുവ കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് കാക്കനാട് വനിതാ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button